വായ്പക്കാരനെ ശ്വാസംമുട്ടിക്കും; ഭവന വായ്പയിലെ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍
ഹരിനാരായണൻ വി.എസ്
ഇന്ന് ബാങ്ക് ശാഖകളിലോ ഹൗസിങ്ഫിനാന്‍സ് ഓഫീസുകളിലോ ചെന്നാല്‍ ഒരു കാര്യം വ്യക്തമാകും. മിക്ക ഭവന വായ്പ തീരുമാനങ്ങളും എടുത്തിരിക്കുന്നത് ഇന്നത്തെ ആവശ്യങ്ങള്‍ നോക്കിയല്ല, മറിച്ച് ആഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു ലോണ്‍ കണ്‍സള്‍ട്ടന്റ്, മുന്‍ ബാങ്കര്‍ എന്നീ നിലകളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ എന്തിനാണ് ആളുകള്‍ തങ്ങളുടെ സാമ്പത്തിക ശേഷിക്ക് അപ്പുറമുള്ള വായ്പകള്‍ എടുക്കുന്നതെന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. കാലക്രമേണ അതിന്റെ ഉത്തരം എനിക്ക് ലഭിച്ചു.
ആളുകള്‍ വീട് വാങ്ങുന്നത് ഇന്ന് അവര്‍ ആരാണെന്നത് നോക്കിയല്ല, മറിച്ച് നാളെ ആരായിത്തീരും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ ചിന്താഗതി സ്വാഭാവികവും പ്രശംസനീയമാണെങ്കിലും ഭവന വായ്പ പോലുള്ള ദീര്‍ഘകാല സാമ്പത്തിക ബാധ്യതകളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ഭാവി വാങ്ങുന്നു, പതിറ്റാണ്ടുകളോളം പണമടക്കുന്നു
കേരളത്തില്‍ പ്രതിമാസം 40,000-50,000 രൂപ ശമ്പളം വാങ്ങുന്നവര്‍ 50-70 ലക്ഷം രൂപ വിലമതിക്കുന്ന വീടുകള്‍ വാങ്ങുന്നത് ഇന്ന് സാധാരണയാണ്. നാഷണല്‍ ഹൗസിങ് ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഭവന വായ്പകളുടെ ശരാശരി കാലാവധി ഇപ്പോള്‍20 മുതല്‍ 25 വര്‍ഷം വരെയാണ്.ചിലത് 30 വര്‍ഷം വരെ നീളുന്നു.
അതായത്, മുപ്പതുകളുടെ തുടക്കത്തില്‍ ഒരാള്‍ എടുക്കുന്ന തീരുമാനം അയാളുടെ അമ്പതുകളിലെയും അറുപതുകളിലെയും ക്യാഷ്ഫ്ളോ, ജീവിതരീതി, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയവയെ സ്വാധീനിക്കുന്നു. സാധാരണയായി അതിനുള്ള ന്യായങ്ങള്‍ ഇവയാണ്;
എന്റെ വരുമാനം വര്‍ധിക്കും.
എന്റെ ജോലി എന്നെന്നും നിലനില്‍ക്കും.
ഇതാണ് ഞാന്‍ ആഗ്രഹിക്കുന്ന ജീവിതശൈലി.
വരുമാനം വര്‍ധിച്ചേക്കാം. ജീവിതം പലപ്പോഴും നേര്‍രേഖയില്ലല്ല സഞ്ചരിക്കുക. ജോലി മാറ്റങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, കുടുംബ ഉത്തരവാദിത്തങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവ വായ്പ എടുക്കുന്ന സമയത്ത് പലരും കണക്കിലെടുക്കാറില്ല.
ആസൂത്രണമില്ലാത്ത വായ്പയാണ് വില്ലന്‍
ആഗ്രഹങ്ങളുണ്ടാകുന്നതില്‍ തെറ്റില്ല. അവ വ്യക്തിഗതവും സാമ്പത്തികവുമായ വളര്‍ച്ചയുടെ ചാലക ശക്തികളാണ്. എന്നാല്‍ അവ കൃത്യമായ ആസൂത്രണമോ സാമ്പത്തിക കരുതലോ ഇല്ലാതെ പൂര്‍ണമായും കടമെടുത്ത് നടപ്പിലാക്കുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്.
ഹ്രസ്വകാലയളവിലേക്ക് മറ്റെന്തെങ്കിലും വാങ്ങുന്നത് പോലെ ഭവനവായ്പയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താന്‍ കഴിയില്ല. വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമ്പോഴും ഇഎംഐയില്‍ മാറ്റമുണ്ടാകില്ല. കാലക്രമേണ, ഇത് വായ്പക്കാരനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നു. അതായത് സമ്പാദ്യം ഉണ്ടാക്കുന്നതിന് പകരം കടം വീട്ടാന്‍ വേണ്ടി മാത്രം ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ.
സാമ്പത്തിക കാഴ്ചപ്പാടിന്റെ പ്രസക്തി
ഇവിടെയാണ് ശരിയായ വായ്പഉപദേശത്തിന്റെ പ്രസക്തി. ഒരു മികച്ച ഭവന വായ്പ എന്നത് വെറും പലിശ നിരക്കുമായി ബന്ധപ്പെട്ടുള്ളതല്ല, അത് നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം.
