Begin typing your search above and press return to search.
എസ്‌ഐപി ഇങ്ങനെ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം?
'ചൈനീസ് ചിന്തകന്‍ ലാവോ ത്സുവിന്റെ സുപ്രസിദ്ധമായൊരു ഉദ്ധരണിയുണ്ട്; സുദീര്‍ഘമായ യാത്രകള്‍ പോലും ആരംഭിക്കുന്നത് ഒരു ചെറുചുവടില്‍ നിന്നാണ്.ഒരു ലക്ഷ്യം മനസ്സിലുണ്ടാകുക, അതിലേക്കായി ചെറുചുവടുകള്‍ വെച്ചുകൊണ്ടേയിരിക്കുക, അതും അര്‍ത്ഥവത്തായ രീതിയില്‍ ചെയ്തുകൊണ്ടിരുന്നാല്‍ നിങ്ങളുടെ ജീവിതത്തിലെ ഒട്ടനവധി നാഴികക്കല്ലുകള്‍ നിങ്ങള്‍ക്ക് താണ്ടാന്‍ സാധിക്കും.
നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെയാണ് മോഹം? നല്ലൊരു വീട്, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, വല്ലപ്പോഴും കുടുംബവുമൊത്ത് ഒരു യാത്ര, ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ മക്കളുടെ ചെലവിലല്ലാതെ ശിഷ്ടജീവിതം കഴിയാനുള്ള നീക്കിയിരുപ്പ്, ഇതൊക്കെയല്ലേ. എന്നാല്‍, ജീവിത ചെലവ് കുത്തനെ ഉയരുന്ന ഇക്കാലത്ത് ഈ ചെറിയ മോഹങ്ങള്‍ പോലും നിറവേറ്റാന്‍ വലിയ പാടാണ്. പക്ഷേ, അസാധ്യമായ കാര്യമല്ല. എല്ലാമാസവും നിശ്ചിത തുക നിര്‍ബന്ധമായി നീക്കിവെച്ചാല്‍ ഇതൊക്കെ സാധ്യമാക്കാവുന്നതേയുള്ളൂ.
ചെറിയ തുകകള്‍ നീക്കിവെച്ച് സമ്പത്ത് സൃഷ്ടിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ ഏറെ സഹായകരമാണ്. നിക്ഷേപത്തിന് ചെറിയ തുക മതി. മാത്രമല്ല അച്ചടക്കത്തോടെ അത് തുടരുകയും ചെയ്യും. ശമ്പളക്കാര്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ ചെയ്യാവുന്ന ആദ്യ ചുവടുവെപ്പാണിത്. ചെറുനിക്ഷേപങ്ങളിലൂടെ, രാജ്യത്തിന്റെ ജിഡിപിയില്‍ വനിതകളുടെ സംഭാവന 2030ഓടെ 700 ബില്യണ്‍ യു എസ് ഡോളറാകും.
ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ് പലപ്പോഴും സ്ത്രീകള്‍. ഇത്തരം സാഹചര്യങ്ങളില്‍ വരുമാനമില്ലാത്ത അവസ്ഥയും കുടുംബം കൊണ്ടണ്ടുനടക്കേണ്ടണ്ട ബാധ്യതയും കൂടി അവരുടെ തലയില്‍ വരുമ്പോള്‍ സമ്മര്‍ദ്ദം താങ്ങാനാവാത്ത സ്ഥിതിവരും. രാജ്യത്തിന്റെ വളര്‍ച്ചയുടെ കേന്ദ്ര ബിന്ദുവായി കുടുംബങ്ങളെ മുന്നില്‍ കണ്ടണ്ടാല്‍ ഓരോ കുടുംബവും രക്ഷപ്പെടും. അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
സ്ത്രീകളാണ് പണം സ്വരുക്കൂട്ടി വെക്കുന്നതില്‍ മിടുക്കികള്‍. എന്നാല്‍ ഇന്ന് റെക്കറിംഗ് ഡെപ്പോസിറ്റ് മുതല്‍ എസ്‌ഐപി വരെയുണ്ടെങ്കിലും പല സ്ത്രീകളും പണ്ടത്തെ രീതികള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നത് ദുഃഖകരമായ കാര്യമാണ്. നാമിപ്പോള്‍ ജീവിക്കുന്നത് വല്ലാത്തൊരു കാലഘട്ടത്തിലാണ്. അമേരിക്കയിലെ നാണ്യപ്പെരുപ്പം എട്ട് ശതമാനത്തിലാണ്. ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം (Retail Inflation) എട്ട് വര്‍ഷത്തെ ഉയര്‍ന്ന തലമായ 7.8% തൊട്ടിരിക്കുന്നു. പ്രതിമാസം നിശ്ചിത തുകയെടുത്ത് അലമാരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചതുകൊണ്ടോ റെക്കറിംഗ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചതുകൊണ്ടോ നാണ്യപ്പെരുപ്പമുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കാനാവില്ല.
ചെറിയ തുക കൊണ്ട് നേടാം വലിയ ലക്ഷ്യങ്ങള്‍, എങ്ങനെ?
അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങള്‍ പോലും ദീര്‍ഘകാല ആസൂത്രണത്തിലൂടെ നമുക്ക് നേടിയെടുക്കാനാവും. എങ്ങനെയെന്നാണോ? അതിനുള്ള ഉത്തരമാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍. മ്യൂച്വല്‍ ഫണ്ടുകളില്‍ 5, 10, 15, 20 വര്‍ഷത്തോളമൊക്കെ നിരന്തരം നിക്ഷേപിക്കുന്ന രീതിയാണിത്.
ഒരു കുട്ടി അവന്റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ 25 വര്‍ഷമെങ്കിലുമെടുക്കും. ജോലിയില്‍ നിന്ന് നിങ്ങള്‍ വിരമിക്കുമ്പോള്‍ നിങ്ങളുടെ കൈയില്‍ യഥേഷ്ടം സമയമുണ്ടാകും. പക്ഷേ, പണം ചുരുക്കമാകും. ആ കാലത്ത് നിങ്ങളുടെ ഇഷ്ടയാത്രകള്‍ നടത്താന്‍, അല്ലെങ്കില്‍ അടിയന്തരമായി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍, അതുമല്ലെങ്കില്‍ ജീവിതത്തിലെ തിരക്കുകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കുമിടയില്‍ നഷ്ടമായ കാര്യങ്ങള്‍ തിരിച്ചുപിടിച്ച് അതിസുന്ദരമായൊരു സെക്കന്റ് ഇന്നിംഗ്സ് സ്റ്റാര്‍ട്ട് ചെയ്യാനൊക്കെ പണം കൈവശം വേണം.
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി എങ്ങനെ പണം കണ്ടെത്താം?
- നിങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കാലാവധി, നിങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്ന റിസ്‌ക് തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ച ശേഷം സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഹൈബ്രിഡ്, ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാം.
- സിസ്റ്റമാറ്റിക് പ്ലാനില്‍ പണം നീക്കിവെക്കാന്‍ തീരുമാനിച്ചാല്‍, തെരഞ്ഞെടുക്കുന്ന ഫണ്ട് അനുസരിച്ച്, നിങ്ങള്‍ക്ക് 20- 60 വരെ ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ലഭിക്കുക.
- നിങ്ങള്‍ക്ക് സാധിക്കുന്ന സമയത്ത് തുടങ്ങാനും പറ്റാത്തപ്പോള്‍ നിര്‍ത്താനും പറ്റുന്ന സാഹചര്യം എസ്‌ഐപി നല്‍കുന്നുണ്ട്.
- നിങ്ങള്‍ നിക്ഷേപിക്കുന്നത് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായാണ്. അതുകൊണ്ട് കഴിഞ്ഞകാല നേട്ടങ്ങള്‍ വരുംകാല നേട്ടത്തിനുള്ള
- സൂചനയല്ല. വിപണി സാഹചര്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ നല്ലൊരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റിന്റെ സേവനം തേടുക.
- ഇക്വിറ്റി പ്ലാനുകള്‍ ഹ്രസ്വകാലത്തേക്ക് ഗുണകരമാകണമെന്നില്ല. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാനാണ് ഇത് കൂടുതല്‍ സഹായകരമാവുക.
- നിങ്ങള്‍ക്ക് ഒരു അസുഖമുണ്ടെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുന്നത് പോലെ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ വിദഗ്ധനായൊരു ഫിനാന്‍ഷ്യല്‍ പ്ലാനറെ കാണുക. നിങ്ങള്‍ക്കെടുക്കാന്‍ പറ്റുന്ന റിസ്‌കും നിക്ഷേപിക്കാനുള്ള പണവുമെല്ലാം കണക്കൂകുട്ടി മികച്ച പ്ലാന്‍ അവര്‍ നിര്‍ദേശിച്ചുതരും. നിക്ഷേപിക്കാന്‍ മാത്രമല്ല, നികുതി ആസൂത്രണം ചെയ്തും വിപണി സാഹചര്യങ്ങള്‍ പരിഗണിച്ചും എപ്പോള്‍ നിക്ഷേപം പിന്‍വലിക്കണമെന്നും അവര്‍ ഉപദേശിക്കും.
- സെക്ഷന്‍ 80 ഇ അനുസരിച്ച് നികുതി ഇളവുകള്‍ ലഭിക്കാനും ഇതിലൂടെയെല്ലാം സാധിക്കും.
അതുകൊണ്ട് എന്തിന് ഇനി കാത്തുനില്‍ക്കണം. നല്ലൊരു ഫിനാന്‍ഷ്യല്‍ പ്ലാനറെ കാണുക. നിങ്ങള്‍ക്ക് യോജിച്ച, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന പ്ലാനില്‍ നിക്ഷേപം ആരംഭിക്കുക.
വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ അഫ്‌ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മാനേജിംഗ് ഡയറക്റ്ററും മൂന്നു തവണ സിഎന്‍ബിസി അവാര്‍ഡ് ജേതാവുമാണ് ലേഖിക.
Next Story