സ്മാർട്ടായി സമ്പാദിക്കാം, സമാധാനത്തോടെ ജീവിക്കാം: അറിയാം ഈ 5 രഹസ്യങ്ങൾ

ചെലവാക്കി ബാക്കി വരുന്നതല്ല സമ്പാദിക്കേണ്ടത്, മറിച്ച് സമ്പാദ്യത്തിന് ശേഷം ബാക്കി വരുന്നത് ചെലവാക്കുക
Financial Freedom Tips
Canva
Published on

പി. അനില്‍കുമാര്‍

''പണം സന്തോഷം നല്‍കില്ലായിരിക്കാം, പക്ഷേ അത് ഉത്കണ്ഠകളെ അകറ്റിനിര്‍ത്തുന്നു.'' ഈ പ്രസിദ്ധമായ ഫ്രഞ്ച് പഴഞ്ചൊല്ല് നമ്മുടെ നിത്യജീവിതത്തിലെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീടുപണി, വിശ്രമകാലം തുടങ്ങി ഒരു ശരാശരി മലയാളി കുടുംബത്തിന്റെ സ്വപ്നങ്ങളെല്ലാം പടുത്തുയര്‍ത്തുന്നത് സാമ്പത്തിക ആസൂത്രണത്തിലാണ്. ആജീവനാന്ത സാമ്പത്തിക വിജയത്തിലേക്കുള്ള അഞ്ച് പടവുകള്‍ പരിശോധിക്കാം.

1. വരുമാനം

നമ്മുടെ സാമ്പത്തിക വിജയത്തിന്റെ ഒന്നാം പടിയെന്നത് വരുമാനമാണ്. പ്രമുഖ സാമ്പത്തിക വിദഗ്ധനായ റോബര്‍ട്ട് കിയോസാക്കി പഠിപ്പിക്കുന്നത് കേവലം ശമ്പളത്തെ മാത്രം ആശ്രയിക്കാതെ, നമ്മുടെ നേരിട്ടുള്ള ഇടപെടല്‍ ഇല്ലാത്തപ്പോഴും നമുക്ക് പണം തരുന്ന സ്രോതസുകള്‍ കണ്ടെത്താനാണ്.

ഇലോണ്‍ മസ്‌കിനെപ്പോലെയുള്ളവര്‍ സ്വന്തം കമ്പനികളിലെ ഓഹരിപങ്കാളിത്തത്തിലൂടെയാണ് സമ്പത്ത് വളര്‍ത്തുന്നത്. കേരളീയ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍, സര്‍ക്കാര്‍/സ്വകാര്യ ജോലിയില്‍ നിന്നുള്ള വരുമാനത്തോടൊപ്പം കൃഷിയില്‍ നിന്നോ, വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നല്‍കുന്നതിലൂടെയോ, ചെറിയ സൈഡ് ബിസിനസുകളിലൂടെയോ അധിക വരുമാനം കണ്ടെത്താന്‍ ഓരോ കുടുംബവും ശ്രമിക്കണം. വരുമാനം നിങ്ങളെ ജീവിക്കാന്‍ സഹായിക്കുന്നു; എന്നാല്‍ സമ്പാദ്യമാണ് നിങ്ങളെ സ്വതന്ത്രനാക്കുന്നത്.

2. സമ്പാദ്യം

വരുമാനത്തില്‍ നിന്ന് ചെലവ് കഴിഞ്ഞ്, ബാക്കി വരുന്നതാണ് സമ്പാദ്യമെന്നത് എന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ തത്വം പാലിച്ച്, വരുമാനം കിട്ടുമ്പോള്‍ തന്നെ ഒരു നിശ്ചിത ശതമാനം സമ്പാദ്യത്തിനായി മാറ്റിവെക്കണം. ഒരു കുടുംബം വരുമാനത്തിന്റെ 30 ശതമാനം എങ്കിലും സമ്പാദ്യത്തിനായി നീക്കിവെക്കണം.

ആഡംബരത്തിനായി അമിതമായി പണം ചെലവാക്കുന്നത് നിയന്ത്രിക്കണം. കൂടാതെ അനാവശ്യ ചെലവുകള്‍ പാടെ ഒഴിവാക്കുകയും വേണം. ജെഫ് ബെസോസ് ആമസോണിന്റെ തുടക്കകാലത്ത് കാണിച്ച അച്ചടക്കം നാം മാതൃകയാക്കണം. ചെലവാക്കി, ബാക്കി വരുന്നതല്ല സമ്പാദിക്കേണ്ടത്, മറിച്ച് സമ്പാദ്യത്തിന് ശേഷം ബാക്കി വരുന്നതാകണം ചെലവാക്കേണ്ടത്.

