യു.എ.ഇയിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാം; ശ്രദ്ധിക്കണം ഇക്കാര്യം

സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാന്‍ നിരവധി സ്റ്റോറേജ് സൗകര്യങ്ങള്‍ യു.എ.ഇയില്‍ ലഭ്യമാണ്.
Gold chain in hand
Image Courtesy: Canva
Published on

സ്വര്‍ണവും യു.എ.ഇയും തമ്മിലെ ബന്ധമെന്തെന്ന് മലയാളികള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല.

ആഗോള സ്വര്‍ണ വിപണിയുടെ ഹബ്ബായ ദുബൈയില്‍ നിന്ന് നിയമാനുസൃതവും അല്ലാതെയും കേരളത്തിലേക്ക് സ്വര്‍ണമൊഴുകുന്നുണ്ടെന്നും നമുക്ക് അറിയാം.

എന്നാല്‍, ഇനി പറയുന്നത് യു.എ.ഇയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്. നിങ്ങളുടെ ധനകാര്യ സേവിംഗ്‌സ് സുരക്ഷിതമാക്കാനും നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിദ്ധ്യവത്കരിക്കാനും സ്വര്‍ണ നിക്ഷേപം നല്ലതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണത്തിന്റെ വന്‍കിട ചന്തകളും (ഗോള്‍ഡ് സൂക്ക്‌സ്/Gold Souks), നികുതിരഹിത വ്യവസ്ഥയും മികച്ച സുരക്ഷിതത്വവുമാണ് യു.എ.ഇയെ സ്വര്‍ണ ഹബ്ബാക്കി മാറ്റുന്നത്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്

1)സ്വര്‍ണ വില: സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വിലയുടെ ദിശയാണ്. വില സമീപ ഭാവിയില്‍ കൂടാനാണോ കുറയാനാണോ സാദ്ധ്യതയെന്ന് മനസ്സിലാക്കുക. അതിനായി വിപണി സാഹചര്യം, ഭൗമരാഷ്ട്രീയ സാഹചര്യം (Geopolitical Situations) ഇവയൊക്കെ മനസ്സിലാക്കണം.

നിക്ഷേപത്തിന്റെ ഉദ്ദേശ്യലക്ഷ്യവും തിരിച്ചറിഞ്ഞാവണം പണമിറക്കേണ്ടത്. ചിലര്‍ ദീര്‍ഘകാല നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നുണ്ട്. മറ്റ് ചിലര്‍ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിദ്ധ്യവത്കരണമാണ് ലക്ഷ്യമിടുന്നത്.

ഓഹരികളും കടപ്പത്രങ്ങളും ഇടിയുമ്പോള്‍ സ്വര്‍ണ വില പൊതുവേ ഉയരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപത്തിന്റെ ഒരു പങ്ക് സ്വര്‍ണത്തിലേക്ക് മാറ്റുന്നത് ഉചിതമായിരിക്കും. എന്നാല്‍, തീരുമാനമെടുക്കും മുമ്പ് നിക്ഷേപ വിദഗ്ദ്ധരുടെ അഭിപ്രായവും തേടണം.

2) എവിടെ നിക്ഷേപിക്കും : സ്വര്‍ണം ഭൗതികമായി (Physical) വാങ്ങി നിക്ഷേപിക്കാം. അതായത് സ്വര്‍ണക്കട്ടികളോ (Gold Bars) നാണയങ്ങളോ (Gold Coins) വാങ്ങാം. ഇത്തരത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍ സുരക്ഷിത സ്‌റ്റോറേജ് സൗകര്യം ഉറപ്പാക്കണം. ഇന്‍ഷുറന്‍സും നേടണം. സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാന്‍ നിരവധി സ്റ്റോറേജ് സൗകര്യങ്ങള്‍ യു.എ.ഇയില്‍ ലഭ്യമാണ്.

ഭൗതിക സ്വര്‍ണത്തെ ആശ്രയിക്കാതെ നിക്ഷേപിക്കാവുന്ന സൗകര്യമാണ് സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഗോള്‍ഡ് ഇ.ടി.എഫ് (Gold ETF). സ്വര്‍ണ ഖനന കമ്പനികളുടെ ഓഹരികളിലും (Gold Mining Stocks) നിക്ഷേപിക്കാം. എത്രമാത്രം റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് വിലയിരുത്തിയാകണം ഇത്തരം നിക്ഷേപങ്ങള്‍.

3) മതവും സ്വര്‍ണവും: ഇസ്ലാമിക മൂല്യങ്ങള്‍ (Sharia-complaint) പാലിച്ചുള്ള സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങളും യു.എ.ഇയിലുണ്ട്. ഷരിയ നിയമാവലികള്‍ പാലിച്ച് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവയും പ്രയോജനപ്പെടുത്താം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com