

നവംബർ മാസത്തിൽ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (Gold ETFs) അറ്റ നിക്ഷേപം പകുതിയായി കുറഞ്ഞതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI). ഒക്ടോബറിനെ അപേക്ഷിച്ച് നിക്ഷേപത്തില്‍ പകുതിയോളം കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിലെ അറ്റ നിക്ഷേപം 7,743 കോടി രൂപയായിരുന്നത് നവംബറില്‍ 3,742 കോടി രൂപയായാണ് കുറഞ്ഞത്.
റെക്കോർഡ് വിലയിൽ സ്വർണം കുതിച്ചുകയറിയ വർഷമായിരുന്നിട്ടും, തുടർച്ചയായ രണ്ടാം മാസമാണ് ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപത്തിൻ്റെ ഒഴുക്ക് കുറയുന്നത്. നിക്ഷേപകർക്കിടയിലെ സ്വർണത്തോടുള്ള ആകർഷണം കുറഞ്ഞിട്ടില്ലെങ്കിലും, ഉയർന്ന വിപണി മൂല്യനിർണയവും ലാഭമെടുപ്പിനുള്ള സാധ്യതകളും നിക്ഷേപം കുറയാൻ കാരണമായതായാണ് കരുതുന്നത്. അതേസമയം, നവംബർ അവസാനത്തോടെ ഗോൾഡ് ഇടിഎഫുകളുടെ മൊത്തം ആസ്തി (AUM) 1.11 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് തലത്തിലെത്തി. ഒക്ടോബറിൽ ഇത് ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നിരുന്നു. സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധനയും എ.യു.എമ്മില്‍ പ്രതിഫലിക്കുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ആഗോളതലത്തിൽ ഏഷ്യ, വടക്കേ അമേരിക്കൻ വിപണികളുടെ നേതൃത്വത്തിൽ ആറുമാസമായി ഗോൾഡ് ഇടിഎഫുകളിലേക്ക് നിക്ഷേപം ഒഴുകുന്നുണ്ട്. ഇന്ത്യയിലും നിക്ഷേപകർ ഇപ്പോഴും സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപ മാർഗമായി (safe haven asset) കാണുന്നുണ്ടെങ്കിലും, ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റം കാരണം നിക്ഷേപകരുടെ ശ്രദ്ധ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് മാറുന്ന പ്രവണതയും നവംബറിൽ കാണാനായി.
സ്വർണത്തിൻ്റെ വിലയെ അടിസ്ഥാനമാക്കി വ്യാപാരം ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളെയാണ് ഗോള്‍ഡ് ഇടിഎഫുകൾ എന്ന് പറയുന്നത്. സ്വർണത്തിൻ്റെ ഡിജിറ്റൽ രൂപമാണ് ഇത്. യഥാർത്ഥ സ്വർണം കൈവശം വെക്കുന്നതിന് പകരം, അതിൻ്റെ മൂല്യത്തിന് തുല്യമായ യൂണിറ്റുകളാണ് ഉപയോക്താക്കള്‍ വാങ്ങുക. ഡീമാറ്റ് അക്കൗണ്ട് വഴിയാണ് സാധാരണയായി ഇവ വാങ്ങുന്നത്. ഫണ്ടുകൾ സാധാരണയായി ഉയർന്ന നിലവാരമുള്ള (99.5% ശുദ്ധിയുള്ള) സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. ഓഹരി വിപണിയിൽ എളുപ്പത്തിൽ ഇവ വിറ്റ് പണമാക്കാനും സാധിക്കും.
Investors shy away, Gold ETF investment halved in November.
Read DhanamOnline in English
Subscribe to Dhanam Magazine