ഉത്തരവാദിത്തത്തോടെയുള്ള വായ്പയെന്നാല്‍;
ഇഎംഐകള്‍ മാനസികമായി സൗകര്യപ്രദമായ പരിധിയില്‍ നിര്‍ത്തുക.
വായ്പ നേരത്തെതിരിച്ചടക്കാനുള്ള വഴികള്‍ തുടക്കത്തിലേ ആസൂത്രണം ചെയ്യുക.
കൂട്ടുപലിശ ഉണ്ടാക്കുന്നആഘാതം മനസിലാക്കുക.
വരുമാനം കൂടുന്നതനുസരിച്ച് വായ്പ പുനഃക്രമീകരിക്കുക.
എന്റെ അനുഭവത്തില്‍ ഈ രീതികള്‍ പിന്തുടരുന്നവര്‍ നിശ്ചിത സമയത്തിന് 7-10 വര്‍ഷം മുമ്പേ വായ്പ തിരിച്ചടച്ച് തീര്‍ക്കുകയും ലക്ഷക്കണക്കിന് രൂപ പലിശ ഇനത്തില്‍ ലാഭിക്കുകയും ചെയ്യുന്നു.
ബാങ്ക് നോക്കുന്നതും നോക്കാത്തതും
വായ്പ അനുവദിക്കുമ്പോള്‍ ബാങ്ക് എന്താണ് നോക്കുന്നത് എന്നത് സംബന്ധിച്ച് പരക്കെ തെറ്റിദ്ധാരണയുï്. ബാങ്ക് നിങ്ങളുടെ യോഗ്യതയാണ് പരിഗണിക്കുക. മറിച്ച് നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതാണോ എന്നല്ല. വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, മറ്റ് രേഖകള്‍ എന്നിവ ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ വായ്പ അനുവദിക്കും. എന്നാല്‍ ബാങ്കുകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാറില്ല.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ജീവിതശൈലി നിങ്ങള്‍ക്ക് താങ്ങാനാവുമോ?
അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ നിങ്ങളുടെ കയ്യില്‍ കരുതല്‍ ധനമുണ്ടോ?
കടബാധ്യതയുമായിപൊരുത്തപ്പെട്ട് പോകാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
ഭാവിയിലെ കുടുംബ പരമോ ആരോഗ്യപരമോ ആയ ഉത്തരവാദിത്തങ്ങള്‍.
ഇവിടെയാണ് ഒരാള്‍ക്ക് എടുക്കാന്‍ കഴിയുന്ന വായ്പയും എടുക്കാവുന്ന വായ്പയും തമ്മിലുള്ള അപകടകരമായ അന്തരം നിലനില്‍ക്കുന്നത്.
എല്ലാം മാറ്റിമറിക്കുന്ന ചോദ്യം
ഭവന വായ്പയെ കുറിച്ച്ആലോചിക്കുമ്പോള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം 'എനിക്ക് എത്ര രൂപ വായ്പ ലഭിക്കും?' എന്നല്ല. മറിച്ച് 'സുഖമായി ജീവിക്കാനും സമാധാനത്തോടെ ഉറങ്ങാനും കഴിയണമെങ്കില്‍ എത്ര ഇഎംഐ വരെയാകാം?' എന്നാണ്. ചിന്താഗതിയിലുള്ള ഈ മാറ്റംകൊണ്ട് ഭവന വായ്പ ഭാരം എന്നതിന് പകരം ഒരു ഉപകരണമായി മാറുന്നു.
അറിഞ്ഞുകൊണ്ടുള്ള ആഗ്രഹങ്ങള്‍
വീട് എന്നത് കേവലം സാമ്പത്തിക ആസ്തി എന്നതിനപ്പുറം വൈകാരികമായ നാഴികക്കല്ലാണ്. എന്നാല്‍ വൈകാരികമായ തീരുമാനങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ സാമ്പത്തിക അച്ചടക്കം അത്യാവശ്യമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാവിക്ക് വേണ്ടി വായ്പ എടുക്കുക. പക്ഷേ ആ വായ്പ ഇന്ന് നിങ്ങള്‍ നയിക്കുന്ന ജീവിതത്തിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കണം.
ആസൂത്രണത്തിന്റെ പിന്‍ബലമുള്ള ആഗ്രഹങ്ങള്‍ പുരോഗതിയിലേക്ക് നയിക്കും. വെറും ശുഭാപ്തി വിശ്വാസം മാത്രം മുന്‍ നിര്‍ത്തിയുള്ളവ സമ്മര്‍ദ്ദത്തിന് കാരണമാകും. ദീര്‍ഘകാല വായ്പകളുടെ കാര്യത്തില്‍ യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുന്നത് അശുഭാപ്തി വിശ്വാസമല്ല, മറിച്ച് അതാണ് വിവേകം.
(കളമശ്ശേരി ആസ്ഥാനമായുള്ള സിഎഡി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്സിന്റെ മാനേജിങ് പാര്‍ട്ണറാണ് ലേഖകന്‍)
(Originally published in Dhanam Magazine January 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine

