

ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രെഡിറ്റ് കാർഡ് സംബന്ധമായ കുടിശികകളില്‍ 44 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2025 മാർച്ച് വരെ കുടിശിക 33,886 കോടി രൂപയിലെത്തി. കാലതാമസം നേരിടുന്ന പേയ്‌മെന്റുകളും ഉപഭോക്തൃ ചെലവുകളിലെ കുതിച്ചുചാട്ടവും കടം എളുപ്പത്തിൽ ലഭ്യമാകുന്നതുമാണ് ഈ വലിയ വർദ്ധനവിനുളള പ്രധാന കാരണങ്ങള്‍.
2024 സെപ്റ്റംബറോടെ പ്രചാരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 10 കോടി കവിഞ്ഞതോടെയാണ് നഷ്ടപ്പെടുന്ന പേയ്‌മെന്റുകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുന്നത്. ഉപയോക്താക്കൾ കാര്യക്ഷമമായ സാമ്പത്തിക മാനേജ്‌മെന്റ് മനസിലാക്കുകയും വലിയ കടത്തിൽ വീഴാതിരിക്കാൻ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക: വ്യക്തിഗത വായ്പാ ഇ.എം.ഐ, ക്രെഡിറ്റ് കാർഡ് ബില്ലിന്റെ പേയ്‌മെന്റ് മുടങ്ങുക പോലുളളവ ഉയർന്ന പലിശ നിരക്കുകൾക്ക് കാരണമാവുകയും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനാൽ തീർപ്പാക്കാത്ത പേയ്‌മെന്റുകൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്.
ക്രെഡിറ്റ് ഉപയോഗം പരിമിതപ്പെടുത്തുക: നിങ്ങളുടെ ക്രെഡിറ്റ് പരിധി പരമാവധിയാക്കുന്നത് ഒഴിവാക്കുക. ക്രെഡിറ്റ് ഉപയോഗ നിരക്ക് 30 ശതമാനത്തിൽ താഴെയാകുന്നതാണ് എപ്പോഴും ഉചിതം. അതായത് നിങ്ങളുടെ ക്രെഡിറ്റ് പരിധി 1,00,000 രൂപ ആണെങ്കിൽ, ക്രെഡിറ്റ് പ്രൊഫൈൽ വൃത്തിയായി സൂക്ഷിക്കാൻ 30,000 രൂപയിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചെലവുകൾ ട്രാക്ക് ചെയ്യുക: എല്ലാ ക്രെഡിറ്റ് കാർഡ് ഇടപാടുകളും നിരീക്ഷിക്കുകയും അമിത ചെലവ് തടയാൻ ഉപയോഗ പരിധി നിശ്ചയിക്കുകയും ചെയ്യുക. ചെലവുകളും കടവും ശരിയായി കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും.
ക്രെഡിറ്റ് കാർഡിന്റെ നിബന്ധനകൾ മനസ്സിലാക്കുക: മറഞ്ഞിരിക്കുന്ന നിരക്കുകൾ, പലിശ നിരക്കുകൾ, ബില്ലിംഗ് സൈക്കിളുകൾ എന്നിവ എപ്പോഴും പരിശോധിക്കുക. സംശയമുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് നൽകുന്ന ധനകാര്യ സ്ഥാപനവുമായി ചർച്ച ചെയ്യുക. ഇതിലൂടെ അവർ നൽകുന്ന സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് കഴിയും.
തിരിച്ചടയ്ക്കാൻ കഴിയുന്നത് മാത്രം ചെലവഴിക്കുക: നിങ്ങളുടെ ക്രെഡിറ്റ് കാർഡിനെ വായ്പയായിട്ടല്ല, പണമായി കണക്കാക്കുക. എല്ലാ സൈക്കിളിലും മുഴുവൻ ബാലൻസും തിരിച്ചടയ്ക്കുക. ഈ ലളിതമായ ശീലം നിങ്ങൾ ക്രെഡിറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അമിതമായി പണം ചെലവഴിക്കാതെ തിരിച്ചടയ്ക്കാൻ കഴിയുന്ന തുക മാത്രം ക്രെഡിറ്റ് കാർഡിൽ ഉപയോഗിക്കുക.
ഈ ലളിതമായ സാമ്പത്തിക ശീലങ്ങൾ പാലിക്കുന്നതിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് കടക്കെണിയിൽ വീഴുന്നത് ഒഴിവാക്കാനും ശക്തമായ ഒരു ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താനും സാധിക്കും.
India sees ₹33,886 crore in credit card dues, highlighting the need for responsible card usage.
Read DhanamOnline in English
Subscribe to Dhanam Magazine