Begin typing your search above and press return to search.
ചെലവ് ചുരുക്കല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ചില തയാറെടുപ്പുകള്‍
ചെലവുകള്‍ ഏറിവരുന്നു എന്ന പരാതിയാണ് ഏവര്‍ക്കും. പണപ്പെരുപ്പത്തിന്റെ സ്വാധീനം മൂലവും കോവിഡ് നല്‍കിയ അപ്രതീക്ഷിത തിരിച്ചടികള്‍ കാരണമുണ്ടായ വരുമാനത്തിലെ കുറവ് കൊണ്ടുമൊക്കെ ചെലവുകള്‍ കൂടിവരുന്നു എന്നത് വസ്തുതയാണ്. അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കണമെങ്കില്‍ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കിക്കൊണ്ടുവരിക എന്നതാണ് ഏക പോംവഴി. ചെലവുകള്‍ കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന ലളിതമായ ചില മാര്‍ഗങ്ങള്‍ ഒന്ന് വിശകലനം ചെയ്യാം.
- ചെലവ് ചുരുക്കാനുള്ള വഴികള്‍ തേടുന്നതിന് മുമ്പായി പ്രാഥമികമായി ചെയ്യേണ്ടകാര്യം ദൈനംദിന ചെലവുകള്‍ എഴുതിവയ്ക്കുന്ന ശീലം വളര്‍ത്തിയെടുക്കുക എന്നതാണ്. മുന്‍കാലങ്ങളില്‍ കുടുംബനാഥന്‍ വരവ് ചെലവ് കണക്കുകള്‍ ഡയറിയിലോ നോട്ട്ബുക്കിലോ എഴുതി സൂക്ഷിക്കുകയാണ് പതിവെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി മൊബൈല്‍ ആപ്പുകള്‍ വരെ ലഭ്യമാണ്. മുമ്പുള്ള മാസങ്ങളിലെ ചെലവുകളുമായി താരതമ്യം ചെയ്യാനും വരും മാസങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്ന ചെലവുകള്‍ മുന്‍കൂട്ടി ഓര്‍ത്തുവയ്ക്കാനുമൊക്കെ ഡയറിയും മൊബൈല്‍ ആപ്പുമൊക്കെ ഉപയോഗപ്പെടുത്താം.
- ആവശ്യങ്ങള്‍ക്ക് അതിരുകളുണ്ടാവണമെന്നില്ല. അവ തിരഞ്ഞെടുക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഒഴിവാക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ നിര്‍ബന്ധമായും പണം ചെലവാക്കി നടത്തിയെടുക്കുക. അതേസമയം, അനാവശ്യമെന്ന് തോന്നുന്ന ചെലവുകള്‍ നിര്‍ബന്ധമായും വേണ്ടെന്ന് വയ്ക്കുക.
- ദൈനംദിന ചെലവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗതാഗത ആവശ്യങ്ങള്‍ക്കായി ചെലവിടുന്ന പണം. ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളിലും കുടുംബത്തോടൊപ്പം യാത്ര ചെയ്യേണ്ടിവരുമ്പോഴും മാത്രം കാര്‍ ഉപയോഗിക്കുന്നതാണ് ബുദ്ധി. വളരെ ചെറിയ യാത്രകള്‍ ഇരുചക്രവാഹനത്തിലോ അതുമല്ലെങ്കില്‍ കാല്‍നടയായി പോവുന്നതോ ആണ് നല്ലത്. മികച്ച യാത്രാസൗകര്യം ലഭ്യമെങ്കില്‍ ജോലിസ്ഥലത്തേക്ക് പൊതുഗതാഗതത്തെ ആശ്രയിക്കാം.
- ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പേയ്മെന്റ് ഡേറ്റ്, ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് മുതലായ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെയായിരിക്കണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടത്. ഏതെങ്കിലും കാരണത്താല്‍ തിരിച്ചടവിന് മുടക്കം വന്നാല്‍ അമിതമായ പലിശനിരക്ക് കാരണം കാര്‍ഡിലെ ബാധ്യത പെട്ടെന്ന് ഉയര്‍ന്നുപോവുമെന്നത് ഓര്‍ക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം കഴിയുന്നതും ക്രെഡിറ്റ് കാര്‍ഡ് വഴി കാഷ് വിത്ത്ഡ്രോവല്‍ ചെയ്യാതിരിക്കുക എന്നതാണ്. പ്രത്യേകമായ ചാര്‍ജ് ഉള്‍പ്പെടെ വരുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച പോലെ കടക്കെണിയില്‍ അകപ്പെട്ടുപോകാനുള്ള സാധ്യത പണം പിന്‍വലിക്കലിലൂടെ സംഭവിക്കാം.
