ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വളര്‍ച്ച; നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിരവധി പ്രതിസന്ധികള്‍ കടന്നാണ് ഇന്ത്യന്‍ മ്യുച്വല്‍ ഫണ്ട് വിപണിയില്‍ കാലുറപ്പിച്ചത്
mutual fund investments
Image courtesy: Canva
Published on

ഇന്ത്യയില്‍ എക്കാലവും നേട്ടം നല്‍കിയിട്ടുള്ള നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. പ്രതിസന്ധികളുടെ കാലത്തു പോലും വലിയ പരിക്കില്ലാതെ നിക്ഷേപകരെ രക്ഷിക്കാന്‍ അവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്രദ്ധാപൂര്‍വം നിക്ഷേപം നടത്തിയാല്‍ മാത്രമേ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകൂ.

1997 ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെയും 1998 ല്‍ ആണവ പരീക്ഷണങ്ങളെ തുടര്‍ന്നുള്ള യുഎസ് ഉപരോധവും ഇന്ത്യന്‍ ഓഹരി വിപണിക്ക് വലിയ തിരിച്ചടിയായിരുന്നു നല്‍കിയിരുന്നത്. പ്രത്യേക തന്ത്രങ്ങളിലൂടെ അതിനെ തരണം ചെയ്യാനാണ് അന്ന് വിപണി ശ്രമിച്ചത്. ഐറ്റി, എച്ച്ഡിഎഫ്സി, സീ പോലുള്ള പുതിയ ഓഹരികളും തീമുകളും പിന്തുടരുക എന്ന നയമായിരുന്നു അന്ന് നിക്ഷേപകര്‍ സ്വീകരിച്ചിരുന്നത്.

1993 ലാണ് ഇന്ത്യന്‍ വിപണിയില്‍ സെബി ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്. അതിനു പിന്നാലെ നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിക്കപ്പെട്ടു. പിന്നാലെ നിരവധി വിദേശ ഫണ്ടുകളും ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയടക്കമുള്ള വളര്‍ന്നു വരുന്ന വിപണിയില്‍ സാന്നിധ്യമറിയിച്ച് നേട്ടം കൊയ്യാനുള്ള ലക്ഷ്യവുമായി അലയന്‍സ് കാപിറ്റല്‍ പോലെ നിരവധി കമ്പനികള്‍ ഉയര്‍ന്നു വന്നു.

കുറഞ്ഞ അടിസ്ഥാന സൗകര്യം

ഇന്ത്യയിലാകട്ടെ കാപിറ്റല്‍ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ അതിന്റെ ശൈശവാവസ്ഥയിലായിരുന്നു. ഓഹരി സര്‍ട്ടിഫിക്കറ്റുകളില്‍ നിരവധി ഒപ്പുകള്‍ ആവശ്യമാണ് എന്നതും ട്രാന്‍സ്ഫറിനായി അയച്ച ഓഹരികള്‍ വേഗത്തില്‍ ലഭിക്കാന്‍ ട്രാന്‍സ്ഫര്‍ ഏജന്റുമാരുടെ സഹായം വേണ്ടി വന്നതും ഒപ്പു പൊരുത്തപ്പെടുന്നില്ല തുടങ്ങിയ കാരണങ്ങളാല്‍ മൂന്നു മാസമൊക്കെ കഴിഞ്ഞാണ് ട്രാന്‍സ്ഫര്‍ നിരസിച്ചുള്ള കത്തുകള്‍ ലഭിച്ചിരുന്നത് എന്നതും സെറ്റില്‍മെന്റിന് 15 ദിവസം വരെ എടുത്തിരുന്നു എന്നതുമൊക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മാത്രമല്ല ട്രേഡ് നടന്ന വില അറിയാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. പിടിഐ സ്‌ക്രീനിലെ ടിക്കര്‍ നോക്കി വില അറിയാന്‍ കാത്തിരിക്കുകയായിരുന്നു പലപ്പോഴും. അന്ന് ബ്രോക്കറേജ് ഫീസായി രണ്ടു ശതമാനം വരെ ഈടാക്കിയിരുന്നു.

