ജെന്‍സിയ്ക്കും മഞ്ഞലോഹത്തിനോടാണ് പ്രേമം, മ്യൂച്വല്‍ ഫണ്ടിനേക്കാളും ഓഹരിയേക്കാളും പ്രാധാന്യം നല്‍കാന്‍ വ്യക്തമായ കാരണങ്ങള്‍

സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സ്വര്‍ണ നിക്ഷേപത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതെന്ന രസകരമായ കണ്ടെത്തലും പഠനത്തിലുണ്ട്
gen z people looking at gold
Image created with gemini
Published on

നിക്ഷേപ കാര്യങ്ങളില്‍ പഴയ തലമുറയെപ്പോലെ തന്നെ സ്വര്‍ണത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ യുവതലമുറയെന്ന് പുതിയ പഠനം. ഇന്ത്യയിലെ ജെന്‍സിയും (Gen Z) മില്ലേനിയലുകളും (Millennials) ഓഹരി വിപണിയേക്കാളും മ്യൂച്വല്‍ ഫണ്ടുകളേക്കാളും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നുവെന്ന് 'സേഫ്ഗോള്‍ഡ്' (SafeGold) പുറത്തുവിട്ട 'ഇന്ത്യന്‍ ഗോള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് റിപ്പോര്‍ട്ട് 2025' വ്യക്തമാക്കുന്നു.

പുതുമാര്‍ഗങ്ങളിലൂടെ സ്വര്‍ണത്തിലേക്ക്‌

സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം യുവാക്കളും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണത്തെ തിരഞ്ഞെടുത്തു. അതേസമയം 32 ശതമാനം പേര്‍ മ്യൂച്വല്‍ ഫണ്ടുകളെയും 25 ശതമാനം പേര്‍ ഓഹരി വിപണിയെയും പിന്തുണച്ചു.

സ്വര്‍ണം വാങ്ങുന്നവരില്‍ 62 ശതമാനം പേരും 5 ഗ്രാമില്‍ താഴെയുള്ള അളവിലാണ് നിക്ഷേപം നടത്തുന്നത്. വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം ചെറിയ അളവില്‍ സ്വര്‍ണം ശേഖരിക്കാനാണ് യുവതലമുറ താല്‍പ്പര്യപ്പെടുന്നത്. നിക്ഷേപമെന്ന നിലയില്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ക്കും കോയിനുകള്‍ക്കുമാണ് (Bullion) പുതുതലമുറ മുന്‍ഗണന നല്‍കുന്നത്.

പത്ത് രൂപയ്ക്ക് പോലും സ്വര്‍ണം വാങ്ങാമെന്ന സൗകര്യമുള്ളതിനാല്‍ ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമുകള്‍ യുവാക്കള്‍ക്കിടയില്‍ വന്‍ പ്രചാരം നേടുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരാണ്.

എന്തുകൊണ്ട് സ്വര്‍ണം?

വിപണിയിലെ അനിശ്ചിതത്വങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനൊപ്പം എളുപ്പത്തില്‍ പണമാക്കി മാറ്റാം (Liquidity) എന്നതാണ് സ്വര്‍ണത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പലരും സ്വര്‍ണം വാങ്ങുന്നത്. നിക്ഷേപകരില്‍ 70 ശതമാനം പേരും വരും വര്‍ഷങ്ങളില്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്ന് വിശ്വസിക്കുന്നവരാണ്.

സ്വര്‍ണം വാങ്ങുന്നത് കുടുംബത്തിന്റെ സമ്മര്‍ദ്ദം കൊണ്ടല്ല, മറിച്ച് സ്വന്തം താല്‍പ്പര്യപ്രകാരമാണെന്ന് 66.7% പേരും അഭിപ്രായപ്പെട്ടു.

ഇന്ന് 25,000 രൂപ നിക്ഷേപിക്കാന്‍ ലഭിച്ചാല്‍ 61.9% പേരും തിരഞ്ഞെടുക്കുന്നത് സ്വര്‍ണമാണ്. നിക്ഷേപ രംഗത്തെ മറ്റ് പ്രമുഖരായ മ്യൂച്വല്‍ ഫണ്ടുകള്‍ (16.6%), ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ (13%), ഓഹരി വിപണി (6.6%), ക്രിപ്റ്റോ കറന്‍സി (1.9%) എന്നിവയേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്വര്‍ണത്തിന്റെ സ്ഥാനം.

സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സ്വര്‍ണ നിക്ഷേപത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതെന്ന രസകരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും സമ്പാദ്യം വളര്‍ത്തുന്നതിനും സ്വര്‍ണം ഒരു മികച്ച ഉപാധിയായി മാറിക്കഴിഞ്ഞുവെന്ന് സേഫ്ഗോള്‍ഡ് സി.ഇ.ഒ ഗൗരവ് ഖന്ന ചൂണ്ടിക്കാട്ടുന്നു.

വീട്ടിലെ അവസാനത്തെ സ്വര്‍ണ ഇടപാട് നടത്തിയത് തങ്ങള്‍ നേരിട്ടാണെന്ന് 42.3% പേര്‍ പറഞ്ഞപ്പോള്‍, മാതാപിതാക്കളോ മുതിര്‍ന്നവരോ ആണ് ഇതിന് മുന്‍കൈ എടുത്തതെന്ന് 40% പേര്‍ വ്യക്തമാക്കി.

സര്‍വേയില്‍ പങ്കെടുത്ത 24.3 ശതമാനം പേരും ആദ്യ ശമ്പളമോ വ്യക്തിഗത വരുമാനമോ ലഭിച്ചപ്പോഴാണ് ആദ്യമായി സ്വര്‍ം വാങ്ങിയത്. അതേസമയം, കൃത്യമായ ഒരു നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്ന് 23.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com