Begin typing your search above and press return to search.
സമ്പത്തുണ്ടാക്കാനും ജീവിതകാലം അത് നിലനിറുത്താനും ഇതാ പോംവഴി
പരിശ്രമിച്ച് സമ്പത്തുണ്ടാക്കുക, ശേഷം ജീവിതം സുരക്ഷിതമാക്കുക. ഒട്ടുമിക്കവരുടെയും ജീവിതത്തിലെ ആഗ്രഹം ഇതൊക്കെത്തന്നെയായിരിക്കും. എന്നാല്‍ അങ്ങനെ കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യം കൊണ്ട് ജീവിതലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഫലപ്രദമായ സാമ്പത്തിക ആസൂത്രണത്തിലൂടെ മാത്രമെ സാധിക്കൂ. ലക്ഷ്യങ്ങള്‍ വ്യക്തമായി നിര്‍വചിക്കുകയും ബജറ്റുണ്ടാക്കുകയും ജാഗ്രതയോടെ നിക്ഷേപിക്കുകയും ചെയ്ത്, അച്ചടക്കത്തോടെയും അര്‍പ്പണബോധത്തോടെയും മുന്നോട്ട് നീങ്ങിയാല്‍ ഭാവി സുരക്ഷിതമാക്കാം. ജീവിതത്തിന്റെ ഓരോ ഘട്ടത്തിനായും നന്നായി ചിന്തിച്ചുറച്ച സാമ്പത്തികാസൂത്രണം സാധ്യമാണ്. വ്യത്യസ്ത പ്രായങ്ങളില്‍ എങ്ങനെ സാമ്പത്തികാസൂത്രണം നടത്താമെന്ന് വിശദീകരിക്കുകയാണിവിടെ.
സാമ്പത്തിക ആസൂത്രണം ഇവിടെ തുടങ്ങണം
20 വയസിന് ശേഷമാണ് ഒരുവ്യക്തിയുടെ കരിയര്‍ ആരംഭിക്കുന്നത്. ഉത്തരവാദിത്വം കുറഞ്ഞ ഈ പ്രായത്തില്‍ അവനവനുവേണ്ടി യഥേഷ്ടം പണം ചെലവഴിക്കുന്നു. സമയത്തിന്റെ ആനുകൂല്യം ഉണ്ടാവുമെങ്കിലും പണം വിനിയോഗിക്കുന്ന ശീലംപൂര്‍ണമായി രൂപപ്പെട്ടിട്ടുണ്ടാവില്ല. ആരോഗ്യകരമായ സാമ്പത്തിക ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എന്തൊക്കെ വേണമെന്ന് താഴെ നല്‍കിയിരിക്കുന്നു.
1. പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണനാക്രമം ഉണ്ടാക്കുക.
2. കടം ഒഴിവാക്കുക.
3. വരുമാനത്തിന്റെ ഒരുഭാഗം ഭാവിയിലേക്ക് കരുതുക.
സാമ്പത്തിക പദ്ധതി രൂപപ്പെടുത്തുന്നതിന് മുന്നോടിയായി വ്യക്തിഗത സമ്പത്ത്, നിക്ഷേപം എന്നിവയെക്കുറിച്ച് അറിവ് നേടിയിരിക്കണം. ഇതിനായി എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
ബജറ്റുണ്ടാക്കുക
നിങ്ങളുടെ പണത്തിന്റെ പോക്കുവരവുകള്‍ മനസിലാക്കുന്നതിന് ബജറ്റുണ്ടാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ സന്തോഷത്തിനും ആവശ്യങ്ങള്‍ക്കുമായി ചില ഘട്ടങ്ങളില്‍ പണം ചെലവഴിക്കാം. അത് വരുമാനത്തേക്കാള്‍ കൂടുതലായിരിക്കരുത്.
കരുതിവെയ്ക്കുക
ഓരോ മാസവും കുറച്ചു പണം സ്വരൂപിച്ച് ഒരു അടിയന്തിര ഫണ്ടുണ്ടാക്കണം. മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ചെലവുകള്‍ക്കായുള്ള പണം സ്വരൂപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
നിക്ഷേപം ആരംഭിക്കുക
ഈ പ്രായത്തില്‍ ഓഹരികള്‍ പോലുള്ള റിസ്‌ക് കൂടിയ, എന്നാല്‍ മികച്ച നേട്ടം ലഭിക്കാന്‍ സാധ്യതയുള്ള മാര്‍ഗങ്ങള്‍ നിക്ഷേപങ്ങള്‍ക്കായി സ്വീകരിക്കാം. ഇതില്‍ പ്രാവീണ്യം ഇല്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങുന്നതാണ് നല്ലത്. എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍)കളിലൂടെ ചെറിയ തുകകള്‍ നിക്ഷേപിച്ച് അത് കരിയറില്‍ ഉടനീളം നിലനിര്‍ത്തിയാല്‍ മികച്ച നേട്ടം നല്‍കുന്ന സമ്പാദ്യമായിത്തീരും.
വേണം ആരോഗ്യ ഇന്‍ഷ്വറന്‍സ്
ഇരുപതുകളില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്താല്‍ ചെറിയ പ്രീമിയമേ അടയ്‌ക്കേണ്ടതുള്ളു. പ്രായം കൂടുന്തോറും ആരോഗ്യം മോശമാകാന്‍ ഇടയുള്ളതിനാല്‍ പ്രീമിയവും കൂടുന്നു. ക്ലെയിം ഒന്നും നടത്തിയിട്ടില്ലെങ്കില്‍ നോ ക്ലെയിം ബോണസും നികുതിയിളവും ലഭിക്കും.
