വിദേശത്ത് ജോലിക്ക്‌ പോകുന്നുവോ? നിങ്ങളുടെ ഇ.പി.എഫ് അക്കൗണ്ടിന് സംഭവിക്കുന്നത് ഇതാണ്

രാജ്യം വിടുന്നതിന് മുമ്പ് EPF കാര്യങ്ങള്‍ വ്യക്തമായി തീര്‍ക്കുന്നത് ഭാവിയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും
EPF
EPF
Published on

വിദേശത്ത് ജോലി നേടുന്ന നിരവധി ഇന്ത്യക്കാര്‍ അവഗണിച്ചു കളയുന്ന ഒരു പ്രധാന കാര്യമുണ്ട്: ഇന്ത്യയിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിന് പിന്നെ എന്താകും സംഭവിക്കുക? ജോലി രാജിവെച്ച് രാജ്യം വിടുമ്പോള്‍ EPF അക്കൗണ്ട് താനേ ക്ലോസാവില്ല. കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാത്ത പക്ഷം പിന്നീട് നികുതി ബാധ്യതകളും രേഖാപരമായ പ്രശ്‌നങ്ങളും നേരിടേണ്ടി വരുകയും ചെയ്യും.

EPF സംവിധാനം നിയന്ത്രിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (Employees' Provident Fund Organisation -EPFO) ആണ്. ജോലി അവസാനിച്ചാലും EPF അക്കൗണ്ട് നിലനില്‍ക്കും. നിങ്ങളുടെ സംഭാവനയും തൊഴിലുടമയുടെ സംഭാവനയും നിലയ്ക്കും. പക്ഷേ അക്കൗണ്ടില്‍ പലിശ ലഭിക്കുന്നത് തുടരും.

എന്നാല്‍ ദീര്‍ഘകാലം സംഭാവനകളില്ലാതെ അക്കൗണ്ട് നിലനില്‍ക്കുകയാണെങ്കില്‍ അത് 'പ്രവര്‍ത്തന രഹിതമായി മാറാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് പണം പിന്‍വലിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കും.

യാത്ര താല്‍ക്കാലികമോ സ്ഥിരമോ?

ഒരിടവേളയ്ക്കായി മാത്രമാണ് വിദേശത്ത് പോകുന്നതെങ്കില്‍, EPF അക്കൗണ്ട് തുടരാന്‍ വിടുന്നത് നല്ലതാണ്. ഇന്ത്യയിലേക്ക് തിരിച്ചുവന്ന് വീണ്ടും ജോലി തുടങ്ങുമ്പോള്‍, നിലവിലുള്ള UAN (Universal Account Number) ഉപയോഗിച്ച് അക്കൗണ്ട് വീണ്ടും സജീവമാക്കാം.

പുറപ്പെടുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍: ആധാര്‍, PAN, ബാങ്ക് വിവരങ്ങള്‍ EPFO പോര്‍ട്ടലില്‍ പുതുക്കുക. എക്‌സിറ്റ് തീയതി ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. EPF പാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

സ്ഥിരമായി വിദേശത്ത് താമസിക്കാനാണോ?

ഇന്ത്യയില്‍ ഇനി ജോലി ചെയ്യാന്‍ സാധ്യതയില്ലെങ്കില്‍, EPF പൂര്‍ണമായി പിന്‍വലിക്കാം. തൊഴില്‍ അവസാനിച്ച് രണ്ടു മാസത്തിന് ശേഷം മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നു. വിദേശത്തേക്ക് കുടിയേറുന്നതും ഈ മാനദണ്ഡത്തില്‍പ്പെടും.

എന്നാല്‍ ഇവിടെ നികുതി കാര്യങ്ങള്‍ ശ്രദ്ധിക്കണം: അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ നികുതി ബാധ്യത ഉണ്ടാകും. തൊഴിലുടമയുടെ സംഭാവനയും പലിശയും വരുമാനമായി കണക്കാക്കി നികുതി ചുമത്തും. അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍, പിന്‍വലിക്കല്‍ ഇന്ത്യയില്‍ നികുതിയില്ലാതെ ലഭിക്കും.

വിദേശ നികുതി നിയമങ്ങള്‍ പുറമെ

വിദേശ രാജ്യങ്ങളില്‍ താമസിക്കുമ്പോള്‍ അവിടുത്തെ നികുതി നിയമങ്ങളും ബാധകമാകും. ചില രാജ്യങ്ങളില്‍ EPF തുക വിദേശ വിരമിക്കല്‍ ഫണ്ടായി പരിഗണിക്കപ്പെടില്ല. അതിനാല്‍ ഇന്ത്യയില്‍ നികുതി ഒഴിവുണ്ടെങ്കിലും, താമസിക്കുന്ന രാജ്യത്ത് നികുതി ചുമത്തപ്പെടാം. വിദേശത്തേക്ക് കുടിയേറുന്നവര്‍ അന്താരാഷ്ട്ര നികുതി വിദഗ്ധരുമായി ആലോചിക്കുന്നത് സുരക്ഷിതമാണ്.

സാധാരണ കാണുന്ന പിഴവുകള്‍

വിദേശത്ത് പോയതിന് ശേഷം EPF പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പലരും നേരിടുന്നത് രേഖാപരമായ പിശകുകളാണ്. പഴയ ബാങ്ക് അക്കൗണ്ട്, ആധാര്‍-EPF പേരില്‍ പൊരുത്തക്കേട്, എക്‌സിറ്റ് തീയതി രേഖപ്പെടുത്തിയിട്ടില്ല, ഒന്നിലധികം UAN നമ്പറുകള്‍... ഈ ചെറിയ പിഴവുകള്‍ പോലും വിദേശത്തു നിന്ന് പരിഹരിക്കാന്‍ ബുദ്ധിമുട്ടാകും.

EPF തുക നേരിട്ട് വിദേശ വിരമിക്കല്‍ ഫണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കില്ല. പിന്‍വലിച്ചാല്‍ അത് പൂര്‍ണമായും പുതിയ നിക്ഷേപമായി കണക്കാക്കപ്പെടും.

വിദേശത്ത് ജോലി പോകുന്നത് വലിയ ജീവിതമാറ്റമാണ്. പക്ഷേ EPF പോലുള്ള സാമ്പത്തിക സുരക്ഷാ സംവിധാനങ്ങളെ അവഗണിക്കരുത്. രാജ്യം വിടുന്നതിന് മുമ്പ് EPF കാര്യങ്ങള്‍ വ്യക്തമായി തീര്‍ക്കുന്നത് ഭാവിയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

വിദേശയാത്രയ്ക്ക് പാസ്പോര്‍ട്ട്, വിസ എന്നിവ പോലെ തന്നെ - EPF കാര്യങ്ങളും തയാറാക്കി വെക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com