എപ്പോഴാണ് നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് ശരിക്കും ഉപയോഗപ്പെടുത്തേണ്ടത്? എങ്ങനെ കരുതി വയ്ക്കും?

എപ്പോഴാണ് നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് ശരിക്കും ഉപയോഗപ്പെടുത്തേണ്ടത്? എങ്ങനെ കരുതി വയ്ക്കും?
Published on

എമര്‍ജന്‍സി ഫണ്ട് ഒരുപക്ഷെ ഇപ്പോഴാണ് മലാളികള്‍ക്കിടയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രളയത്തിന് മുന്‍പ് വരെ പെട്ടെന്നുണ്ടാകുന്ന രോഗം, അപകടം, തൊഴില്‍ നഷ്ടപ്പെടല്‍ എന്നിവയായിരുന്നു മലയാളിയുടെ 'അടിയന്തിര സാഹചര്യങ്ങള്‍' എന്ന ലിസ്റ്റ്. എന്നാല്‍ സ്ഥിതി ആകെ കലങ്ങി മറിഞ്ഞു. ഇന്നിപ്പോള്‍ നാം ചിന്തിക്കുന്നത് ഇനിയൊരു ലോക്ഡൗണ്‍ വന്നാല്‍ അതിനെ എങ്ങനെയൊക്കെ നേരിടണം എന്നാണ്. കോവിഡാനന്തരം തൊഴിലില്ലായ്മ ഇനിയും രൂക്ഷമാകാനിടയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ തന്നെ ലോക്ഡൗണ്‍ കാരണമായി വരുമാന മാര്‍ഗം നിലച്ച് മുഴുപ്പട്ടിണിയിലേക്ക് വീണുപോയ അനേകം പേരുണ്ട്. ദിവസവേതനക്കാരെയും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരെയുമാണ് ആദ്യം ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കുകയെങ്കിലും സാഹചര്യം സങ്കീര്‍ണമാകുന്നതനുസരിച്ച് മുകള്‍ത്തട്ടിലുള്ളവരിലേക്കും വ്യാപിക്കാന്‍ തുടങ്ങി. എന്നാല്‍, വ്യക്തമായ സാമ്പത്തിക ആസൂത്രണമുള്ളവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പരിധിവരെ പിടിച്ച് നില്‍ക്കാനാകും എന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവിടെയാണ് എമര്‍ജന്‍സി ഫണ്ടുകളുടെ പ്രസക്തി. അടിയന്തിസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാനായി നാം ഓരോരുത്തരും കരുതിവെക്കേണ്ട ഒരു നിക്ഷേപമാണ് എമര്‍ജന്‍സി ഫണ്ട്. എന്നാല്‍ ഏതൊക്കെയാണ് ഈ അടിയന്തിര സാഹചര്യങ്ങള്‍. എപ്പോഴാണ് ഈ ഫണ്ട് എടുത്ത് വിനിയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

വരുമാനം പൂര്‍ണമായി നിലയ്ക്കുമ്പോള്‍

എല്ലാ വരുമാന ശ്രോതസ്സും നിലയ്ക്കുമ്പോള്‍ മാത്രമേ എമര്‍ജന്‍സി ഫണ്ട് വിനിയോഗിക്കാവൂ. ബിസിനസ് പൂര്‍ണമായും പ്രവര്‍ത്തിക്കാതെ വരുമ്പോള്‍, തൊഴില്‍ നഷ്ടമാകുമ്പോള്‍, നിത്യ ചെലവിനുള്ള വരുമാനം പോലും ലഭിക്കാതെ വരുമ്പോഴൊക്കെയാണ് എമര്‍ജന്‍സി ഫണ്ട് എടുത്തു ചെലവഴിക്കുക. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഉപയോഗിക്കാത്ത അനാവശ്യ വസ്തുക്കള്‍. വീട്ടിലെ അധികം ഉപയോഗമില്ലാത്ത വാഹനങ്ങള്‍ എന്നിവ വിറ്റ് എമര്‍ജന്‍സി ഫണ്ടിലേക്ക് തുക തിരികെ നിക്ഷേപിക്കുകയും വേണം.