മുപ്പതുകളിലെ സാമ്പത്തിക ആസൂത്രണം
കല്യാണം, വീടു വാങ്ങല്‍, കുടുംബം തുടങ്ങുക, ജോലിയില്‍ മുന്നോട്ടു കുതിക്കുക തുടങ്ങി വ്യക്തിജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം 30 വയസിന്റെ ഘട്ടത്തിലാണല്ലോ നടക്കുക. പണച്ചെലവുള്ള ഇക്കാര്യങ്ങള്‍ക്കെല്ലാം നിങ്ങളെ സഹായിക്കാന്‍ സാമ്പത്തികാസൂത്രണത്തിനു സാധിക്കും.
പോർട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുക
സംഗതി ലളിതമാണ്. ഇരുപതുകളില്‍ നിക്ഷേപം തുടങ്ങി മുപ്പതുകളില്‍ വൈവിധ്യവല്‍ക്കരണത്തിലേക്കു നീങ്ങുക. പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതിലൂടെ നിക്ഷേപത്തിലെ റിസ്‌ക് കുറയ്ക്കാന്‍ കഴിയും. ഇതിലൂടെ വലിയൊരളവു വരെ സമ്പത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാം. റിസ്‌കെടുക്കാനുള്ള കെല്‍പ്പ് കൂടുതലാണെങ്കില്‍ നിക്ഷേപത്തിന്റെ 70 ശതമാനം ഓഹരികളിലും 20 ശതമാനം സ്ഥിരനിക്ഷേപത്തിലും 10 ശതമാനം സ്വര്‍ണത്തിലും നിക്ഷേപിക്കാം. എന്നാല്‍ റിസ്‌കെടുക്കാനുള്ള കഴിവ് ശരാശരി മാത്രമാണെങ്കില്‍ 60 ശതമാനം ഓഹരിയിലും 30 ശതമാനം സ്ഥിരനിക്ഷേപ എക്കൗണ്ടിലും 10 ശതമാനം സ്വര്‍ണത്തിലും നിക്ഷേപിക്കാം. റിസ്‌കെടുക്കുന്നതില്‍ പിന്നാക്കമാണെങ്കില്‍ ഓഹരിയില്‍ 40 ശതമാനം, സ്ഥിരനിക്ഷേപം 50 ശതമാനവും സ്വര്‍ണത്തില്‍ 10 ശതമാനവും നിക്ഷേപിക്കാം.
റിട്ടയര്‍മെന്റിനായി ആസൂത്രണം
സുരക്ഷിത ഭാവിക്കായി റിട്ടയര്‍മെന്റ് പ്ലാനിംഗ് ആവശ്യമാണ്. സ്ഥിരമായി നിക്ഷേപിച്ചു തുടങ്ങിയാല്‍ നിക്ഷേപത്തിന്റെ കാലദൈര്‍ഘ്യം മൂലം റിട്ടയര്‍മെന്റ് കാലത്ത് ഒന്നിച്ചുകിട്ടുന്ന പണം കൂടുതലായിരിക്കും. വിപണിയില്‍ ലഭ്യമായ വൈവിധ്യമാര്‍ന്ന റിട്ടയര്‍മെന്റ് പദ്ധതികളില്‍ ഏതിലെങ്കിലും ചേരുകയോ സര്‍ക്കാരിന്റെ റിട്ടയര്‍മെന്റ് പദ്ധതിയില്‍ അംഗമാവുകയോ ചെയ്യാം. ഈ സാമ്പത്തിക ലക്ഷ്യം മുന്‍ നിര്‍ത്തി മുപ്പതുകളില്‍ തന്നെ നിക്ഷേപിച്ചു തുടങ്ങിയാല്‍ വയസുകാലത്തും നിങ്ങള്‍ക്ക് നല്ല ജീവിത നിലവാരം കാത്തുസൂക്ഷിക്കാം.
ഇന്‍ഷ്വറന്‍സ്: നല്ല ആശയം
കുടുംബത്തിലെ പ്രധാന വരുമാന സ്രോതസായ അംഗത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ കഷ്ടത്തിലാകും. ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാന്‍ ലൈഫ് ഇന്‍ഷ്വറന്‍സ് സഹായിക്കും. ഭാവിയില്‍ വരാനിടയുള്ള വൈദ്യസഹായ ചെലവുകള്‍ക്കായി ഇന്‍ഷ്വറന്‍സ് യഥാസമയം പുതുക്കണം. ഒറ്റയടിക്കു പുതുക്കുമ്പോള്‍ പ്രീമിയം കൂടുതലായിരിക്കും. ഇതു സമ്പാദ്യത്തെ ബാധിക്കും. ഇതിനു ബദലായി സമയാനുസൃതമായ പുതുക്കല്‍ ഗുണകരമായിരിക്കും.
ക്രെഡിറ്റ് സ്‌കോര്‍ ശ്രദ്ധിക്കുക
ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് ഹിസ്റ്ററിയുമാണ് കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണ് വായ്പകള്‍ കൈകാര്യം ചെയ്തത് എന്നു കാണിക്കുന്നത്. ഭവനവായ്പ പോലുള്ള വലിയ വായ്പകളെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ താഴ്ന്ന ക്രെഡിറ്റ് സ്‌കോറാണെങ്കില്‍ വായ്പ എടുക്കാനുള്ള നിങ്ങളുടെ കഴിവിനേയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക നിലയേയും ബാധിക്കും.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി സര്‍വീസസ് മേധാവിയാണ് ലേഖകന്‍. ഇമെയില്‍: jeevan@geojit.com)
(This article has been originally published in December 15th Issue of Dhanam Business Magazine)
Next Story
Videos