Begin typing your search above and press return to search.
ഗൂഗ്ള്‍ പേ പോലെ ആര്‍ക്കും പണമയക്കാം; പുതിയ സംവിധാനവുമായി എസ്ബിഐ
എസ്ബിഐ, ഗൂഗിള്‍ പേ മാതൃകയില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷന്‍ എത്തുക. എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ആര്‍ക്കും ഈ സേവനമുപയോഗിക്കാം.
നിലവില്‍ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമാണ് യോനോ ആപ്പും ഉപയോഗിക്കാന്‍ സാധിക്കുക. എന്നാല്‍ യോനോ 2.0 ന്റെ സേവനം ലഭിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവാകേണ്ടതില്ല.
ഇപ്പോഴത്തെ യോനോ ആപ്പില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയായിരിക്കും എസ്ബിഐ യോനോ 2.0 അവതരിപ്പിക്കുക. 2019 മാര്‍ച്ച് 16 നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗിനായി യോനോ ആപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് സേവനങ്ങളും ലഭ്യമാകും.
ഇതിലെ ഏറ്റവും മികച്ച ഒരു ഫീച്ചറാണ് യോനോ ക്യാഷ്. കാര്‍ഡ് ഉപയോഗിക്കാതെ, അപേക്ഷകള്‍ പൂരിപ്പിക്കാതെ ഇന്ത്യയിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്നോ എസ്ബിഐയുടെ മര്‍ച്ചന്റ് പിഒഎസ് ടെര്‍മിനലുകളില്‍ നിന്നോ കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളില്‍ നിന്നോ തല്‍ക്ഷണം പണം പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും. ഇതിലൂടെ സുരക്ഷിതമായ പണമിടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്കാകും.
Next Story