ഭവനവായ്പ നിരക്കുയര്‍ത്തി എച്ച്ഡിഎഫ്‌സി; പുതിയ പലിശ നിരക്ക് അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഇതര മോര്‍ട്ട്ഗേജ് വായ്പാ ദാതാവായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (HDFC) റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് (RPLR) 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ (ഡിസംബര്‍ 20) പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഈ മാസം ആദ്യം നടന്ന പണ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തിയതിന് പിന്നാലെയാണ് ഈ വര്‍ധനവ്.

എച്ച്ഡിഎഫ്സിയില്‍ നിന്ന് പുതിയ ഭവനവായ്പ വാങ്ങുന്ന 800-ഉം അതിനുമുകളിലും ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തിക്ക് 8.65 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. ഈ ക്രെഡിറ്റ് സ്‌കോറിന് താഴെയുള്ള വായ്പക്കാര്‍ക്ക് അവരുടെ ക്രെഡിറ്റ് സ്‌കോര്‍, സാമ്പത്തിക സ്ഥിതി, വരുമാനം എന്നതിനെ ആശ്രയിച്ച് 8.95 ശതമാനം മുതല്‍ 9.30 ശതമാനം വരെ പലിശ നിരക്ക് കണക്കാക്കും.

നിരക്ക് വര്‍ധന പുതിയ ഉപഭോക്താക്കള്‍ക്കും പഴയ ഉപഭോക്താക്കള്‍ക്കും ബാധകമായിരിക്കും. ഏറ്റവും വലിയ രണ്ട് മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) ഐസിഐസിഐ ബാങ്കും ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ഭവനവായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. 750-ഉം അതിനുമുകളിലും ക്രെഡിറ്റ് സ്‌കോറിന് 8.75 ശതമാനം പലിശ നിരക്കില്‍ എസ്ബിഐ പുതിയ ഭവനവായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐസിഐസിഐ ബാങ്ക് 750-ഉം അതിനുമുകളിലും ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ആളുകള്‍ക്ക് 8.75 ശതമാനം നിരക്കില്‍ ഭവനവായ്പ നല്‍കുന്നു.

Related Articles
Next Story
Videos
Share it