

ഈ അക്ഷയതൃതീയ ദിനത്തില്‍ നിക്ഷേപകര്‍ എന്തുകൊണ്ട് സ്വര്‍ണത്തില്‍ നിക്ഷേപിക്കണമെന്ന് ചോദിച്ചാല്‍ രണ്ട് കാര്യങ്ങളാണ് എടുത്തു പറയാനുള്ളത്. ഒന്ന് അമേരിക്കയില്‍ വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ നിലനില്‍ക്കുന്നു. രണ്ടാമത്തേത് ആഗോള ഓഹരി വിപണികളിലെ അനിശ്ചിതത്വം. ഈ രണ്ടു കാര്യങ്ങളും സ്വര്‍ണത്തെ അടുത്ത കുറച്ചു കാലത്തേക്ക് ശ്രദ്ധേയമാക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷത്തെ അക്ഷയ തൃതീയ ദിനം മുതല്‍ 18 ശതമാനത്തിലധികം ഉയര്‍ന്ന സ്വര്‍ണവില 10 ഗ്രാമിന് 60,000 രൂപ വരെ കടന്നിരുന്നു. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായാണ് സ്വര്‍ണത്തെ കാണുന്നത്. ഓഹരി വിപണി അസ്ഥിരമാകുമ്പോള്‍ മൂലധനസംരക്ഷണം ഉറപ്പുനല്‍കാനും സ്വര്‍ണം സഹായിക്കുന്നു.
2013 മുതല്‍ ഇതുവരെ നോക്കുകയാണെങ്കില്‍ സ്വര്‍ണവില നേരേ ഇരട്ടിയായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തില്‍ സ്വര്‍ണത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള സംയോജിത നേട്ടം 7.5 ശതമാനമാണ്. നിക്ഷേപ വൈവിധ്യം ഉറപ്പു വരുത്താനും ദീര്‍ഘകാലത്തില്‍ മൂല്യം സംരക്ഷിച്ചു നിര്‍ത്താനും നിക്ഷേപത്തിന്റെ ഒരു ഭാഗം സ്വര്‍ണത്തിലാക്കുന്നത് നല്ലതാണെന്ന് നിക്ഷേപ വിദഗ്ധരുടെ അഭിപ്രായം.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ കുറച്ചു സെഷനുകളിലായി ഓഹരി വിപണിയില്‍ വാങ്ങാലുകരായി നില്‍ക്കുന്നത് വിപണിയെ അസ്ഥിരമാക്കിയേക്കാം. ഇത് സ്വര്‍ണത്തിന് മികച്ച അവസരം നല്‍കുമെന്നും 12 ശതമാനം വരെ നേട്ടം നല്‍കിയേക്കാമെന്നും നിക്ഷേപ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ആഭരണമായല്ലാതെ സ്വര്‍ണം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ അക്ഷയ തൃതീയ ദിനത്തില്‍ പരിഗണിക്കാവുന്ന രണ്ട് മാര്‍ഗങ്ങള്‍:
സോവറിന്‍ ഗോള്‍ഡ് ബോണ്ട്
2023 ലെ ധനകാര്യ ബില്‍ ഭേദഗതിക്കു ശേഷം സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലെ നിക്ഷേപം കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. റിസര്‍വ് ബാങ്ക് വിവിധ ഘട്ടങ്ങളായി വര്‍ഷത്തില്‍ പല തവണ ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കാറുണ്ട്. എട്ട് വര്‍ഷമാണ് കാലാവധി. എന്നാല്‍ അഞ്ചാമത്തെ വര്‍ഷം മുതല്‍ നിക്ഷേപം പിന്‍വലിക്കാം. ബാങ്ക്, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാം. സോവറിന്‍ ബോണ്ടുകളുടെ നാലാം ഘട്ടം വില്‍പ്പന കഴിഞ്ഞ മാര്‍ച്ച് 10 ന് അവസാനിച്ചു. ഇനി അടുത്തത് തുടങ്ങുമ്പോഴാണ് നിക്ഷേപകര്‍ക്ക് നേരിട്ട് വാങ്ങാനാകുക. അല്ലാതെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനും കഴിയും.
കാലാവധിയെത്തുമ്പോള്‍ അപ്പോഴത്തെ സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായ സ്വര്‍ണം ലഭിക്കും. 2.5 ശതമാനം വാര്‍ഷിക പലിശയും ലഭിക്കും. വര്‍ഷത്തില്‍ രണ്ടു തവണയായാണ് പലിശ നിക്ഷേപകന്റെ അക്കൗണ്ടില്‍ വരവ് വയ്ക്കുക.