പെട്ടെന്നുളള ആവശ്യങ്ങള്‍

കുട്ടികളുടെ ഫീസ്, മാതാപിതാക്കളുടെ ആവശ്യങ്ങള്‍, ബന്ധുവിന്റെ വിവാഹം, വിയോഗം പോലുള്ള പണച്ചെലവുകള്‍, പെട്ടെന്നുണ്ടാകുന്ന യാത്രാ ചെലവ്, ഒഴിവാക്കാനാകാത്ത, വീട്ടിലെ അറ്റകുറ്റപ്പണി, എന്നിവയിലൊക്കെ സാമ്പത്തികമായി നിങ്ങളെ സഹായിക്കാന്‍ എമര്‍ജന്‍സി ഫണ്ടിന് കഴിയും.

ചികിത്സാ ചെലവുകള്‍

ചികിത്സാ ചെലവുകള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കിലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് അല്ലാതെ വരുന്ന അടിയന്തിര ചികിത്സാ ചെലവുകള്‍, കിടത്തി ചികിത്സ, പ്രായമായവരുടെ അത്യാവശ്യ ചെക്കപ്പുകള്‍ എന്നിവയ്ക്ക് ഈ തുക ഉപയോഗിക്കാം.

എങ്ങനെ സമാഹരിക്കാം

സമയമെടുത്ത് ഗഡുക്കളായി വേണം എമര്‍ജന്‍സി ഫണ്ട് രൂപപ്പെടുത്താന്‍. നികുതിയിനത്തില്‍ ലഭിക്കുന്ന ഇളവുകള്‍ എമര്‍ജന്‍സി ഫണ്ടിലേക്ക് എത്തിക്കുന്നത് ബാധ്യത കുറക്കാന്‍ സഹായകമാകും. എമര്‍ജന്‍സി ഫണ്ടായി നിങ്ങള്‍ കരുതിയ അത്രയും തുക സ്വരൂപിക്കുന്നതു വരെ അനാവശ്യ ചെലവുകള്‍ നിയന്ത്രിച്ചുകൊണ്ട് പണം എമര്‍ജന്‍സി ഫണ്ടിലേക്ക് എത്തിക്കാനാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

തുക ആയിക്കഴിഞ്ഞാല്‍ അറിയേണ്ട കാര്യങ്ങള്‍

ആദ്യം നിശ്ചയിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളെയാണ് അടിയന്തിര സ്വഭാവമുള്ളവയില്‍ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്തേണ്ടത് എന്നാണ്. ഉദാഹരണം, കാറിലുണ്ടാകുന്ന വലിയ അറ്റകുറ്റപ്പണികള്‍ പല കാരണങ്ങള്‍ കൊണ്ടും ഒരാള്‍ക്ക് അടിയന്തിരമായി പരിഹരിക്കേണ്ട ഒന്നല്ല എങ്കില്‍, മറ്റൊരാള്‍ക്കത് ഒഴിച്ചുകൂടാനാകാത്തതാകും. ഇത്തരത്തില്‍ നിങ്ങള്‍ക്കുണ്ടാകാനിടയുള്ള അടിയന്തിര പ്രശ്‌നങ്ങളെ വിശകലനം ചെയ്ത ശേഷം അതില്‍ ആവശ്യമുള്ളവയെ ഉള്‍പ്പെടുത്തുക. എന്നാല്‍ തീവ്ര അടിയന്തര സ്വഭാവമുള്ളവയെ ഒഴിവാക്കാനും പാടില്ല.

തീരുമാനിച്ചുറപ്പിച്ച ആവശ്യങ്ങള്‍ക്കല്ലാതെ എമര്‍ജന്‍സി ഫണ്ടില്‍നിന്ന് പണം ചിലവഴിക്കില്ല എന്ന ദൃഢനിശ്ചയം എടുക്കുക എന്നതാണ്. ദൃഢനിശ്ചയം എടുത്താല്‍ മാത്രം പോര, അത് പ്രാവര്‍ത്തികമാക്കുകയും വേണം.

നിക്ഷേപകനും ആശ്രിതര്‍ക്കും മൂന്ന് മുതല്‍ ആറു മാസം വരെ ഒരു അല്ലലുമില്ലാതെ ജീവിക്കാനാവശ്യമായ തുക എമര്‍ജന്‍സി ഫണ്ടില്‍ ഉണ്ടാകണം.

ജീവിതച്ചിലവുകള്‍ കൂടുംതോറും എമര്‍ജന്‍സി ഫണ്ടും ആനുപാതികമായി കൂടേണ്ടതുണ്ട്.

എമര്‍ജന്‍സി ഫണ്ടിലേക്ക് ആവശ്യമുള്ള തുകയുടെ 50 ശതമാനം സേവിങ്‌സ് അക്കൗണ്ടിലും ബാക്കി 50 ശതമാനം ലിക്വിഡ് മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്നത് ഉചിതമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com