സ്വര്‍ണാഭരണങ്ങളിലെ ഹോള്‍മാര്‍ക്കിംഗ് നിലവില്‍ വരുമ്പോള്‍ മാറ്റ് കുറഞ്ഞ സ്വര്‍ണത്തിന് എന്ത് സംഭവിക്കും?

ഇന്നുമുതല്‍ സ്വര്‍ണാഭരണങ്ങളിലെ ഹോള്‍മാര്‍ക്കിംഗ് കര്‍ശനമാകുമ്പോള്‍ ചെറുകിട വ്യാപാരികളും ഉപഭോക്താക്കളും അത്യാവശ്യം അറിയേണ്ട കാര്യങ്ങള്‍.
സ്വര്‍ണാഭരണങ്ങളിലെ ഹോള്‍മാര്‍ക്കിംഗ് നിലവില്‍ വരുമ്പോള്‍ മാറ്റ് കുറഞ്ഞ സ്വര്‍ണത്തിന് എന്ത് സംഭവിക്കും?
Published on

ബിഐഎസ് ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണമോ വെള്ളിയോ രാജ്യത്ത് വില്‍ക്കരുതെന്ന കേന്ദ്ര നിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വരും. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം 2020 ജനുവരി 14ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പഞ്ചാത്തലത്തില്‍ പല തവണ ഈ തീയതി നീട്ടി നല്‍കിയതാണ്. ജൂവല്‍റികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) ല്‍ രജിസ്റ്റര്‍ ചെയ്യാനും പഴയ സ്റ്റോക്ക് വിറ്റഴിക്കാനാണ് നിര്‍ദേശം.

സ്വര്‍ണാഭരണങ്ങളിലെ ഹോള്‍മാര്‍ക്കിംഗ് - വ്യാപാരികള്‍ അറിയേണ്ടത് :

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) അംഗീകാരമുള്ള അസ്സേയിംഗ് ആന്‍ഡ് ഹോള്‍മാര്‍ക്കിംഗ് സെന്ററുകള്‍ (എഎച്ച്‌സി) നല്‍കുന്ന പരിശുദ്ധിയുടെ സര്‍ട്ടിഫിക്കേഷനാണ് ബിഐഎസ് ഹോള്‍മാര്‍ക്ക്. ഇതില്ലാതെ ഇനി മുതല്‍ പുതിയ സ്റ്റോക്കുകള്‍ ജ്വല്ലറികളില്‍ സൂക്ഷിക്കാനോ വില്‍ക്കാനോ പാടില്ല. പഴയ സ്വര്‍ണാഭരണ സ്റ്റോക്കുകള്‍ പിരശുദ്ധമെങ്കില്‍ ഹോള്‍മാര്‍ക്കിംഗിന് സമര്‍പ്പിക്കാം. എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്.

അഞ്ച് സീലുകള്‍ ചേര്‍ന്നതാണ് ബിഐഎസ് ഹോള്‍മാര്‍ക്ക് അടയാളം. എന്തൊക്കെയാണ് ഇതില്‍ അടങ്ങിയിട്ടുണ്ടാകേണ്ടത് എന്ന് നോക്കാം.

1. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ ചുരുക്കെഴുത്താണ് ബിഐഎസ് എന്ന ലോഗോ.

2. സ്വര്‍ണത്തിന്റെ പരിശുദ്ധി കാണിക്കുന്ന അടയാളം. അതായത് 22 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 916 എന്നും നവരത്‌ന ആഭരണങ്ങള്‍ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 875 എന്നും 18 കാരറ്റ് ആണെങ്കില്‍ 750 എന്നും ഉണ്ടാകും.

3. ഗവണ്‍മെന്റ് അംഗീകരിച്ച അതതു ജില്ലയിലെ ഹോള്‍മാര്‍ക്കിംഗ് സെന്റിന്റെ ചിഹ്നം.

4. ആഭരണമെടുത്ത ജ്വല്ലറിയുടെ ലോഗോ അല്ലെങ്കില്‍ ചുരുക്കെഴുത്ത്.

5. ഹോള്‍മാര്‍ക്ക് ചെയ്ത വര്‍ഷത്തെ കാണിക്കുന്ന ഇംഗ്ലീഷ് ആല്‍ഫബെറ്റ് അതായത് രണ്ടായിരത്തിലാണ് ഹോള്‍മാര്‍ക്കിംഗ് ചെയ്തു തുടങ്ങിയത്. 2000-ത്തിനെ A എന്ന ലെറ്റര്‍ കൊണ്ടാണ് പ്രതിനിധീകരിക്കുക, 2001-ന് B, 2002ന് ഇ എന്നിങ്ങനെ രേഖപ്പെടുത്തിയിരി

14 കാരറ്റ,് 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു സ്റ്റാന്‍ഡേര്‍ഡുകളിലായാണ് ഹാള്‍ മാര്‍ക്കിംഗ് അനുവദിക്കുക.

