Begin typing your search above and press return to search.
എന്‍.പി.എസിന്റെ ചെറുപതിപ്പ് എത്തി, മക്കളുടെ റിട്ടയര്‍മെന്റിനായി രക്ഷിതാക്കള്‍ക്ക് വാത്സല്യത്തോടെ നിക്ഷേപിക്കാം
കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിക്കാവുന്ന എന്‍.പി.എസ് വാത്സല്യ പദ്ധതിക്ക് (NPS Vatsalya) തുടക്കമായി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ പെന്‍ഷന്‍ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കുട്ടികളുടെ പേരില്‍ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പ്രാണ്‍/PRAN) കാര്‍ഡ് നല്‍കും. കുറഞ്ഞത് 1,000 രൂപയാണ് പ്രതിവര്‍ഷ നിക്ഷേപം. കൂട്ടിപലിശയുടെ ഗുണം ലഭ്യമാക്കി നിക്ഷേപം വളര്‍ത്താനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയായ നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലേക്ക് മാറും. പെന്‍ഷന്‍ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA)യ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
ആര്‍ക്ക് തുടങ്ങാം
കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍.പി.എസ് വാത്സല്യ അക്കൗണ്ട് തുടങ്ങാം. കുഞ്ഞു കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അക്കൗണ്ട് തുടങ്ങാം. കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ എന്‍.പി.എസ് ടിയര്‍ 1 അക്കൗണ്ടായി ഇത് മാറ്റും. 1,000 രൂപയാണ് പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല. എന്‍.പി.എസ് വെബ്‌സൈറ്റ്, ബാങ്ക് വെബ്‌സൈറ്റ്, പോസ്റ്റ് ഓഫീസ്, ബാങ്ക് ശാഖകള്‍ തുടങ്ങിയവ വഴി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.
പല ഓപ്ഷനുകള്‍
ഡിഫോള്‍ട്ട് ചോയ്‌സ്, ഓട്ടോ ചോയ്‌സ്, ആക്ടീവ് ചോയ്‌സ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. 50 ശതമാനം ഓഹരി നിക്ഷേപത്തോടെയുള്ള മോഡറേറ്റ് ലൈഫ് സൈക്കിള്‍ ഫണ്ടാണ് ഡിഫോള്‍ട്ട് ചോയ്‌സ് ഓപ്ഷന്‍. ഓഹരിയില്‍ 75 ശതമാനവും മറ്റ് നിക്ഷേപങ്ങളില്‍ 25 ശതമാനവും നിക്ഷേപിക്കുന്നതാണ് അഗ്രസീവ് ചോയ്‌സ്.
75 ശതമാനം ഓഹരിയിലും ബാക്കി രക്ഷിതാക്കളുടെ ഇഷ്ടാനുസരണം കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, ആള്‍ട്ടര്‍നേറ്റീവ് അസറ്റ് എന്നിവയിlum നിക്ഷേപിക്കുന്നതാണ് ആക്ടീവ് ചോയ്‌സ്.
18 വയസ് കഴിഞ്ഞാല്‍
കുട്ടി പ്രായപൂര്‍ത്തിയായാല്‍ നേരത്തെ പറഞ്ഞതു പോലെ എന്‍.പി.എസ് വാത്സല്യ അക്കൗണ്ടില്‍ നിന്ന് എന്‍.പി.എസ് ടിയര്‍ വണ്‍ അക്കൗണ്ടിലേക്ക് മാറ്റും. 18 വയസ് കഴിഞ്ഞ ശേഷം മൂന്നു മാസത്തിനുള്ളില്‍ പുതിയ കെ.വൈ.സി രേഖകള്‍ നല്‍കി നിക്ഷേപം തുടരാം.
എന്‍.പി.എസില്‍ നിന്ന് പുറത്തു കടക്കണമെന്നുണ്ടെങ്കില്‍ 80 ശതമാനം തുക ഏതെങ്കിലും ആന്വുവിറ്റി പ്ലാനില്‍ നിക്ഷേപിക്കണം. ബാക്കി 20 ശതമാനം തുക മാത്രമേ പിന്‍വലിക്കാനാകൂ. മൊത്തം നിക്ഷേപ തുക രണ്ടര ലക്ഷത്തില്‍ താഴെയാണെങ്കില്‍ പൂര്‍ണമായും പിന്‍വലിക്കാം.
ഭാഗികമായ പിന്‍വലിക്കല്‍
പദ്ധതി തുടങ്ങി മൂന്ന് വര്‍ഷത്തിനുശേഷം 25 ശതമാനം വരെ വിദ്യാഭ്യാസം, ചികിത്സ, 75 ശതമാനത്തിലധികമുള്ള ഭിന്നശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പിന്‍വലിക്കാം. 18 വയസാകുന്നതിനു മുന്‍പ് മൂന്ന് തവണ വരെ ഇത്തരത്തില്‍ പിന്‍വലിക്കാനുള്ള സൗകര്യം അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും.
മരണപ്പെട്ടാല്‍
പദ്ധതിയില്‍ ചേര്‍ന്ന കുട്ടി മരണപ്പെട്ടാല്‍ മുഴുവന്‍ തുകയും നോമിനിയായ രക്ഷിതാവിന് തിരികെ നല്‍കും. രക്ഷിതാവും മരണപ്പെട്ടാല്‍ പുതിയ കെ.വൈ.സി നല്‍കി മറ്റൊരു രക്ഷിതാവിനെ നോമിനിയാക്കാം. രണ്ടു രക്ഷിതാക്കളും മരണപ്പെട്ടാല്‍ നിയമപരമായ രക്ഷിതാവിന് പദ്ധതി തുടര്‍ന്നു കൊണ്ടു പോകാം. അല്ലെങ്കില്‍ പിന്നീട് നിക്ഷേപം നടത്താതെ കുട്ടിക്ക് 18 വയസാകുന്നതു വരെ കാത്തിരിക്കാം.
നികുതി ആനുകൂല്യം
കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരില്‍ നടത്തുന്ന നിക്ഷേപത്തിന് സെക്ഷന്‍ 80 സി പ്രകാരം ആദായ നികുതി ഇളവിന് അര്‍ഹതയുണ്ട്.
Next Story
Videos