ബ്രിട്ടാനിയ ബിസ്‌കറ്റ് മുതല്‍ പാചകവാതകം വരെ: പണപ്പെരുപ്പം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നത് ഏതെല്ലാം വഴികളിലൂടെ?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പെരുപ്പത്തെ ചെറുക്കാന്‍ വീണ്ടും റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പലിശ ബാധ്യത കൂട്ടുകയല്ലാതെ പണപ്പെരുപ്പത്തെ ചെറുക്കാന്‍ നിലവില്‍ മറ്റ് മാര്‍ഗങ്ങളൊന്നും തന്നെയില്ലെന്നതാണ് സാങ്കേതികവശവും. പണപ്പെരുപ്പവും സാമ്പത്തിക ഉലച്ചിലുകളും അവിടെ നില്‍ക്കട്ടെ. ഓട്ടോ ഓടിച്ചും സാധാരണ ജോലികള്‍ ചെയ്തും ജീവിക്കുന്നവര്‍ക്ക് മുതല്‍ കോര്‍പ്പറേറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും പോലും ഇപ്പോഴത്തെ സാഹചര്യം എങ്ങനെ കൂടുതല്‍ പ്രശ്‌നം നിറഞ്ഞതാകുന്നു?

അതിനുമുമ്പ് എന്താണ് പണപ്പെരുപ്പം എന്നു നോക്കാം:

ഒരു സമ്പദ്വ്യവസ്ഥയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലെ പൊതുവായ വര്‍ധനവാണ് പണപ്പെരുപ്പം. ഉദാഹരണത്തിന്, നിങ്ങള്‍ 12 മാസം മുമ്പ് 50 രൂപയ്ക്ക് വാങ്ങിയ പാല്‍ ഇപ്പോള്‍ ലിറ്ററിന് 60 രൂപയ്ക്ക് വില്‍ക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക; അല്ലെങ്കില്‍ X ശമ്പളത്തിന് ഒരു കമ്പനി നിയമിച്ച ജീവനക്കാരന്‍ പെട്ടെന്ന് 2X ശമ്പളത്തിലേക്ക് മാറാന്‍ ശ്രമിക്കുന്നു- അതും പണപ്പെരുപ്പമാണ്.

കോവിഡ് -19 കാലത്ത് സമ്പദ്വ്യവസ്ഥ നിലച്ചു. ഇപ്പോഴും പല മേഖലകളിലും പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ല. ലോക്ഡൗണ്‍ പോലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചരക്ക്-സേവനങ്ങളുടെയും വിതരണം തടസ്സപ്പെട്ടു. റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ ചരക്ക് ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്നുള്ള വിതരണം തടസ്സപ്പെടുമ്പോള്‍ അത്തരം ആഘാതങ്ങള്‍ നേരിടാന്‍ വില ഉയര്‍ത്തുക സ്വാഭാവികമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇത്തരത്തില്‍ വില വര്‍ധനവ് പ്രതീക്ഷിക്കാം.

അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൊപ്രൈറ്ററും സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറുമായ ഉത്തര രാമകൃഷ്ണന്‍ പറയുന്നതിങ്ങനെ:

കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ബുദ്ധിമുട്ടുന്ന സമ്പദ്വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ കൂടുതല്‍ കറന്‍സി അച്ചടിക്കുകയും പലിശ നിരക്ക് കുറയ്ക്കുകയും ചെയ്തു. ബാങ്കുകള്‍ റെക്കോര്‍ഡ് തുകകളാണ് അച്ചടിച്ചത്. ഇത് അവശ്യ സാധനങ്ങള്‍ പിന്തുടരുന്ന പ്രൈസ് ഇന്‍ഡെക്‌സിലെ വര്‍ധനവിലേക്കും നയിച്ചു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ ആരോഗ്യകരമായ പണപ്പെരുപ്പമല്ല ഇവിടെ സംഭവിക്കുന്നത്. അതിനാല്‍ തന്നെ നോട്ടടി കൂട്ടാതെ പലിശനിരക്ക് ഉയര്‍ത്തലിലൂടെ പണപ്പെരുപ്പം പിടിച്ചുകെട്ടാനാണ് സര്‍ക്കാരും സെന്‍ട്രല്‍ ബാങ്കും ഇനി ശ്രമിക്കുക.

പലിശ നിരക്കും വിലക്കയറ്റവും

ഉക്രെയ്ന്‍ യുദ്ധം അവസാനിക്കും വരെ ക്രൂഡ് ഓയ്ല്‍ പ്രതിസന്ധി തുടരും. പെട്രോള്‍,ഡീസല്‍ വിലവര്‍ധനവിന്റെ ഭാരം മാത്രമല്ല, പെട്രോളിയം അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിക്കും. പെയ്ന്റിനും പെയിന്റിംഗിനും ചാര്‍ജ് വര്‍ധിക്കും. ടയറിനും വീലിനും വണ്ടി സര്‍വീസ് ചെയ്യാനുള്ള സാമഗ്രികള്‍ക്കുമെല്ലാം വില കൂടും. ലോഹങ്ങളുടെ വില ഉയരുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരും. കമ്പനികള്‍ക്ക് ചരക്കു നീക്കവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ബ്രിട്ടാനിയ ബിസ്‌കറ്റ് (നിങ്ങള്‍ ഉപയോഗിക്കുന്ന സാധാരണ ബിസ്‌കറ്റ് ബ്രാന്‍ഡ്) മുതല്‍ പാചകവാതകം വരെ എന്തിനു സൈക്കിൾ മുതൽ ബെൻസ് വരെ വില ഉയര്‍ത്തിയേക്കാം.

വിലക്കയറ്റം ബാധിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുമുള്ള ബിസിനസുകളുടെ ചെലവുകളും ഉയരും. ബിസിനസ് വായ്പയെടുത്തിട്ടുള്ളവര്‍ക്കും ഇരട്ടി ബാധ്യതയാകും. ബിസിനസ് ലോണ്‍ മാത്രമല്ല, ഹോം ലോണ്‍, കാര്‍ ലോണ്‍, പേഴ്‌സണല്‍ ലോണ്‍ അങ്ങനെ എല്ലാ തരം വായ്പാ പലിശയെയും ഇത് ബാധിക്കും. വിലക്കയറ്റത്തിനു പുറമെ വായ്പയെടുത്ത സാധാരണക്കാരന് പലിശ നിരക്ക് കൂടി അധിക ബാധ്യതയാകുന്നതോടെ സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളായിരിക്കും ഇനിയെന്നാണ് കരുതുന്നത്.Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it