അധിക ബാധ്യതയാകാതെ നിങ്ങള്‍ക്കും കരുതി വയ്ക്കാം എമര്‍ജന്‍സിഫണ്ട്

ബിസിനസും ജോലിയും എല്ലാം ഉണ്ടെങ്കിലും ഇല്ലെങ്കിലും അടിയന്തര സാമ്പത്തിക ആവശ്യങ്ങളെ നേരിടാനായി ഒരു ഫണ്ടു തയാറാക്കി വയ്ക്കണം. ഒരു വര്‍ഷത്തെ ചെലവു നേരിടാന്‍ തക്കവിധത്തിലുള്ള ഫണ്ടായിരിക്കണം അത്. ചുരുങ്ങിയ ശമ്പളത്തില്‍ അതെങ്ങനെ സാധിക്കുമെന്നാണ് പലരുടെയും ആശങ്ക. എന്നാല്‍ മനസ്സുവച്ചാല്‍ സമ്പാദിക്കാം ആര്‍ക്കും ഒരു അടിയന്തിരഫണ്ട്.

മിക്ക ശരാശരിക്കാര്‍ക്കും പെട്ടെന്ന് എമര്‍ജന്‍സി ഫണ്ടിലേക്ക് പണം മാറ്റല്‍ സാധിച്ചെന്നു വരില്ല. അതിനായി സമ്പാദ്യം നീക്കി വച്ച് രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് ഈ തുക സ്വരൂപിക്കുവാന്‍ സാധിക്കും. സേവിംഗ്സ് ബാങ്കിലോ ലിക്വിഡ് ഫണ്ടുകളിലോ ഇതു നിക്ഷേപിക്കുക.

എങ്ങനെ ?

നിങ്ങളുടെ ഒരു മാസത്തെ ആകെ ചെലവ് 25000 രൂപയാണെന്നു കരുതുക. അതായത് ഒരു വര്‍ഷം മൂന്നു ലക്ഷത്തോളം രൂപ. ഈ തുക കണ്ടെത്താന്‍ ചിട്ടിയില്‍ ചേരുന്നത് ബുദ്ധിയാണ്. അമ്പതു മാസത്തെ ചിട്ടി മാസം അയ്യായിരം രൂപ വീതം നിക്ഷേപം നടത്താം. അടുത്ത നാലുവര്‍ഷംകൊണ്ട് 2.4 ലക്ഷം രൂപയുടെ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കും. (ഇത്തരത്തില്‍ ഓരോ ലക്ഷ്യത്തിനായും ചിട്ടികള്‍ ഉപയോഗിച്ച് സമ്പാദിക്കാം.) പോസ്റ്റോഫീസ്, ബാങ്ക് റെക്കറിംഗ് ഡിപ്പോസിറ്റുകള്‍ പ്രതിമാസ സമ്പാദ്യത്തിനായി ഉപയോഗിക്കാവുന്ന മറ്റൊരു ഉപകരണമാണ്. സ്ഥിര നിക്ഷേപത്തിനുള്ള പലിശ ലഭിക്കുകയും ചെയ്യും.

മറ്റൊരു വഴി സേവിംഗ്സ് ചലഞ്ച് എന്നു വിളിക്കാം. ഒരു തുക ആദ്യ ആഴ്ചയില്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. അമ്പതു രൂപയെന്നു കരുതുക. രണ്ടാമത്തെ ആഴ്ചയില്‍ 100 രൂപ. മൂന്നാമത്തെ ആഴ്ച 150 രൂപ, നാലാമത്തെ ആഴ്ച 200 രൂപ ഇങ്ങനെ 52 ആഴ്ച നിക്ഷേപം നടത്തിപ്പോരുക.

അമ്പത്തിരണ്ടാമത്തെ ആഴ്ചയാകുമ്പോള്‍ അക്കൗണ്ടിലെ തുക 68900 രൂപയാകും. ഇത്തരത്തില്‍ അടുത്ത മൂന്നോ നാലോ വര്‍ഷം നിക്ഷേപം നടത്തി ലക്ഷ്യത്തിലെത്താം. അമ്പതു രൂപ ചിലപ്പോള്‍ പ്രയാസമാകുമെങ്കില്‍ 25 രൂപയില്‍ തുടങ്ങുക. നാലു വര്‍ഷത്തിനു പകരം എട്ടു വര്‍ഷംകൊണ്ട് ലക്ഷ്യം കാണാം. ഈ നിധിയില്‍നിന്ന് അടിയന്തരാവശ്യത്തിനു പണം എടുക്കേണ്ടി വന്നാല്‍ ചെലവഴിച്ച തുക പിന്നീട് ഇതിലേക്കു തിരിച്ചടച്ച് പഴയ രീതിയിലാക്കാം. ഇത്തരത്തിലുള്ള ഒരു ഫണ്ട് നല്‍കുന്ന സാമ്പത്തിക ആത്മവിശ്വാസം അത്ര ചെറുതല്ലെന്ന് ഓര്‍മിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it