

ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ഇൻഷുറൻസ് തുക (Sum Insured) ഉപയോഗിച്ചുതീർന്നാൽ അത് വീണ്ടും പുതുക്കി നൽകുന്ന സവിശേഷതയാണ് പുനഃസ്ഥാപന ആനുകൂല്യം (Restoration Benefit). ഇത് പോളിസിയുടെ സുരക്ഷ വർദ്ധിപ്പിക്കുമെങ്കിലും, ഇതിന്റെ വ്യവസ്ഥകൾ മനസിലാക്കാതെ ആശ്രയിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഇടയാക്കാം.
പ്രധാനപ്പെട്ട പോരായ്മകൾ താഴെ പറയുന്നവയാണ്:
എപ്പോൾ ലഭ്യമാകുമെന്നതിലെ അനിശ്ചിതത്വം: ഇൻഷുറൻസ് തുക ഭാഗികമായി തീർന്നുപോകുമ്പോൾ (Partial exhaustion) തന്നെ ചില പോളിസികൾ തുക റീസ്റ്റോർ ചെയ്തു നൽകും. എന്നാൽ മറ്റ് ചില പോളിസികളിൽ നിലവിലുള്ള കവറേജ് പൂർണമായി തീർന്നാൽ (Complete exhaustion) മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.
ഒരേ രോഗത്തിന് ഉപയോഗിക്കാൻ സാധിച്ചേക്കില്ല: പുനഃസ്ഥാപിക്കപ്പെടുന്ന തുക ഒരേ രോഗത്തിന്റെ തുടർചികിത്സയ്ക്കായി ഉപയോഗിക്കാൻ എല്ലാ ഇൻഷുറൻസ് പോളിസികളും അനുവദിക്കില്ല. പല കമ്പനികളും തികച്ചും വ്യത്യസ്തമായ മറ്റ് അസുഖങ്ങൾക്ക് (Unrelated illness) മാത്രമേ ഈ തുക ലഭ്യമാക്കാറുള്ളൂ.
അൺലിമിറ്റഡ് റീസ്റ്റോറേഷൻ പൂർണ പരിരക്ഷ നൽകണമെന്നില്ല: ഇൻഷുറർ 'അൺലിമിറ്റഡ് റീസ്റ്റോറേഷൻ' വാഗ്ദാനം ചെയ്താലും, ഒറ്റത്തവണത്തെ ആശുപത്രി വാസത്തിന് അടിസ്ഥാന ഇൻഷുറൻസ് തുകയേക്കാൾ ഉയർന്ന ചെലവ് വന്നാൽ അധിക തുക കമ്പനി നൽകണമെന്നില്ല. ഒരു വർഷത്തിൽ വരുന്ന ഒന്നിലധികം ക്ലെയിമുകൾക്കാണ് ഈ ആനുകൂല്യം പ്രധാനമായും ഉപകരിക്കുന്നത്.
റീസ്റ്റോർ ചെയ്യപ്പെടുന്ന തുകയ്ക്ക് അതിന്റേതായ പരിധികളുണ്ടാകാം. ചില പോളിസികളിൽ ഇൻപേഷ്യന്റ് (Inpatient) ആശുപത്രി വാസത്തിന് മാത്രമേ ഇത് ലഭിക്കൂ; അതോടൊപ്പം ഹോസ്പിറ്റലൈസേഷന് മുൻപും പിൻപുമുള്ള ചെലവുകൾക്ക് ഈ തുക ലഭ്യമായേക്കില്ല.
അതിനാൽ, കുറഞ്ഞ അടിസ്ഥാന കവറേജ് എടുത്ത് റീസ്റ്റോറേഷൻ ആനുകൂല്യങ്ങളെ മാത്രം ആശ്രയിക്കുന്നത് സുരക്ഷിതമല്ല. ആവശ്യത്തിന് ഉയർന്ന അടിസ്ഥാന ഇൻഷുറൻസ് തുക (Base sum insured) തിരഞ്ഞെടുക്കുകയും, റീസ്റ്റോറേഷനെ ഒരു അധിക ബാക്കപ്പ് സുരക്ഷയായി മാത്രം കാണുകയും ചെയ്യുന്നതാണ് അനുയോജ്യം.
Read DhanamOnline in English
Subscribe to Dhanam Magazine