

ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുന്നത് സംബന്ധിച്ച സന്ദേശം ലഭിക്കുമ്പോൾ പ്രീമിയം തുക ഉടൻ അടച്ച് മറ്റൊരു വർഷത്തേക്ക് അത് മാറ്റിവെക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ പ്രായവും കുടുംബത്തിന്റെ ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് വർഷങ്ങൾക്ക് മുൻപ് എടുത്ത പോളിസി പരിരക്ഷ പര്യപ്തമാകണമെന്നില്ല.
അതിനാൽ പോളിസി പുതുക്കുന്നതിന് മുൻപ് താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്:
ഇൻഷുറൻസ് തുക (Sum Insured) പര്യപ്തമാണോ എന്ന് പരിശോധിക്കുക: ആശുപത്രി ചികിത്സാ ചെലവുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഴയ ഇൻഷുറൻസ് തുക തികയാതെ വന്നേക്കാം. കുടുംബത്തിന്റെ ആരോഗ്യ ആവശ്യങ്ങളും ചികിത്സാ ചെലവുകളും വിലയിരുത്തി കവറേജ് ഉയർത്താം. ഇതോടൊപ്പം റീസ്റ്റോറേഷൻ ആനുകൂല്യം, ക്യുമുലേറ്റീവ് ബോണസ് എന്നിവയുടെ വ്യവസ്ഥകളും പരിശോധിക്കണം.
പ്രീമിയം വർദ്ധനവിന്റെ കാരണം മനസിലാക്കുക: കഴിഞ്ഞ വർഷത്തെക്കാൾ പ്രീമിയം വർദ്ധിച്ചിട്ടുണ്ടെങ്കിൽ പ്രായപരിധി, പോളിസി മാറ്റങ്ങൾ എന്നിവയാണോ കാരണമെന്ന് അന്വേഷിക്കുക. കുറഞ്ഞ നിരക്കിലുള്ള മറ്റ് പോളിസികളിലേക്ക് മാറുമ്പോൾ കോ-പേയ്‌മെന്റ് (Co-payment), ഡെഡക്റ്റബിൾ (Deductible) തുടങ്ങിയ വ്യവസ്ഥകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.
പോളിസി നിബന്ധനകൾ വായിക്കുക: റൂം റെന്റ് പരിധികൾ (Room-rent limits), പ്രത്യേക രോഗങ്ങൾക്കുള്ള സബ് ലിമിറ്റുകൾ, ഒഴിവാക്കലുകൾ (Exclusions), നിലവിലുള്ള രോഗങ്ങളുടെ (Pre-existing diseases) കാത്തിരിപ്പ് കാലാവധി എന്നിവ കൃത്യമായി വായിച്ചു മനസിലാക്കുക.
നെറ്റ്‌വർക്ക് ആശുപത്രികളുടെ പട്ടിക പരിശോധിക്കുക: മുൻപ് കാഷ്‌ലെസ് (Cashless) ചികിത്സ നൽകിയിരുന്ന ആശുപത്രികൾ ഇപ്പോഴും ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്ക് പട്ടികയിലുണ്ടോ എന്ന് പുതുക്കുന്നതിന് മുൻപ് ഉറപ്പാക്കുക.
പോളിസി മാറ്റുന്നത് സംബന്ധിച്ച് (Portability) മുൻകൂട്ടി തീരുമാനിക്കുക: നിലവിലെ പോളിസി തൃപ്തികരമല്ലെങ്കിൽ മറ്റ് ഇൻഷുറൻസ് കമ്പനികളിലേക്ക് മാറാൻ ഇൻഷുറൻസ് പോർട്ടബിലിറ്റി സൗകര്യം ഉപയോഗിക്കാം. പുതുക്കൽ തീയതിക്ക് മുൻപ് തന്നെ ഇതിനായുള്ള നടപടികൾ ആരംഭിക്കേണ്ടതാണ്.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അടിയന്തിര ചികിത്സാ ഘട്ടങ്ങളിൽ അനാവശ്യ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine