ഓഹരിയിന്മേല്‍ വായ്പ നല്‍കാന്‍ ജിയോജിത് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം ആരംഭിച്ചു

ജിയോജിത് ക്രെഡിറ്റ്‌സ് ഓഹരിയിന്മേല്‍ വായ്പ നല്‍കാനുള്ള ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം ആരംഭിച്ചു. രാജ്യത്തെ മുന്‍നിര നിക്ഷേപ സേവനദാതാക്കളായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉപ സ്ഥാപനമാണ് ജിയോജിത് ക്രെഡിറ്റ്‌സ്. ഇതോടെ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയുടെ (NSDL) അക്കൗണ്ടുടമകള്‍ക്ക് ഓഹരികളുടെ ജാമ്യത്തില്‍ പൂര്‍ണമായും ഡിജിറ്റലായി വായ്പ നല്‍കുന്ന (LAS) രാജ്യത്തെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ജിയോജിത് ക്രെഡിറ്റ്‌സ്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എന്‍എസ്ഡിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പത്മജാ ചുന്ദുരു പ്‌ളാറ്റ്‌ഫോമിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി ജെ ജോര്‍ജ്ജ്, ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന്‍, എന്‍എസ്ഡിഎല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രശാന്ത് വാഗല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇന്‍സ്റ്റാ ഡിമാറ്റ് അക്കൗണ്ട്, ഡിമാറ്റ് ഗേറ്റ്‌വേ തുടങ്ങി അനേകം സാങ്കേതിക പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കള്‍ക്കായി സമീപ കാലത്ത് എന്‍എസ്ഡിഎല്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പ്‌ളാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പത്മജ ചുന്ദുരു പറഞ്ഞു. കൂടുതല്‍ നിക്ഷേപത്തിനോ അടിയന്തര വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ നിക്ഷേപകര്‍ക്ക് ഉടന്‍ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരികളുടെ പണയത്തില്‍ വായ്പ നല്‍കുന്ന ഡിജിറ്റല്‍ എല്‍എഎസ് പദ്ധതി രൂപ കല്‍പന ചെയ്തത്. ഡിമാറ്റ് അക്കൗണ്ടുടമയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഓഹരി പണയ അപേക്ഷ സമര്‍പ്പിക്കാന്‍ ഡിജിറ്റല്‍ എല്‍എഎസ് സംവിധാനത്തിലൂടെ കഴിയും. നൂതനാശയങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍പന്തിയിലുള്ള, രാജ്യത്തെ ഏറ്റവും ജനപ്രിയ നിക്ഷേപ സേവന സ്ഥാപനങ്ങളിലൊന്നായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്‍എസ്ഡിഎല്‍ ഡിജിറ്റല്‍ എല്‍എഎസിലൂടെ ഓഹരിപണയ വായ്പ തരപ്പെടുത്തുന്നു എന്നതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു.
https://loans.geojitcredits.com എന്ന പേരിലുള്ള ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമിലൂടെ ഓഹരികള്‍ പണയം വെച്ച് ഇഷ്ടമുള്ള പദ്ധതിയില്‍ അപേക്ഷിക്കാനും നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാനും കഴിയും. ഡിജിറ്റല്‍ ഒപ്പു സഹിതം അപേക്ഷ അംഗീകരിക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിച്ചേരും. ഉപയോഗിക്കുന്ന പണത്തിനു മാത്രമേ പലിശ ഈടാക്കൂ. എല്‍എഎസ് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമിലൂടെ പരമാവധി പണം ലഭ്യമാവും. സൗകര്യപ്രദമായ രീതിയില്‍ തിരിച്ചടയ്ക്കാം. ചില പ്രത്യേക പദ്ധതികള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കും ജിയോജിത് ക്രെഡിറ്റ്‌സ് വാഗ്ദാനം ചെയ്യുന്നു.
2021 ഒക്ടോബറിലെ കണക്കനുസരിച്ച് എല്‍എഎസ് വിപണി 55,300 കോടിയോളം രൂപയുടേതാണ്. ഇത് പ്രതിവര്‍ഷം 23-25 ശതമാനം വളര്‍ന്നു കൊണ്ടിരിക്കയാണെന്നും ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവേ ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി ജെ ജോര്‍ജ് പറഞ്ഞു. നീണ്ടു പോകുന്ന കടലാസു പണികള്‍ പലപ്പോഴും ഇത്തരം വായ്പകള്‍ അനുവദിച്ചു കിട്ടുന്നതില്‍ കാലതാമസം ഉണ്ടാക്കുകയും ആളുകളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യാറുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍എഎസ് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം ആരംഭിച്ചതോടെ ദിവസങ്ങള്‍ നീളുന്ന കടലാസു പണികള്‍ നിമിഷങ്ങള്‍ക്കക്കം പൂര്‍ത്തിയാക്കി പണം നല്‍കാന്‍ ജിയോജിതിനു കഴിയും. വായ്പ വാങ്ങാന്‍ കടലാസില്‍ ഒപ്പിടേണ്ട കാര്യവുമില്ല. എന്‍എസ്ഡിഎല്ലുമായി കൈകോര്‍ത്തതിനാല്‍ ഇത്തരം കടമ്പകള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം, അദ്ദേഹം വ്യക്തമാക്കി.
ഓഹരികള്‍ പണയം വെച്ച് വായ്പ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടപാടുകാരുടെ ഡിമാറ്റ് അക്കൗണ്ടില്‍ ആവശ്യമായത്ര ഓഹരികളുണ്ടായിരിക്കണം. അവരുടെ സിബില്‍ സ്‌കോറും തൃപ്തികരമാവണം. എന്‍എസ്ഡിഎല്ലില്‍ ഡിമാറ്റ് അക്കൗണ്ടുള്ള ജിയോജിത് ഇടപാടുകാരല്ലാത്തവര്‍ക്കും അവരുടെ ഓഹരി ബ്രോക്കര്‍മാരുടെ സേവനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലൂടെ എല്‍എഎസ് വായ്്പ വാങ്ങാന്‍ കഴിയും.
എന്‍എസ്ഡിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരു ഉപഭോക്താവിനും അവരുടെ ഓഹരികളുടെ പണയത്തില്‍ വായ്പ നല്‍കുന്ന ആദ്യ കമ്പനിയാണ് ജിയോജിത് ക്രെഡിറ്റ്‌സെന്ന് കമ്പനി ബിസിനസ് ഹെഡ് ബിജോയ് അന്ത്രപ്പേര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി അതിവേഗം പണം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ എല്‍എഎസ് സംവിധാനം സഹായകരമാണ്. നേരത്തേ ഓഹരികള്‍ പണയം വെക്കുന്നതിന് ഇരുപതിലധികം ഒപ്പുകള്‍ ഇടേണ്ടിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലൂടെ 20 മിനിട്ടിനകം പണം കൈപ്പറ്റാം. അദ്ദേഹം വിശദീകരിച്ചു.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്‌നോളജി വിഭാഗമായ ജിയോജിത് ടെക്‌നോളജീസും എന്‍എസ്ഡിഎല്ലും ചേര്‍ന്നാണ് എല്‍എഎസ് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചത്.
Related Articles
Next Story
Videos
Share it