2000ത്തിന് ശേഷമുള്ള വിപണി

2000 ലെ കറക്ഷനും അതിനു ശേഷം 2001 സെപ്തംബര്‍ 11 ഉം കാരണം രണ്ടു വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിക്ക് നിരാശാജനകമായ കാലഘട്ടമായിരുന്നു. എന്നാല്‍ അത് സമ്പദ് വ്യവസ്ഥയുടെയും വിപണിയുടെയും പരിവര്‍ത്തന കാലഘട്ടമായിരുന്നു. പുതിയ മേഖലകളും കമ്പനികളും ഉയര്‍ന്നു വന്നത് അക്കാലത്തായിരുന്നു. 2000 ല്‍ വിപണിയില്‍ നഷ്ടം ഉണ്ടായെങ്കിലും 2008 ലേതു പോലെ മോശമായിരുന്നില്ല. തകര്‍ച്ചയ്ക്ക് മുമ്പുള്ള മൂന്നു മാസങ്ങളില്‍ അറ്റ ആസ്തി മൂല്യം 60-70 ശതമാനം വരെ ഉയര്‍ന്നിരുന്നതിനാല്‍ വര്‍ഷാവസാനം മൊത്തത്തില്‍ ഫണ്ടുകള്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഓഹരികള്‍ ഭൗതികമായ സര്‍ട്ടിഫിക്കറ്റുകളായി സൂക്ഷിക്കുന്നതിനു പകരം ഡീമാറ്റ് എക്കൗണ്ട് വഴിയായത് ഈ മേഖലയില്‍ വലിയ സൂതാര്യത കൊണ്ടു വന്നു. ഭൗതികമായ ഓഹരികള്‍ വിറ്റ് അതിന്റെ ഫോട്ടോകോപ്പി എടുത്തു സീക്ഷിക്കുന്നതു പോലുള്ള തട്ടിപ്പുകള്‍ക്ക് ഇതോടെ അറുതിയായി.

സിഎഎംഎസിലേക്കുള്ള മാറ്റം

കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസ് പോലുള്ള സ്ഥാപനങ്ങളെ പിന്തുണച്ച ആദ്യ സ്ഥാപനങ്ങളിലൊന്നായിരുന്നു അലയന്‍സ്. അന്ന് എച്ച്ഡിഎഫ്സി ബാങ്കിന് സിഎഎംഎസില്‍ 50 ശതമാനം ഓഹരി ഉണ്ടായിരുന്നു. സിഎഎംഎസിന്റെ വരവ് മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി.

അന്ന് ഒരു ബ്രോക്കറേജ് സ്ഥാപനം തുടങ്ങുക എന്നത് എളുപ്പമായിരുന്നില്ല. ധാരാളം ആളും അര്‍ത്ഥവും വേണ്ടി വരുന്ന കാര്യമായിരുന്നു. മാത്രമല്ല വിശ്വാസ്യതയും നേടിയെടുക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ ആളുകള്‍ നിക്ഷേപം നടത്താന്‍ മടിക്കും. എന്നാല്‍ ഇപ്പോള്‍ കുറച്ചു കൂടി എളുപ്പമാണ്. എന്നിട്ടും ഇന്ത്യയില്‍ വളരെ കുറച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മാത്രമേയുള്ളൂ. 50 ല്‍ താഴെ മാത്രം. ഇവിടെ ഇപ്പോഴും ഇത്തരം കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല വലിയ മൂലധനവും വേണ്ടി വരുന്നു. കുറഞ്ഞ ഫീസും പ്രാരംഭ ചെലവുകളും കാരണം ഇത്തരം കമ്പനികള്‍ ബ്രേക്ക് ഈവന്‍ പോയ്ന്റിലെത്താന്‍ മൂന്നു നാലു വര്‍ഷമെടുക്കും.

ഇന്ത്യന്‍ വിപണിയിലെ പ്രതീക്ഷ

ഇന്ത്യന്‍ വിപണി എക്കാലത്തും പ്രതിവര്‍ഷം കുറഞ്ഞത് 10-11 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഓഹരിയില്‍ നിന്നുള്ള നേട്ടം മിക്കപ്പോഴും താരതമ്യം ചെയ്യുന്നത് സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ളവയുമായിട്ടാണ്. കുറഞ്ഞ പലിശ നിരക്കുകള്‍ (ഉദാഹരണത്തിന് 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടിന്റെ നിരക്ക് 9.5 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറഞ്ഞത്) ഓഹരിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തില്‍ കുറവ് വരുത്താമെങ്കിലും അത് ഇപ്പോഴും മികച്ച തെരഞ്ഞെടുപ്പായി മാറുന്നു. 

ശ്രദ്ധിക്കാന്‍

  • ഒരു സ്റ്റോക്ക് അമിതമായി ചെയ്യരുത്

  • എല്ലാ സെക്ടറുകളിലും ശ്രദ്ധവെക്കുക. പുതിയ തീമുകള്‍ തെരഞ്ഞെടുക്കുക

  • ഫണ്ട് തെരഞ്ഞെടുക്കുമ്പോള്‍ അനുഭവ സമ്പന്നമായ ടീമിന് പ്രാധാന്യം നല്‍കുക. ഓപ്പറേഷന്‍സ് ഹെഡ്ഡ് മുതല്‍ ഫണ്ട് മാനേജര്‍ വരെയുള്ള പ്രധാന സ്ഥാനങ്ങളിലുള്ളവരുടെ അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്.

  • ഫിനാന്‍ഷ്യല്‍ ഇന്‍ഫ്രാസ്്ട്രക്ചര്‍ വിലയിരുത്തുക. സിഎഎംഎസ് പോലുള്ള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ഫണ്ടുകളുടെ വിശ്വാസ്യത കൂട്ടുന്നു.

  • സൂചികകള്‍ നഷ്ടത്തിലായിരിക്കുമ്പോഴും പുതിയ വളരുന്ന കമ്പനികള്‍ സമ്പത്ത് സൃഷ്ടിക്കുന്നു

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com