

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഇന്ന് സര്‍വ സാധാരണമായിരിക്കുകയാണ്. സാധാരണക്കാരനെന്നോ സമ്പന്നനെന്നോ വ്യത്യാസമില്ലാതെ ഇന്നത്തെ കാലത്ത് എല്ലാവരുടെയും കൈവശമുള്ള വളരെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡ്. കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിച്ചില്ലെങ്കില്‍ ഇവ വലിയ കടക്കെണിയിലായിരിക്കും ഉപയോക്താക്കളെ തളളിവിടുക. കൃത്യമായ പ്ലാനിംഗോടെ ഉപയോഗിച്ചാൽ ഇതൊരു മികച്ച സൗകര്യമാണെങ്കിലും, പലരും ഇതിലെ കെണികളിൽ വീണുപോകാറുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നുവെന്നതാണ് ഇവയുടെ ഏറ്റവും വലിയ വെല്ലുവിളി. ചില ഉപയോക്താക്കളുടെ കൈവശം വ്യത്യസ്ത ഓഫറുകളുടെ അഞ്ചും ആറും അതിലധികവും കാര്‍ഡുകള്‍ വരെയാണ് ഉളളത്.
കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം അതിവേഗം വർദ്ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം, ഓൺലൈൻ ഷോപ്പിംഗ് ശീലങ്ങളിലെ വര്‍ധന, മികച്ച റിവാർഡുകൾ എന്നിവയാണ് ഇവരെ ഇതിലേക്ക് ആകർഷിക്കുന്നത്. അതേസമയം, പലരും ഈ തുക കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാതെ വലിയ കടത്തിലേക്ക് വീഴുന്നതായും കണ്ടുവരുന്നു. ഇന്നത്തെ ചെറുപ്പക്കാർ (Millennials & Gen Z- 1981 നും 2012 നും ഇടയില്‍ ജനിച്ചവര്‍) ക്രെഡിറ്റ് കാർഡുകളെ വെറുമൊരു പണമിടപാട് ഉപാധിയേക്കാൾ, സാമ്പത്തിക വളർച്ചയ്ക്കും ക്രെഡിറ്റ് സ്കോർ നിർമ്മാണത്തിനും ഉള്ള ഒരു ടൂൾ ആയാണ് കാണുന്നത്. ചിലര്‍ അത്യാവശ്യങ്ങൾക്കും ഓൺലൈൻ ഷോപ്പിംഗിനുമായി കൃത്യമായ ബജറ്റ് തയ്യാറാക്കി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമ്പോള്‍, മറ്റു ചിലര്‍ ഇവ മൂലം കടത്തില്‍ നിന്ന് കടത്തിലേക്ക് വീണുപോകുന്നു. ഈ സാഹചര്യത്തിലാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ പ്രസക്തമാകുന്നത്.
അമിതച്ചെലവ്: കയ്യിൽ പണമില്ലെങ്കിലും സാധനങ്ങൾ വാങ്ങാമെന്നതിനാൽ ആളുകൾ അനാവശ്യമായി പണം ചെലവഴിക്കാൻ സാധ്യത കൂടുന്നു.
ഉയർന്ന പലിശ നിരക്ക്: ബിൽ തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ 30% മുതൽ 45% വരെ ഉയർന്ന വാർഷിക പലിശ ഈടാക്കും.
കടക്കെണി (Debt Trap): പണം നൽകാൻ പേപ്പർ നോട്ടുകളോ അക്കൗണ്ട് ബാലൻസോ നേരിട്ട് കുറയുന്നില്ലാത്തതിനാൽ, ആളുകൾ അമിതമായി ചെലവഴിക്കാൻ (Overspending) ഇത് ഇടയാക്കുന്നു.
മിനിമം ഡ്യൂ കെണി: ബിൽ തുക മുഴുവനായി അടയ്ക്കാതെ 'മിനിമം പേയ്‌മെന്റ്' മാത്രം അടയ്ക്കുന്ന ശീലം ബാക്കി തുകയിൽ ഭീമമായ പലിശ കൂട്ടിച്ചേർക്കുന്നതിന് കാരണമാകുന്നു.
സിബിൽ സ്കോർ കുറയും: തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്താൽ ക്രെഡിറ്റ് സ്കോർ (CIBIL) കുറയും. ഇത് പിന്നീട് മറ്റ് ലോണുകൾ കിട്ടുന്നതിനെ തടസപ്പെടുത്തും.
ഒളിഞ്ഞിരിക്കുന്ന ചാർജുകൾ: വാർഷിക ഫീസ്, ലേറ്റ് ഫീസ്, പ്രോസസിംഗ് ഫീസ് എന്നിവ പോലുള്ള അധിക ചാർജുകൾ ബില്ലിന്റെ തുക വർദ്ധിപ്പിക്കുന്നു.
എടിഎം പണം പിൻവലിക്കൽ ചെലവേറിയതാണ്: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഉയർന്ന ഫീസും പലിശയും ഈടാക്കുന്നതിന് ഇടയാക്കും.
പല ഉപയോക്താക്കളും ഒരു കാർഡിലെ കടം വീട്ടാൻ മറ്റൊരു കാർഡിൽ നിന്ന് പണമെടുക്കുന്ന 'റോളിംഗ്' രീതി പിന്തുടരാറുളളതായി ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് സ്പെഷ്യലിസ്റ്റും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അർത്ഥ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയുമായ ഉത്തര രാമകൃഷ്ണന്‍ സിഎഫ്പി പറയുന്നു. പ്രത്യേകിച്ച് ആവശ്യങ്ങളില്ലാതെ കാർഡുകൾ എടുത്തു കൂട്ടുകയും, ഒന്നിന്റെ കുടിശ്ശിക തീർക്കാൻ മറ്റൊന്ന് ഉപയോഗിക്കുകയും ചെയ്യുന്നത് വഴി ഉപയോക്താവ് അറിയാതെ തന്നെ ഒരു വലിയ കടക്കെണിയിൽ അകപ്പെടുന്നു. 50 ദിവസത്തേക്ക് പലിശയില്ലാതെ പണം ലഭിക്കുമെന്ന സൗകര്യത്തെ പലപ്പോഴും ആളുകൾ ദുരുപയോഗം ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ബില്ലിലെ 'മിനിമം ഡ്യൂ' (Minimum Due) മാത്രം അടച്ചു പോകുന്ന രീതി പലർക്കും പലിശ ബാധ്യത വർദ്ധിപ്പിക്കുന്നു. മിനിമം തുക അടയ്ക്കുമ്പോൾ ബാക്കിയുള്ള തുകയ്ക്ക് മേൽ വലിയ തോതിലുള്ള പലിശ ഈടാക്കുന്നുണ്ടെന്ന കാര്യം പലരും തിരിച്ചറിയുന്നില്ലെന്നും ഉത്തര രാമകൃഷ്ണന്‍ പറഞ്ഞു. ഇത് തിരിച്ചടവ് തുക ക്രമാതീതമായി വർദ്ധിപ്പിക്കാൻ കാരണമാകുന്നു.
സിബിൽ സ്കോറും ക്രെഡിറ്റ് ഹിസ്റ്ററിയും: നിങ്ങളുടെ സിബിൽ സ്കോറിനെ (CIBIL Score) ക്രെഡിറ്റ് കാർഡ് ഉപയോഗം കാര്യമായി ബാധിക്കുന്നു. ദീർഘകാലത്തെ നല്ല ക്രെഡിറ്റ് ഹിസ്റ്ററി നിലനിർത്തുന്നതാണ് സ്കോറിന് ഗുണകരം. കൂടാതെ, പുതിയ ക്രെഡിറ്റ് കാർഡുകൾക്കായി അടിക്കടി അപേക്ഷിക്കുന്നതും പഴയവ റദ്ദാക്കുന്നതും സിബിൽ സ്കോർ കുറയാൻ കാരണമാകുന്നു. കാർഡ് അപ്‌ഗ്രേഡ് ചെയ്യുന്നത് പ്രശ്നമല്ലെങ്കിലും പഴയത് നിലനിർത്താൻ ശ്രദ്ധിക്കണം.
വർഷങ്ങളായി കൃത്യമായി തിരിച്ചടവ് നടത്തുന്ന പഴയ കാർഡുകൾ ക്ലോസ് ചെയ്യുന്നത് സ്കോറിനെ ദോഷകരമായി ബാധിക്കും.
ഇഎംഐയും ഒളിഞ്ഞിരിക്കുന്ന ചെലവുകളും: ക്രെഡിറ്റ് കാർഡ് വഴി സാധനങ്ങൾ വാങ്ങുമ്പോൾ 'സീറോ കോസ്റ്റ് ഇഎംഐ' (Zero Cost EMI) എന്നത് പലപ്പോഴും ഒരു മിഥ്യയാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ചെലവുകൾ ഒളിഞ്ഞിരിപ്പുണ്ടാകും. ഗാഡ്‌ജെറ്റുകൾ പോലുള്ള അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കായി മാത്രം ഇഎംഐ സൗകര്യം ഉപയോഗിക്കുന്നതാണ് നല്ലത്. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള പ്രവണത ഒഴിവാക്കണമെന്നും ഉത്തര രാമകൃഷ്ണന്‍ പറഞ്ഞു.
ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമ്പോൾ പണം ലാഭിക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ക്രെഡിറ്റ് കാർഡുകൾ വളരെ മികച്ചതാണ്. പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്:
പലിശ രഹിത കാലയളവ്: ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുകയാണെങ്കിൽ, സാധാരണയായി 40 മുതൽ 50 ദിവസം വരെ പലിശയില്ലാതെ പണം ഉപയോഗിക്കാം.
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം: കൃത്യമായ തിരിച്ചടവ് നല്ലൊരു ക്രെഡിറ്റ് സ്കോർ (CIBIL Score) ഉണ്ടാക്കാൻ സഹായിക്കും. ഇത് ഭാവിയിൽ എളുപ്പത്തിൽ വായ്പകൾ ലഭിക്കാൻ സഹായകമാകും.
റിവാർഡുകളും ക്യാഷ്ബാക്കും: ഓരോ തവണ ഷോപ്പിംഗ് നടത്തുമ്പോഴും റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്ക്, എയർമൈലുകൾ എന്നിവ ലഭിക്കും. ഇവ പിന്നീട് ഷോപ്പിംഗിനോ ബിൽ അടയ്ക്കാനോ ഉപയോഗിക്കാം.
എളുപ്പത്തിലുള്ള തവണകൾ (EMI): വലിയ തുകയ്ക്കുള്ള വാങ്ങലുകൾ എളുപ്പത്തിൽ ചെറിയ പ്രതിമാസ തവണകളാക്കി (EMI) മാറ്റാനുള്ള സൗകര്യം ഉണ്ട്.
യാത്രാ ആനുകൂല്യങ്ങൾ: എയർപോർട്ട് ലോഞ്ച് സൗജന്യമായി ഉപയോഗിക്കാനും, യാത്രകളിൽ ഇൻഷുറൻസ് പരിരക്ഷ നേടാനും പ്രത്യേക കാർഡുകൾ വഴി സാധിക്കും.
സുരക്ഷയും എളുപ്പവും: വലിയ തുക കയ്യിൽ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. കൂടാതെ, കാർഡ് നഷ്ടപ്പെട്ടാൽ പണം നഷ്ടപ്പെടാതെ തടയാൻ എളുപ്പമാണ്.
വലിയ പർച്ചേസുകൾക്ക് മുൻഗണന: ദൈനംദിന ചെറിയ ഇടപാടുകൾക്ക് ഭൂരിഭാഗം പേരും യു.പി.ഐ. (UPI) ഉപയോഗിക്കുമ്പോൾ, സ്മാർട്ട്‌ഫോണുകൾ, ഗാഡ്‌ജെറ്റുകൾ, യാത്രകൾ തുടങ്ങിയ വലിയ തുക വേണ്ടിവരുന്ന ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നു.
ഇ-കോമേഴ്‌സ് ഓഫറുകൾ: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ തൽക്ഷണ കിഴിവുകളും (Discounts), ക്യാഷ്ബാക്കുകളും (Cashbacks) ലക്ഷ്യമിട്ടാണ് ഭൂരിഭാഗം ചെറുപ്പക്കാരും കാർഡുകൾ ഉപയോഗിക്കുന്നത്.
പലിശരഹിത കാലാവധി: 50 ദിവസം വരെ പലിശരഹിതമായി തിരിച്ചടയ്ക്കാൻ ലഭിക്കുന്ന സമയം കൃത്യമായി ഉപയോഗപ്പെടുത്തുന്നവരുണ്ട്.
ബാങ്കുകൾ അനുവദിക്കുന്ന ക്രെഡിറ്റ് പരിധി (Credit limit) സ്വന്തം വരുമാനത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ച് അനാവശ്യ ചെലവുകൾക്ക് ഉപയോഗിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കായിരിക്കും നിങ്ങളെ തളളിവിടുക. ക്രെഡിറ്റ് കാർഡിനെ ഒരു സൗകര്യമായി മാത്രം കാണുകയും സാമ്പത്തിക അച്ചടക്കത്തോടെ കൈകാര്യം ചെയ്യുകയും മാത്രമാണ് ഇതു മറികടക്കാനുളള പോംവഴി.
Read DhanamOnline in English
Subscribe to Dhanam Magazine