

2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള സമയപരിധി 2025 സെപ്റ്റംബർ 15 നാണ്. സമയപരിധി അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുളളത്. ഐടിആർ ഫയൽ ചെയ്യൽ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ശരിയായ ഫോം തിരഞ്ഞെടുക്കുക:
ഐടിആർ-1 : 50 ലക്ഷം രൂപ വരെ വരുമാനം, വാടക, 1.25 ലക്ഷം രൂപ വരെ മൂലധന നേട്ടം, സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, ഡിവിഡന്റ് എന്നിവയുള്ള ശമ്പളക്കാരായ നികുതിദായകർക്കുള്ളതാണ് ഇത്.
ഐടിആർ-2 : 50 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളമോ പെൻഷനോ ഉളളവര്‍, ഒന്നിലധികം വീടുകൾ ഉളളവര്‍, 5,000 രൂപ വരെ കാർഷിക വരുമാനം, മൂലധന നേട്ടം, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം എന്നിവയുള്ള വ്യക്തികളാണ് ഈ ഫോം തിരഞ്ഞെടുക്കേണ്ടത്.
ഐടിആർ-3 : ബിസിനസ്, തൊഴില്‍ എന്നിവയിലെ നേട്ടങ്ങളിൽ നിന്നും വരുമാനം നേടുന്ന വ്യക്തിക്കും എച്ച്‌യുഎഫിനും വേണ്ടിയുള്ളതാണ് ഈ നികുതി ഫോം. കുടുംബ ആസ്തികൾ സംയോജിപ്പിച്ച് നികുതി ലാഭിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട ഒരു കൂട്ടായ എന്റിറ്റിയെയാണ് HUF (Hindu Undivided Family) എന്നു പറയുന്നത്.
ഐടിആർ-4 : 44AD, 44ADA, 44AE എന്നീ വകുപ്പുകൾ പ്രകാരം അനുമാന നികുതി പദ്ധതി തിരഞ്ഞെടുത്തിട്ടുള്ള ബിസിനസ് നടത്തുന്ന നികുതിദായകർക്കുള്ളതാണ് ഇത്. ശമ്പള വരുമാനമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, നികുതിദായകർക്ക് ITR-4 ഫോം ഉപയോഗിച്ച് അവരുടെ റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയും.
കിഴിവുകൾ ഉറപ്പാക്കുക
നിങ്ങൾക്ക് അർഹതയുള്ള കിഴിവുകൾ ക്ലെയിം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. സെക്ഷൻ 10(13A), 80GGC, 80E, 80D, 80EE, 80EEB, 80G, 80GGA, 80DDB തുടങ്ങിയ വിവിധ വ്യവസ്ഥകൾ പ്രകാരം വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആദായനികുതിയിലെ കിഴിവുകളുടെയും ഇളവുകളുടെയും വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചതിന് നിരവധി നികുതിദായകരെ ആദായനികുതി വകുപ്പ് അടുത്തിടെ പിടികൂടിയിരുന്നു.
വിദഗ്ധ ഉപദേശം
ഒരാൾക്ക് നികുതി റിട്ടേൺ സ്വയം സമർപ്പിക്കാൻ കഴിയുമെങ്കിലും, സങ്കീർണമായതോ സംശയമുളളതോ ആയ വ്യവസ്ഥകളെക്കുറിച്ച് ഉറപ്പാക്കാൻ വിദഗ്ദ്ധോപദേശം ആവശ്യമെങ്കില്‍ തേടാന്‍ ശ്രദ്ധിക്കുക.
അനുയോജ്യമായ നികുതി വ്യവസ്ഥ
അനുയോജ്യമായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക. നിരവധി കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യാനുണ്ടെങ്കില്‍ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അല്ലാത്തപക്ഷം നിങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥയിലേക്ക് പോകാം. അതേസമയം പഴയ നികുതി വ്യവസ്ഥയിൽ നികുതി വകുപ്പിൽ നിന്നുള്ള അന്വേഷണം കൂടുതലായിരിക്കും.
ഒത്തു നോക്കുക
നികുതിദായകർ ഫോം 16-ൽ നൽകിയിരിക്കുന്ന TDS വിവരങ്ങൾ ഫോം 26AS-ൽ നൽകിയിരിക്കുന്ന വിവരങ്ങളുമായി ക്രോസ് വെരിഫൈ ചെയ്യാന്‍ ശ്രദ്ധിക്കുക. നികുതിദായകരുടെ വിവിധ വരുമാന സ്രോതസ്സുകളിൽ നിന്ന് TDS അല്ലെങ്കിൽ TCS കുറയ്ക്കുന്ന തുകയുടെ വിശദാംശങ്ങൾ നൽകുന്ന ഫോമാണിത്. അതിൽ സേവിംഗ്സ്, FD കൾ എന്നിവയുടെ വരുമാനവും പലിശയും ഉൾപ്പെടുന്നു.
Key guidelines for Indian taxpayers to file their 2024-25 ITR accurately before the September 15 deadline.
Read DhanamOnline in English
Subscribe to Dhanam Magazine