പ്രവാസികള്‍ക്ക് ഗിഫ്റ്റ് സിറ്റി പുതിയ ആകര്‍ഷണ കേന്ദ്രം, ഗള്‍ഫുകാര്‍ക്ക് ഇരട്ട നേട്ടം; ഡോളര്‍ സേവിങ്‌സില്‍ പലിശ 4.75% വരെ

ഇന്ത്യയില്‍ നികുതിയില്ലാതെ ഡോളറില്‍ തന്നെ നിക്ഷേപിച്ച് 4.75% വരെ സ്ഥിരമായ പലിശ നേടാനുള്ള അവസരമാണ് ഗിഫ്റ്റ് സിറ്റി പ്രവാസികള്‍ക്കായി തുറന്നിടുന്നത്. ആഗോള ബാങ്കിംഗ് വിപണിയില്‍ പോലും മറികടക്കാന്‍ പ്രയാസമുള്ള നേട്ടം
Gift City
Published on

വിദേശ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് (NRI) ഗിഫ്റ്റ് സിറ്റി (GIFT City International Financial Services Centre -IFSC) ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും ആകര്‍ഷകമായ സേവിങ്സ്, ഫിക്സഡ് ഡെപ്പോസിറ്റ് കേന്ദ്രമായി.

ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കുകളുടെ ഡാറ്റ പ്രകാരം, യുഎസ് ഡോളര്‍ സേവിങ്സ് അക്കൗണ്ടുകളില്‍ 4.75% വരെ പലിശ ലഭിക്കുന്നുണ്ട്. ഒരു വര്‍ഷത്തെ ഡോളര്‍ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് 4.5% വരെയും, മൂന്ന് വര്‍ഷ കാലാവധിയുള്ള ഡെപ്പോസിറ്റുകള്‍ക്ക് 4%നു മുകളില്‍ പലിശയും ചില ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

നികുതിയില്ലാ പലിശ വലിയ ആകര്‍ഷണം

ഗിഫ്റ്റ് സിറ്റി ഐ.എഫ്.എസ്.സി നിക്ഷേപങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത പലിശ വരുമാനത്തിന് ഇന്ത്യയില്‍ നികുതിയില്ലെന്നതാണ്. ഉറവിടത്തില്‍ കുറക്കുന്ന നികുതി (TDS) ഇല്ല. ഇന്ത്യന്‍ വരുമാന നികുതി ബാധകമല്ല.

IFSC യൂണിറ്റുകളില്‍ NRIകള്‍ നടത്തുന്ന വിദേശ കറന്‍സി നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനം ഇന്ത്യയില്‍ പൂര്‍ണമായും നികുതി ഒഴിവാക്കപ്പെട്ടതാണ്. സാധാരണ ഇന്ത്യന്‍ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ ബാധകമായ നികുതി നിയമങ്ങള്‍ ഇവിടെ ബാധകമല്ല.

രൂപയുടെ റിസ്‌ക് ഇല്ല, ഡോളറില്‍ തന്നെ നിക്ഷേപം

ഈ നിക്ഷേപങ്ങള്‍ യുഎസ് ഡോളറില്‍ തന്നെയായതിനാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച (INR depreciation) എന്ന അപകടസാധ്യതയും ഒഴിവാക്കാം. സാധാരണ രൂപ ഡെപ്പോസിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, കറന്‍സി മാറ്റം മൂലമുള്ള നഷ്ടഭീതി ഇവിടെ ഇല്ല.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇരട്ട നേട്ടം

യുഎഇ പോലുള്ള സീറോ-ടാക്സ് രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഗിഫ്റ്റ് സിറ്റി നിക്ഷേപങ്ങള്‍ പ്രത്യേക ഗുണം നല്‍കുന്നു. ഇന്ത്യയില്‍ നികുതിയില്ലാത്തതിനൊപ്പം, താമസിക്കുന്ന രാജ്യത്തും നികുതി ബാധ്യത ഇല്ലെങ്കില്‍, ലഭിക്കുന്ന പലിശയുടെ 100% കൈവശം വെക്കാന്‍ സാധിക്കും. ഇത് ആഗോളതലത്തില്‍ പോലും അപൂര്‍വമായൊരു നേട്ടമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള ബാങ്കുകളുമായി മത്സരം

അമേരിക്കയിലെയും യൂറോപ്പിലെയും പല പ്രമുഖ ബാങ്കുകളിലും ഡോളര്‍ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ പലപ്പോഴും 3-4 ശതമാനമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍, ഗിഫ്റ്റ് സിറ്റിയിലെ 4.75% സേവിങ്സ് പലിശയും 4.5% ഫിക്സഡ് ഡെപ്പോസിറ്റ് പലിശയും ഏറെ ആകര്‍ഷകം.

എന്തെല്ലാം ശ്രദ്ധിക്കണം?

  • ഈ നിക്ഷേപങ്ങള്‍ NRIകള്‍ക്കായി മാത്രമാണ്; റസിഡന്റ് ഇന്ത്യക്കാര്‍ക്ക് ഇതേ നിബന്ധനകളില്‍ ലഭ്യമല്ല

  • നിക്ഷേപിക്കുന്നതിന് മുമ്പ്, താമസിക്കുന്ന രാജ്യത്തെ നികുതി നിയമങ്ങള്‍ പരിശോധിക്കണം

  • IFSC ബാങ്കിംഗ് യൂണിറ്റുകള്‍ പ്രത്യേക റെഗുലേറ്ററി സംവിധാനത്തിലായതിനാല്‍, നിബന്ധനകള്‍ ബാങ്ക് തലത്തില്‍ വ്യത്യസ്തമായേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com