ഹാള്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ എങ്ങിനെ നേടാം ?

ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ വില്‍ക്കുന്നതിനുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു ജൂവല്‍റിയും ചുവടെ പറഞ്ഞിരിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം അപേക്ഷ ബി.ഐ.എസിന്റെ ബ്രാഞ്ച് ഓഫീസില്‍ സമര്‍പ്പിക്കണം. ആവശ്യമായ മുഴുവന്‍ രേഖകളും നിശ്ചിത ഫീസും അടങ്ങിയ അപേക്ഷ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം ലൈസന്‍സ് അനുവദിക്കും.

ആവശ്യമായ രേഖകള്‍:

നിങ്ങളുടെ ബിസിനസിന്റെ സ്വഭാവത്തിന് അനുസരിച്ച (പ്രൊപ്രൈറ്റര്‍ /പാര്‍ട്ണര്‍ഷിപ്പ് /കമ്പനി /എല്‍ എല്‍ പി ) ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ട്രേഡ് ലൈസന്‍സ്, ജിഎസ്ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്നതിനുള്ള രേഖ (ആധാര്‍, പാസ്പോര്‍ട്ട് തുടങ്ങിയവ), പാന്‍ കാര്‍ഡ്, ഷോറൂമിന്റെ മാപ്പ് ലൊക്കേഷന്‍, പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്ക്, വാര്‍ഷിക വരുമാനം തെളിയിക്കുന്ന യഥാര്‍ത്ഥ രേഖ ( ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ കോപ്പി അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്) എന്നിവയാണ് രജിസ്‌ട്രേഷന് വേണ്ടത്.

രജിസ്‌ട്രേഷന്‍ ഫീസ്:

ബിഐഎസ് ഗൈഡ്‌ലൈന്‍സ് പ്രകാരം അപ്ലിക്കേഷന്‍ ഫീസ് 2000 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവ് അനുസരിച്ചു 7500 മുതല്‍ 80000 രൂപ വരെയുമാണ്.

നിയമം ലംഘിച്ചാല്‍ പിഴ:

ബിഐഎസ് ആക്ടിന്റെ ലംഘനങ്ങള്‍ക്ക് ഒരു ലക്ഷം രൂപമുതല്‍ വില്‍പ്പന നടത്തിയ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെ പിഴ ഈടാക്കാനും ഒരു വര്‍ഷം തടവിനും വ്യവസ്ഥയുണ്ട്.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാറ്റ് കുറഞ്ഞ സ്വര്‍ണം വാങ്ങുമ്പോഴും അതാത് സ്റ്റാന്‍ഡേര്‍ഡ്‌സ് ഹോള്‍മാര്‍ക്കിംഗ് നോക്കി വാങ്ങുക. അതായത് 22 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 916 എന്നും നവരത്‌ന ആഭരണങ്ങള്‍ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 875 എന്നും 18 കാരറ്റ് ആണെങ്കില്‍ 750 എന്നും ഉണ്ടാകും. ഇത് കൃത്യമായി പരിശോധിക്കുക.

ഏതെങ്കിലും ബിഐഎസ് അംഗീകൃത എഎച്ച്സികളില്‍ നിന്ന് നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ ആഭരണങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ഉപഭോക്താക്കളുടെ ആഭരണങ്ങള്‍ ഇത്തരം കേന്ദ്രങ്ങള്‍ സാധാരണയായി പരിശോധിച്ചുകൊടുക്കാറുണ്ട്. ഇതിന് ചാര്‍ജ് ഈടാക്കുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം ജ്വല്ലറിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പോലെ ശരിയായ തിരിച്ചറിയല്‍ രേഖകള്‍ എഎച്ച്സിയും നല്‍കും.

പരിശുദ്ധി കുറവാണെന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് ജ്വല്ലറിയെ സമീപിക്കാവുന്നതാണ്. ഏത് മാറ്റുള്ള സ്വര്‍ണവും എല്ലാ കടകളിലും മാറ്റി വാങ്ങാവുന്നതാണ്. ഇത് നിഷേധിച്ചാല്‍ ഉപഭോക്തൃകോടതിയില്‍ സമീപിക്കുകയും ആവാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com