

ആദായനികുതി വകുപ്പ് നിലവിലുള്ള പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) അപേക്ഷാ ഫോമുകൾ മാറ്റി പകരം നാല് പുതിയ പ്രത്യേക ഫോമുകൾ അവതരിപ്പിച്ചു. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ രീതി അപേക്ഷാ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമുള്ളതാക്കാൻ ലക്ഷ്യമിടുന്നു. നേരത്തെ ഇന്ത്യൻ പൗരന്മാർക്ക് ഫോം 49A എന്നും പ്രവാസികൾക്കും വിദേശ സ്ഥാപനങ്ങൾക്കും ഫോം 49AA എന്നുമായിരുന്നു നിശ്ചയിച്ചിരുന്നത്.
പുതിയ ഫോമുകൾ താഴെ പറയുന്നവയാണ്:
ഫോം 93: ഇന്ത്യയിലെ താമസക്കാരായ വ്യക്തികൾക്ക്.
ഫോം 94: ഇന്ത്യൻ കമ്പനികൾക്കും ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും.
ഫോം 95: വിദേശ വ്യക്തികൾക്ക്.
ഫോം 96: വിദേശത്ത് രജിസ്റ്റർ ചെയ്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും.
അപേക്ഷയിലെ അനാവശ്യമായ വിവരങ്ങളും ആവർത്തനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പേരിലെ ചുരുക്കെഴുത്തുകൾ, കെവൈസി (KYC) സംബന്ധമായ ചില വിവരങ്ങൾ എന്നിവ ഇനി നൽകേണ്ടതില്ല. പകരം, അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാനും നോട്ടിഫിക്കേഷനുകൾ നേരിട്ട് ലഭിക്കാനും അപേക്ഷകന്റെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുന്നത് നിർബന്ധമാക്കി. തിരിച്ചറിയൽ കൂടുതൽ വ്യക്തമാക്കാൻ വലിയ ഫോട്ടോകളും പുതിയ ഫോമിൽ ആവശ്യമാണ്.
ഇന്ത്യയിലെ വ്യക്തിഗത അപേക്ഷകർ ആധാർ കാർഡിലുള്ളതുപോലെ പൂർണരൂപത്തിലുള്ള പേര് തന്നെ നൽകണം. കൂടാതെ, മുൻപ് നിർബന്ധമല്ലാതിരുന്ന അമ്മയുടെ പേര് ഇനി മുതൽ അപേക്ഷയിൽ നിർബന്ധമാണ്. പ്രവാസികൾ (NRIs/RNOR) പാസ്‌പോർട്ട് വിവരങ്ങളും ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പറും (TIN) അപേക്ഷയ്ക്കൊപ്പം നൽകേണ്ടതുണ്ട്. പാൻ കാർഡിലെ തിരുത്തലുകൾക്കായി വ്യക്തികൾക്കും കമ്പനികൾക്കും വെവ്വേറെ ലളിതമായ ഫോമുകളും ആദായനികുതി വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine