ഉയര്‍ന്ന പെന്‍ഷന്‍: വിവരങ്ങള്‍ നല്‍കാനുള്ള സമയപരിധി നീട്ടി കേന്ദ്രം

ഈ വര്‍ഷം ജൂലൈ 12 വരെ 18 ലക്ഷം പെന്‍ഷന്‍കാര്‍ ഉയര്‍ന്ന പെന്‍ഷനായി അപേക്ഷിച്ചു
Image:canva
Image:canva
Published on

ഉയര്‍ന്ന പെന്‍ഷനായി (Higher pension) അപേക്ഷിച്ച പെന്‍ഷന്‍കാരുടെ ശമ്പളവും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ). ഈ വര്‍ഷം ജൂലൈ 12 വരെ 18 ലക്ഷം പെന്‍ഷന്‍കാര്‍ ഉയര്‍ന്ന പെന്‍ഷനായി അപേക്ഷിച്ചു. അതില്‍ 5.52 ലക്ഷം അപേക്ഷകള്‍ ഇപ്പോഴും തൊഴിലുടമകളുടെ പക്കല്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. അതിനാല്‍ ഇത് തീര്‍പ്പക്കാനുള്ള സമയം തൊഴിലുടമകളും ബന്ധപ്പെട്ട അസോസിയേഷനുകളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇ.പി.എഫ്.ഒ തീയതി നീട്ടിയത്.

ഉയര്‍ന്ന പെന്‍ഷനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കിയിരുന്നതായി തൊഴില്‍ മന്ത്രാലയം പറഞ്ഞു. 2022 നവംബര്‍ 4ലെ സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി അര്‍ഹരായ പെന്‍ഷന്‍കാര്‍ക്കും അംഗങ്ങള്‍ക്കും വേണ്ടിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. 2023 ഫെബ്രുവരി 26ന് ആരംഭിച്ച ഈ ഓണ്‍ലൈന്‍ സൗകര്യം ആദ്യം മെയ് 3 വരെ മാത്രമേ ലഭ്യമായിരുന്നുള്ളു.

പിന്നീട് ജീവനക്കാരുടെ പ്രാതിനിധ്യം കണക്കിലെടുത്ത് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂണ്‍ 26 ആയി നിശ്ചയിച്ചു. ശേഷം 15 ദിവസം കൂടി നല്‍കി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂലൈ 11 നീട്ടുകയായിരുന്നു. ഉയര്‍ന്ന പെന്‍ഷനായി ഇത്തരത്തില്‍ അപേക്ഷ നല്‍കിയവരുടെ ശമ്പളവും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധിയാണ് നിലവില്‍ ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുന്നത്.

അപേക്ഷിക്കാം

2022 നവംബര്‍ നാലിനാണ് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പാക്കണമെന്ന കേസില്‍ സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ചവര്‍ക്കും ജോലിയില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷനായി ഓപ്ഷന്‍ നല്‍കാം. ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ തൊഴിലാളിയും തൊഴിലുടമയും സംയുക്തമായി ഓപ്ഷന്‍ നല്‍കണം.

ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കുന്നവര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് കൂടുതല്‍ തുക അടയ്‌ക്കേണ്ടി വരും. പഴയ സര്‍വീസ് കാലത്ത് ഉയര്‍ന്ന ശമ്പള പരിധിക്ക് മുകളില്‍ പി.എഫിലേക്ക് അടച്ച തുകയും അതിനു ലഭിച്ച പലിശയും പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണം. ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കുമ്പോള്‍ കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുമെന്നതിനാല്‍ പി.എഫ് (പ്രൊവിഡന്റ് ഫണ്ട്) തുകയില്‍ കുറവു വരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com