സ്വര്‍ണവില ലക്ഷത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ ഹോം ലോണ്‍ തീര്‍ക്കുന്നതാണോ മിടുക്ക്?

ഭവനവായ്പകൾ പോലെ ദീർഘകാല ബാധ്യത തീർക്കാൻ സ്വർണം വിറ്റഴിക്കുന്നത് സാമ്പത്തികമായി എത്രത്തോളം ലാഭകരമാണ്?
Gold And Debt
Canva
Published on

സ്വർണവില റെക്കോർഡ് നിലവാരത്തിന് സമീപം തന്നെ തങ്ങിനിൽക്കുന്ന ഈ സമയം, കേവലം നിക്ഷേപ നേട്ടം എന്നതിലുപരിയായി അത് ഒരു സാമ്പത്തിക അവസരവും കൂടി നൽകുന്നുണ്ട്. പ്രത്യേകിച്ചും ഉയർന്ന പലിശ നിരക്കുള്ളതും ദീർഘമായ കാലയളവിലേക്ക് തിരിച്ചടവ് ബാധ്യതയുമുള്ള ഭവന വായ്പകളുടെ ഭാരത്തിൽ കഴിയുന്നവർക്ക്, സ്വർണ വിലയിലുണ്ടായ കുതിച്ചുകയറ്റം കടബാധ്യത കുറയ്ക്കാനുള്ള ഒരു അവസരം തുറക്കുന്നു. കൈവശമുള്ള സ്വർണം വിറ്റ് വായ്പകൾ‌ തീർക്കണമോ, അതോ വായ്പയിൽ തുടർന്നും പിടിച്ചുനിൽക്കണമോ എന്ന വിഷയത്തിൽ സാമ്പത്തിക വിദ​ഗ്ധർ പറയുന്നത് എന്തെന്ന് നോക്കാം.

ഇ.എം.ഐ ലാഭവും എസ്.ഐ.പി സാധ്യതയും

വായ്പ നേരത്തെ അടച്ചു തീർക്കുന്നതിലൂടെ ലാഭിക്കുന്ന പ്രതിമാസ തവണ (ഇ.എം.ഐ), മികച്ച ആദായം നൽകുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്.ഐ.പി) മുഖേന നിക്ഷേപിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ വലിയ സമ്പാദ്യം സൃഷ്ടിക്കാൻ വഴിയൊരുക്കും. ഉദാഹരണത്തിന്, 9% പലിശയുള്ള ഒരു വായ്പ തീർക്കുന്നതിലൂടെ ലാഭിക്കുന്ന തുക, ശരാശരി 12-15% ആദായം പ്രതീക്ഷിക്കാവുന്ന ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിച്ചാൽ, വായ്പയുടെ യഥാർത്ഥ കാലാവധി അവസാനിക്കുമ്പോഴേക്കും വായ്പാ തുകയേക്കാൾ വലിയൊരു സഞ്ചിത നിധി (Corpus Fund) കെട്ടിപ്പടുക്കാൻ നിക്ഷേപകന് സാധിക്കുമെന്ന് വെൽത്ത് മാനേജ്മെന്റ് സ്ഥാപനമായ കണ്ണങ്കര വെൽത്ത്‍വൈസിന്റെ സ്ഥാപകനും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ രതീഷ് കണ്ണങ്കര പറഞ്ഞു.

പലിശ ലാഭവും അവസരത്തിന്റെ മൂല്യവും

ഭവന വായ്പകളുടെ പലിശ നിരക്ക് നിലവിൽ 8.5% മുതൽ 10% വരെയാണ്. സ്വർണം വിറ്റ് ഈ വായ്പ തിരിച്ചടയ്ക്കുമ്പോൾ, വായ്പയുടെ ശേഷിക്കുന്ന കാലയളവിൽ നൽകേണ്ടി വരുന്ന ഭീമമായ പലിശ ലാഭിക്കാൻ സാധിക്കും. മിക്കപ്പോഴും വായ്പയിൽ തിരിച്ചടയ്ക്കേണ്ടുന്ന മുതൽ തുകയേക്കാൾ ഒന്നരമടങ്ങ് വരെയാണ് പലിശ ഇനത്തിൽ മാത്രം പോക്കറ്റിൽ നിന്നും ചോർന്നു പോകുന്നത്. അതുകൊണ്ട്, ഒരു നിക്ഷേപം എന്ന നിലയിൽ സ്വർണം നൽകുന്ന വാർഷിക ആദായത്തേക്കാൾ വായ്പയുടെ പലിശ നിരക്ക് കൂടുതലാണെങ്കിൽ, കടം വീട്ടുന്നതാണ് യുക്തിസഹമെന്ന് രതീഷ് കണ്ണങ്കര പറഞ്ഞു.

ചരിത്രപരമായി നോക്കിയാൽ, സ്വർണ വിലയിലെ കുതിച്ചുചാട്ടത്തിന് ശേഷം നിശ്ചിത കാലയളവിൽ ഒരു തിരുത്തൽ (Correction) അല്ലെങ്കിൽ കൺസോളിഡേഷൻ ഉണ്ടാകാറുണ്ട്. പലിശ നിരക്കുകളിൽ മാറ്റം വരികയോ രാജ്യാന്തര സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയോ ചെയ്താൽ സ്വർണവില താഴേക്ക് വരാം. ഈ ഘട്ടത്തിൽ സ്വർണം വിറ്റഴിക്കുന്നത് ലാഭം ബുക്ക് ചെയ്യുന്നതിന് തുല്യമാണ്. പിന്നീട് വില കുറയുന്ന സമയത്ത് സ്വർണം തിരികെ വാങ്ങുകയോ പേപ്പർ ഗോൾഡ് (​ഗോൾഡ് ഇ.ടി.എഫ്, ​ഗോൾഡ് മ്യൂച്വൽ ഫണ്ട്) രൂപത്തിൽ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണെന്നും രതീഷ് കണ്ണങ്കര പറഞ്ഞു.

എന്ത് ചെയ്യണം?

ഉയർന്ന പലിശയുള്ള ദീർഘകാല വായ്പകൾ നിലവിലുള്ളവർക്ക്, സ്വർണത്തിന്റെ ഉയർന്ന മൂല്യം പ്രയോജനപ്പെടുത്തി കടബാധ്യത കുറയ്ക്കുന്നത് ലിക്വിഡിറ്റി വർധിപ്പിക്കാനും ഭാവി നിക്ഷേപങ്ങൾക്ക് മൂലധനം കണ്ടെത്താനും സഹായിക്കും. അതുപോലെ വ്യക്തി​ഗത സാമ്പത്തികാരോ​ഗ്യം കണക്കാക്കുന്നതിന് സഹായകരമായ ഡെറ്റ് സർവീസ് കവറേജ് റേഷ്യോ (DSCR), ഡെറ്റ് ടു അസറ്റ് (Debt-to-Asset) റേഷ്യോ തുടങ്ങിയ അനുപാതങ്ങൾ ഉയർന്നു നിൽക്കുന്നവർക്കും സ്വർണം വിറ്റു കടബാധ്യതകൾ തീർക്കുന്നത് ഉചിതമായിരിക്കുമെന്നും രതീഷ് കണ്ണങ്കര പറഞ്ഞു. എന്നാൽ, അടിയന്തര ആവശ്യങ്ങൾക്കുള്ള കരുതൽ ധനം (Emergency Fund) മാറ്റിവെച്ചതിന് ശേഷം മാത്രമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com