കാലാവധിയെത്തി നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൂലധനനേട്ടത്തിന് നികുതി നല്‍കേണ്ടതില്ല എന്നതാണ് പ്രധാന ആകര്‍ഷണം. കൂടാതെ ബോണ്ട് പണയം വച്ച് വായ്പയെടുക്കാനുമാകും. എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്കാണ് ഇത് അനുയോജ്യം.
ഗോള്‍ഡ് ഇ.ടി.എഫ്
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട് അഥവാ ഗോള്‍ഡ് ഇ.ടി.എഫ് ഓഹരി വിപണിയില്‍ നിന്ന് വാങ്ങാനോ വില്‍ക്കാനോ സാധിക്കുന്നത്. അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ നല്‍കുന്ന 24 കാരറ്റുള്ള, 99 ശതമാനമോ അതില്‍ കൂടുതലോ പരിശുദ്ധിയുള്ള ഫിസിക്കല്‍ സ്വര്‍ണം അതാത് ദിവസത്തെ വിപണി വിലയ്ക്കനുസരിച്ച് എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ് ചെയ്യുന്നു. ട്രേഡിംഗ് അക്കൗണ്ട് ഉപയോഗിച്ച് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഓഹരികള്‍ വാങ്ങുന്നതുപോലെ ഇ.ടി.എഫുകള്‍ വാങ്ങി ഡീമാറ്റ് അക്കൗണ്ടുകളില്‍ സൂക്ഷിക്കാം.
ഏപ്രില്‍ ഒന്നു മുതല്‍ ഇന്‍ഡെക്‌സേഷനോടു കൂടിയ ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ആനുകൂല്യം ഗോള്‍ഡ് ഇ.ടി.എഫിലെ നിക്ഷേപത്തിന് നഷ്ടമായിട്ടുണ്ട്. എന്നാല്‍ സുതാര്യമായ വില നിര്‍ണയം, സ്റ്റോറേജിംഗ് ചാര്‍ജ് ഇല്ല, വേഗം പണമാക്കാം എന്നീ സൗകര്യങ്ങള്‍ കണക്കിലെടുത്ത് നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ഇ.ടി.എഫ് പരിഗണിക്കാവുന്നതാണ്. ഗോള്‍ഡ് ഇ.ടി.എഫ് വിറ്റഴിക്കുന്ന സമയത്ത് നിക്ഷേപകന്റെ വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് നിക്ഷേപകാലാവധി കണക്കാക്കാതെ തന്നെ ഇതില്‍ നിന്നുള്ള നേട്ടത്തിന് നികുതി ഈടാക്കും.
മൊത്തം സ്വര്‍ണ നിക്ഷേപത്തിന്റെ 10 ശതമാനം വരെ ഗോള്‍ഡ് ഇ.ടി.എഫിലേക്ക് നീക്കി വയ്ക്കാം എന്നാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നുത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഗോള്‍ഡ് ഇ.ടി.എഫില്‍ 653 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്.
ഗോള്‍ഡ് മ്യൂച്വല്‍ഫണ്ടുകള്‍
സാധാരണ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് സമാനമാണ് ഗോള്‍ഡ് മ്യൂച്വല്‍ഫണ്ടുകളുടേയും പ്രവര്‍ത്തനം. ഇവിടെ നിക്ഷേപങ്ങള്‍ യൂണിറ്റുകളായാണ് വിപണനം നടത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ മൂല്യമാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്. ഓഹരികളിലെ പോലെ എന്‍.എസ്.ഇ, ബി.എസ്.ഇ എന്നിവ വഴി വാങ്ങാനും വില്‍ക്കാനും സാധിക്കും. സ്വര്‍ണ വിലയുടെ ഉയര്‍ച്ച താഴ്ചകള്‍ക്ക്് അനുസരിച്ച് യൂണിറ്റിന്റെ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. 13 ല്‍ പ്പരം സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഓഹരി എക്സ്ചേഞ്ചുകള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാണ്. നിക്ഷേപം തുടരുന്ന കാലയളവ് കണക്കിലെടുക്കാതെ വ്യക്തികള്‍ക്ക് ബാധകമായ നിരക്കില്‍ നികുതി ചുമത്തും.
Read DhanamOnline in English
Subscribe to Dhanam Magazine