- ജോലിക്ക് പോകുന്നവര്‍ ഉച്ചഭക്ഷണം ഹോട്ടലുകളില്‍ നിന്നും കഴിക്കുന്ന രീതി പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. ഭക്ഷണത്തിനായി ചെലവിടേണ്ട ഉയര്‍ന്ന തുകയില്‍ മിച്ചം പിടിക്കാമെന്ന് മാത്രമല്ല വീട്ടില്‍ പാചകം ചെയ്തുവരുന്ന ഭക്ഷണം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്നതും പ്രധാനമാണ്.
- ചെലവുകള്‍ കുറയ്ക്കാന്‍ പറ്റുന്ന മറ്റൊരു കാര്യം, നിങ്ങളുടെ നിലവിലുള്ള ലോണുകളെ പറ്റി നന്നായി മനസിലാക്കുകയും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ലോണുകളുമായി ഒരു തരതമ്യപഠനം നടത്തുകയും ചെയ്യുക എന്നതാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ ആകര്‍ഷകമായ വ്യവസ്ഥകളില്‍ ലോണ്‍ തരുന്ന സ്ഥാപനങ്ങളിലേക്ക് മാറുന്നത് കൂടി ചിന്തിക്കാം. റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന വായ്പാനയത്തിന്റെ ഭാഗമായി വരുന്ന പലിശ ആനുകൂല്യവും മറ്റും യഥാസമയം തങ്ങളുടെ ലോണുകളിലും പ്രതിഫലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
- ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ മികച്ചതാകാമെങ്കിലും ബ്രാന്‍ഡുകള്‍ക്ക് അമിതപ്രധാന്യം നല്‍കി വളരെ ഉയര്‍ന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി. ഒരുപക്ഷേ തുല്യ ഗുണനിലവാരത്തിലുള്ളതോ അല്ലെങ്കില്‍ തൊട്ടുതാഴെയുള്ളതോ ആയ ഉല്‍പ്പന്നങ്ങള്‍ താരതമ്യേന കുറഞ്ഞവിലക്ക് പുതിയ ബ്രാന്‍ഡുകളിലും ലഭ്യമാവാം. അവ പരീക്ഷിച്ച് നോക്കുന്നതില്‍ തെറ്റില്ലെന്ന് മാത്രമല്ല, കുറച്ച് പണം മിച്ചം വയ്ക്കുകയും ചെയ്യാം.
- കേട്ടുപരിചയിച്ചതാണെങ്കിലും നിത്യോപയോഗ സേവനങ്ങള്‍ക്കായി ചെലവിടുന്ന തുക കുറച്ചുകൊണ്ടുവരാന്‍ പ്രായോഗികതലങ്ങളില്‍ നടപടിയെടുക്കുന്നവര്‍ വളരെ കുറവാണ്. ഉദാഹരണത്തിന് കറണ്ട് ചാര്‍ജ് കുറയ്ക്കാനായി പുതിയ ടെക്നോളജിയധിഷ്ഠിത ഉപകരണങ്ങള്‍ ഉപയോഗിക്കാം (എല്‍ഇഡി ബള്‍ബുകള്‍, മികച്ച സ്റ്റാര്‍ റേറ്റിംഗുള്ള എസി, റഫ്രിജറേറ്റര്‍ എന്നിവ അവയില്‍ ചിലതാണ്). പുതിയ തലമുറയ്ക്ക് അത്യന്താപേക്ഷിതമായ ഇന്റര്‍നെറ്റിനുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ വീട്ടാവശ്യത്തിനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ എണ്ണത്തിലും തൂക്കത്തിലും ലഭിച്ചേക്കാവുന്ന ഡിസ്‌കൗണ്ടും മറ്റും പരമാവധി ഉപയോഗപ്പെടുത്തുക, കണ്ടീഷന്‍ മോശമാവുന്നതിന് മുന്‍പേ വാഹനങ്ങളും മറ്റും യഥാസമയം സര്‍വീസിംഗ് നടത്തുക എന്നിവയൊക്കെ അവയില്‍ ചിലതാണ്.
കൂടാതെ, വ്യക്തികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട് കിടക്കുന്നതും ഭീമമായ തുക ആവശ്യമായി വരുന്നതുമായ മേഖലയാണ് ആശുപത്രി ചെലവുകള്‍. അതുകൊണ്ട് തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പ്രധാന്യം മുകളില്‍ പറഞ്ഞവയ്ക്കെല്ലാം ഏറെ മുകളിലാണെന്ന് ഓര്‍ക്കുക.
ഓരോവ്യക്തിയും കുടുംബ ബജറ്റ് വര്‍ഷാരംഭത്തില്‍ തന്നെ തയാറാക്കുക. ബജറ്റില്‍ നിന്നും വലിയ അളവില്‍ വ്യതിചലിക്കാതെ ചെലവുകള്‍ നടത്തിക്കൊണ്ട് പോവുക. മിച്ചം പിടിക്കുന്ന പണം സുരക്ഷിതമായ ഏതെങ്കിലും നിക്ഷേപമാര്‍ഗം വഴി വളര്‍ത്തിയെടുക്കാനും ശീലിക്കുക.
Next Story
Videos