ഫ്‌ളിപ്കാര്‍ട്ടിലൂടെ അഞ്ച് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ
വ്യക്തിഗത വായ്പാ രംഗത്തേക്ക് ഫ്‌ളിപ്കാര്‍ട്ടും. ഫ്‌ളിപ്കാര്‍ട്ട് 'ബൈ നൗ പേ ലേറ്റര്‍' സൗകര്യം കൂടാതെ ഉപയോക്താക്കള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കാന്‍ ആക്‌സിസ് ബാങ്കുമായി കൈകോര്‍ത്താണ് ഫ്‌ളിപ്കാര്‍ട്ട് പുതിയ സൗകര്യം അവതരിപ്പിച്ചത്.
5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റല്‍ വായ്പകളാണ് നല്‍കുക. ഇതിനായി ഫ്‌ളിപ്കാര്‍ട്ടിലൂടെ 30 സെക്കൻഡിനുള്ളില്‍ പ്രോസസിംഗ് നടക്കുമെന്നും ബാങ്ക് അറിയിച്ചു.
വായ്പകള്‍ക്ക് 6 മുതല്‍ 36 മാസം വരെയായിരിക്കും തിരിച്ചടവ് കാലാവധി. ഫ്ലിപ്കാർട്ടിന്റെ കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കും. ലോണ്‍ സൗകര്യം നേടാന്‍ ആക്‌സിസ് ബാങ്കില്‍ ഇതിനായി പ്രത്യേകം അക്കൗണ്ട് തുറക്കേണ്ടതില്ല.
ഉപയോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ് ആക്‌സിസ് ബാങ്കുമായുളള സഹകരണത്തില്‍ പേഴ്‌സണല്‍ ലോണുകള്‍ അവതരിപ്പിച്ചു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് ഫിന്‍ടെക് ആൻഡ് പെയ്‌മെന്റ്‌സ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ധീരജ് അനേജ പറഞ്ഞു. സമഗ്ര സാമ്പത്തിക സേവനങ്ങള്‍ക്കൊപ്പം നവീന മാതൃകകള്‍ അവതരിപ്പിക്കുന്നതാണ് ആക്‌സിസ് ബാങ്കിന്റെ ലക്ഷ്യമെന്ന് ഡിജിറ്റല്‍ ബിസിനസ് ആൻഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മേധാവിയും പ്രസിഡന്റുമായ സമീര്‍ ഷെട്ടി പറഞ്ഞു.