സ്വര്‍ണാഭരണങ്ങളിലെ ഹോള്‍മാര്‍ക്കിംഗ് ഇന്നുമുതല്‍ നിര്‍ബന്ധം; കയ്യിലുള്ള പഴയ സ്വര്‍ണത്തെ പറ്റി ആശങ്ക വേണോ ?

സംസ്ഥാനത്ത് ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ചെയ്യാത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനാകില്ല. 2020 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നയം കോവിഡ് മൂലം പല തവണ മാറ്റിവച്ചെങ്കിലും ഇന്ന് മുതല്‍ നടപ്പാക്കുകയാണ്. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ. അതായത്, മാറ്റിന്റെ അടിസ്ഥാനത്തില്‍ 14,18,22 കാരറ്റുകളിലുള്ള സ്വര്‍ണം മാത്രമേ ഇനി നിര്‍മിക്കാനും വില്‍ക്കാനുമാകൂ. 14 കാരറ്റെന്നാല്‍ ആഭരണത്തില്‍ 58.5% സ്വര്‍ണമാകണമെന്നര്‍ഥം.

18നു 75 ശതമാനവും 22നു 91.6 ശതമാനവും സ്വര്‍ണം ഉണ്ടാകണം. ഹാള്‍മാര്‍ക്ക് സെന്ററുകള്‍ ഇതുറപ്പാക്കുകയാണ് ചെയ്യുന്നത്. അതേ സമയം ഉപഭോക്താക്കള്‍ മുമ്പ് വാങ്ങിയ ഹോള്‍ മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണാഭരണങ്ങളെക്കുറിച്ച് ആശങ്ക ബാക്കിയാണ്. ഈ അവസരത്തില്‍ ഹോള്‍മാര്‍ക്കിംഗ് നിയമം ഉപഭോക്താക്കള്‍ക്ക് തലവേദനയാകുമോ എന്ന് പരിശോധിക്കാം.
രജിസ്‌റ്റേര്‍ഡ് ജ്വല്ലറികള്‍ക്ക് ലൈസന്‍സും വരുമാനവും ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ രേഖകള്‍ കാണിച്ച് മാത്രമേ ഹാള്‍മാര്‍ക്ക് ചെയ്യാന്‍ ഹാള്‍മാര്‍ക്ക് സെന്ററില്‍ സ്വര്‍ണം നല്‍കാനാകൂ. ജ്വല്ലറികള്‍ നല്‍കുന്ന ആഭരണത്തില്‍ ഹാള്‍ മാര്‍ക്ക് സെന്ററുകള്‍ പരിശോധനകള്‍ക്ക് ശേഷം പരിശുദ്ധി രേഖപ്പെടുത്തി നല്‍കും.
ഉപഭോക്താക്കള്‍ക്ക് സ്വന്തം കൈവശമുള്ള ആഭരണത്തിന്റെ പരിശുദ്ധി ഹോള്‍മാര്‍ക്ക് സെന്ററുകളില്‍ കൊണ്ടുപോയി പരിശോധിക്കാന്‍ കഴിയുമെങ്കിലും ഹോള്‍മാര്‍ക്ക് മുദ്ര ലഭിക്കില്ല. എന്നാല്‍ ഹോള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം സ്വര്‍ണക്കടകളില്‍ കൊണ്ട് പോയി മാറ്റിവാങ്ങുന്നതിനായും പണത്തിനായും വില്‍ക്കുന്നതിന് ഇത് തടസ്സമാകില്ല. ഇതുവരെ ഉണ്ടായിരുന്നത് പോലെ, ആഭരണത്തിന്റെ മാറ്റു നോക്കി അവ എടുക്കും.
ഹോള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം നല്‍കി ഹോള്‍മാര്‍ക്കിംഗ് ഉള്ളവയായി മാറ്റിവാങ്ങാം, ഹോള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണത്തിന്റെ മാറ്റിനനുസരിച്ച് മാത്രമേ വില ലഭിക്കൂ എന്നു മാത്രം.
മൂക്കുത്തിയും സെക്കന്‍ഡ് സ്റ്റഡുമുള്‍പ്പെടുന്ന ചെറിയ ആഭരണങ്ങള്‍ പോലും ഇനി നിര്‍മിച്ച് നല്‍കാനും വില്‍ക്കാനും ജ്വല്ലറികള്‍ക്ക് ബിഐഎസ് നിര്‍ബന്ധമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it