പിപിഎഫില്‍ നേരത്തെ നിക്ഷേപം തുടങ്ങിയാല്‍ കോടിപതിവരെയാകാം

പിപിഎഫില്‍ ചിട്ടയായി നിക്ഷേപിച്ചാല്‍ വിരമിക്കലിനു ശേഷം സുരക്ഷിതമായ വരുമാനമാര്‍ഗവും ഉറപ്പാക്കാം
Provident Fund
Published on

ജനപ്രിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക്, സുരക്ഷിതത്വം എന്നിവ ഉറപ്പു നല്‍കുന്നു. നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി ലഭ്യമാകുന്ന 80 സി കിഴിവിന് പുറമെ പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനവും പൂര്‍ണമായും നികുതിരഹിതം എന്നിങ്ങനെയുള്ള ഒട്ടേറെ സവിശേഷതകള്‍ പിപിഎഫ് എന്ന നിക്ഷേപത്തിന് നിക്ഷേപകര്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ കരുതിവയ്ക്കാന്‍ കഴിയുന്ന സമ്പാദ്യപദ്ധതിയായി പിപിഎഫിനെ കരുതാവുന്നതാണ്. എന്നാല്‍ ഒരാള്‍ സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ ഇതിലേക്കായി ഒരു തുക നീക്കിവയ്ക്കണമെന്ന് മാത്രം. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപകാലാവധി. അതിനാല്‍ തന്നെ 25 വയസ്സില്‍ ജോലിക്ക് കയറുന്ന ഒരാള്‍ പിപിഎഫില്‍ നിക്ഷേപിക്കുന്നത് പരമാവധി നേട്ടം നല്‍കും.

നേരത്തെ നിക്ഷേപിക്കുന്നതിലൂടെ എങ്ങനെ കൂടുതല്‍ നേട്ടം ഉറപ്പാക്കാനാകും

25 വയസ്സുമുതല്‍ പിപിഎഫ് പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന ഒരാള്‍ക്ക് 15 വര്‍ഷം കൊണ്ട് കുറഞ്ഞത് 26 ലക്ഷം രൂപ നേടാം. 40ാം വയസ്സില്‍ മക്കളുടെ ഉന്നതവിദ്യാഭ്യാസമോ വിവാഹമോ വീടോ വാഹനമോ പോലുള്ള ലക്ഷ്യങ്ങളിലേക്ക് വലിയൊരു തുക സമ്പാദിക്കാം.

ഉദാഹരണമായി പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 15 വര്‍ഷം കൊണ്ട് തന്റെ മൂലധനത്തില്‍ ഉണ്ടായേക്കാവുന്ന വളര്‍ച്ച എത്രയാണെന്ന് പരിശോധിക്കാം.

നിലവില്‍ 7.10 ശതമാനം നിരക്കിലാണ് നിശ്ചയിക്കപ്പെട്ട പലിശയെങ്കിലും15 വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപമായതിനാല്‍ ശരാശരി നിരക്ക് 6.8 ശതമാനം എന്ന തോതില്‍ അനുമാനിച്ചാല്‍ തന്നെ 15 വര്‍ഷങ്ങള്‍ക്കപ്പുറം പ്രസ്തുത വ്യക്തിയുടെ മൂലധനമായ 15 ലക്ഷം രൂപ 26.42 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മൂലധനത്തിന്റെ 76 ശതമാനത്തോളം വരുന്ന തുക പിപിഎഫ് നിക്ഷേപം വഴി അദ്ദേഹം സ്വരൂപിച്ചിരിക്കുന്നു.

പരമാവധി നേട്ടത്തോടെ കോടിപതിയാകുന്നത് എങ്ങനെ?

നിലവിലെ പിപിഎഫ് പലിശ നിരക്ക് 7.10 ആയി കണക്കാക്കുകയാണെങ്കില്‍ ഈ തുകയിലേക്കെത്താന്‍ 30 വര്‍ഷത്തേക്കുള്ള പിപിഎഫ് അക്കൗണ്ടില്‍ 1,08,000 വാര്‍ഷിക നിക്ഷേപം ആവശ്യമാണ്.

ഒരു നിക്ഷേപകന് ഒരു വര്‍ഷത്തില്‍ 12 നിക്ഷേപങ്ങള്‍ അനുവദിക്കുന്നതിനാല്‍, ഒരു പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഈ 1,08,000 എന്നത് 12 തവണകളായി, 12 x 9,000 എന്ന രീതിയില്‍ നിക്ഷേപിക്കാന്‍ കഴിയും. മ്യൂച്വല്‍ ഫണ്ട് SIP പോലെ, ലഭ്യമായ 15, 20, 25 വര്‍ഷങ്ങളില്‍ എക്സ്റ്റന്‍ഷന്‍ സൗകര്യം ഉപയോഗിച്ച് ഒരാളുടെ പിപിഎഫ് അക്കൗണ്ടില്‍ 30 വര്‍ഷത്തേക്ക് പ്രതിമാസം 9,000 രൂപ നിക്ഷേപിക്കുന്നതിലൂടെ അക്കൗണ്ട് ഉടമയ്ക്ക് 1 കോടി രൂപ സമാഹരിക്കാനാകും.

(വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് വിദഗ്ധ അഭിപ്രായത്തോടെ മാത്രം നിക്ഷേപമാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com