സ്വര്‍ണ വായ്പയോ പേഴ്‌സണല്‍ ലോണോ, ഏതാണ് ഭേദം? പലിശയില്‍ മാത്രമല്ല വ്യത്യാസം, അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

2026 സാമ്പത്തിക വർഷത്തിൽ റിപ്പോ നിരക്ക് കൂടുതലായി കുറയ്ക്കാനുളള സാധ്യതകളാണ് ഉളളത്
personal loans, gold loans
Image courtesy: Canva
Published on

പണത്തിന് ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ പലരും പേഴ്സണല്‍ ലോണുകളും സ്വര്‍ണ വായ്പകളും എടുക്കാനായി ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം ലോണുകള്‍ തമ്മിലുളള വ്യത്യാസങ്ങള്‍ മനസിലാക്കുന്നത്, ഇവയില്‍ ഏത് ലോണാണ് വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് എടുക്കേണ്ടത് എന്ന് തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കും.

സ്വർണ്ണ വായ്പകളിൽ നിങ്ങളുടെ സ്വർണ ആഭരണങ്ങള്‍ ഈടായി നൽകുന്നതിനാൽ പലിശ നിരക്കുകൾ സാധാരണയായി കുറഞ്ഞതായിരിക്കും. രണ്ടാമതായി, സ്വർണ്ണ വായ്പകള്‍ വേഗത്തിൽ ധനകാര്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുമെന്നതാണ്. നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ധനകാര്യ സ്ഥാപനങ്ങള്‍ പേഴ്സണല്‍ ലോണുകള്‍ നല്‍കുന്നത്.

വ്യത്യാസങ്ങള്‍

ലോൺ തരം: സ്വർണാഭരണങ്ങളുടെ പിൻബലമുള്ള സുരക്ഷിത വായ്പ എന്ന നിലയിലാണ് സ്വര്‍ണവായ്പയെ പരിഗണിക്കുന്നത്. അതേസമയം, ഈട് ആവശ്യമില്ലാത്ത സുരക്ഷിതമെന്ന് പറയാനാവാത്ത വായ്പകളുടെ വിഭാഗത്തിലാണ് പേഴ്‌സണല്‍ ലോണുകള്‍ ഉള്‍പ്പെടുന്നത്.

പലിശ നിരക്ക്: താരതമ്യേന കുറഞ്ഞ പലിശ നിരക്കുകളാണ് സ്വര്‍ണ വായ്പയ്ക്കുളളത്. പൊതുമേഖലാ ബാങ്കുകളിൽ ഏകദേശം 8 ശതമാനം മുതലാണ് പലിശ നിരക്ക്. ഉയർന്ന പലിശ നിരക്കുകളാണ് പേഴ്സണല്‍ ലോണുകള്‍ക്ക് (10.85 ശതമാനം മുതൽ 11.25 ശതമാനം വരെ വാർഷിക പലിശ, ഇത് ചില സന്ദര്‍ഭങ്ങളില്‍ 24 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ വരെ ഉയരാം).

വിതരണ വേഗത: സുരക്ഷിതമായ സ്വഭാവവും കുറഞ്ഞ രേഖകളും മതിയാകും എന്നതിനാല്‍ വേഗത്തിലുള്ള വിതരണം ആയിരിക്കും സ്വര്‍ണ വായ്പകള്‍ക്ക്. വിശദമായ ക്രെഡിറ്റ് അസസ്മെന്റ് എടുത്തതിന് ശേഷമാണ് ലോണ്‍ അനുവദിക്കുന്നത് എന്നതിനാല്‍ പ്രോസസിംഗ് സമയം കൂടുതലാണ്.

യോഗ്യത: സ്വർണ്ണത്തിന്റെ അളവ്, പരിശുദ്ധി, വായ്പാ കാലാവധി എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വായ്പ നല്‍കുന്നത്. അതേസമയം വരുമാനം, ക്രെഡിറ്റ് സ്കോർ, അപേക്ഷകന്റെ തിരിച്ചടവ് ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് പേഴ്സണല്‍ ലോണ്‍ നല്‍കുന്നത്.

വീഴ്ച വരുത്തിയാലുളള റിസ്ക്: സ്വര്‍ണ വായ്പയില്‍ വീഴ്ച വരുത്തിയാൽ ധനകാര്യ സ്ഥാപനങ്ങള്‍ സ്വർണം പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ട്. പേഴ്സണല്‍ ലോണുകളില്‍ വീഴ്ച വരുത്തിയാല്‍ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും, കൂടാതെ അപേക്ഷകന്‍ നിയമനടപടികള്‍ നേരിടേണ്ടി വരുന്നതാണ്.

ഏറ്റവും അനുയോജ്യം: കുറഞ്ഞ പലിശയ്ക്ക് പണയം വയ്ക്കാൻ സൗകര്യപ്രദമായവർക്ക് ഏറ്റവും നല്ലതാണ് സ്വർണ വായ്പ. ആസ്തികൾ പണയം വയ്ക്കാൻ തയ്യാറാകാത്തവർക്ക് പേഴ്സണല്‍ ലോണുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. നല്ല ക്രെഡിറ്റ് സ്കോര്‍ ഉളളവര്‍ക്ക് അനുയോജ്യം.

രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞു വരികയും ആർ‌ബി‌ഐ റിപ്പോ നിരക്ക് ഇപ്പോൾ 6 ശതമാനമാക്കുകയും ചെയ്തതോടെ എൻ‌ബി‌എഫ്‌സികളും ബാങ്കുകളും വായ്പാ നിരക്കുകൾ ക്രമേണ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ റിപ്പോ നിരക്ക് കൂടുതലായി കുറയ്ക്കാനുളള സാധ്യതകളാണ് ഉളളത്. 2026 മാർച്ചോടെ റിപ്പോ നിരക്ക് 5-5.25 ശതമാനമായി കുറഞ്ഞേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യം പലിശ നിരക്കുകള്‍ കുറയാന്‍ ഇട വരുത്തും.

ലോണ്‍ എടുക്കുന്നവര്‍ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും തിരിച്ചടവ് ശേഷിയും കണക്കിലെടുത്ത് സ്വര്‍ണ വായ്പയാണോ പേഴ്സണല്‍ ലോണാണോ എടുക്കേണ്ടതെന്ന് തിരഞ്ഞെടുക്കുകയാണ് ഉചിതം. കൂടാതെ വായ്പ എടുക്കുന്നതിന് മുമ്പായി ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള നിരക്കുകൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ താരതമ്യം ചെയ്യുന്നത് വിവേകപൂർണമായിരിക്കും.

A detailed guide on choosing between personal loans and gold loans based on interest rates, eligibility, risks, and financial goals.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com