Money Management Tips

3. നിക്ഷേപം

സമ്പാദിച്ച പണം വെറുതെ വെക്കുന്നത് പണത്തിന്റെ മൂല്യം കുറക്കും. ''നിങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങളില്‍ മാത്രം നിക്ഷേപിക്കുക'' എന്ന ഇതിഹാസ നിക്ഷേപകന്‍ പീറ്റര്‍ ലിഞ്ചിന്റെ തത്വം ഇവിടെ പ്രയോഗിക്കാം. സാധാരണ മലയാളികള്‍ സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും മാത്രമാണ്

കൂടുതലായി നിക്ഷേപിക്കാറുള്ളത്. എന്നാല്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരി വിപണി തുടങ്ങിയവ കൂടി പരിഗണിക്കണം.

കൃത്യമായ അറിവോടെയുള്ള നിക്ഷേപങ്ങള്‍ നിങ്ങളുടെ പണത്തെ കാലക്രമേണ വളര്‍ത്തും. നിങ്ങള്‍ ഉറങ്ങുമ്പോഴും നിങ്ങള്‍ക്കായി പണം പണിയെടുക്കുന്നില്ലെങ്കില്‍, മരിക്കുന്നത് വരെ നിങ്ങള്‍ക്ക് പണിയെടുക്കേണ്ടി വരും.

4. സംഭാവന നല്‍കല്‍

സാമ്പത്തിക ഭദ്രത കൈവരിച്ചു കഴിഞ്ഞാല്‍ സമൂഹത്തിന് തിരിച്ചു നല്‍കുകയെന്നത് പ്രധാനമാണ്. ബില്‍ ഗേറ്റ്സും വാറന്‍ ബഫറ്റും തങ്ങളുടെ സമ്പത്തിന്റെ ഒരുഭാഗം ജീവകാരുണ്യത്തിനായി മാറ്റിവെച്ചവരാണ്.

സാമൂഹിക പ്രതിബദ്ധത: അയല്‍പക്കത്തെ കുട്ടിയുടെ പഠനത്തിനോ, അശരണരായവരുടെ ചികിത്സക്കോ ബജറ്റില്‍ ഒരു ചെറിയ തുക മാറ്റിവെക്കുന്നത് ജീവിതത്തിന് വലിയ അര്‍ത്ഥം നല്‍കും. സമ്പാദിച്ച പണം മറ്റുള്ളവരുടെ കണ്ണീര്‍ ഒപ്പാന്‍ കൂടി ഉപയോഗിക്കുമ്പോഴാണ് അത് യഥാര്‍ത്ഥ വിജയമാകുന്നത്. പണം സമ്പാദിക്കുന്നത് ഒരു കലയാണ്, അത് നിലനിര്‍ത്തുന്നത് ഒരു അച്ചടക്കവും വളര്‍ത്തുന്നത് ഒരു ശാസ്ത്രവുമാണ്.

5. എസ്റ്റേറ്റ് പ്ലാനിങ്

നാം ആര്‍ജിച്ച സമ്പത്ത് നമ്മുടെ കാലശേഷം പ്രിയപ്പെട്ടവര്‍ക്ക് തര്‍ക്കങ്ങളില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് എസ്റ്റേറ്റ് പ്ലാനിങ്.

വിദേശ രാജ്യങ്ങളിലെ വന്‍കിട കുടുംബങ്ങള്‍ ചെയ്യുന്നത് പോലെ, കേരളത്തിലെ കുടുംബങ്ങളും കൃത്യമായ വില്‍പത്രങ്ങള്‍ തയാറാക്കാന്‍ ശ്രദ്ധിക്കണം. മക്കള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഭാവിയില്‍ വരാവുന്ന നിയമപരമായ നൂലാമാലകള്‍ തടയാനും ഇത് അത്യന്താപേക്ഷിതമാണ്. ഭൂമിയുടെ ആധാരങ്ങള്‍, നിക്ഷേപ രേഖകള്‍ എന്നിവ കൃത്യമായി ക്രമീകരിച്ച് വെക്കുന്നത് അടുത്ത തലമുറയോട് നാം കാണിക്കുന്ന വലിയൊരു സ്നേഹമാണ്.

അയല്‍ക്കാരന്റെ ആഡംബരമല്ല, സ്വന്തം അക്കൗണ്ടിലെ ഭദ്രതയാകണം നിങ്ങളുടെ ആത്മവിശ്വാസം. സാമ്പത്തിക സ്വാതന്ത്ര്യമെന്നത് വെറുമൊരു ലക്ഷ്യമല്ല, അതൊരു ജീവിതരീതിയാണ്. നിങ്ങള്‍ എത്ര രൂപ സമ്പാദിക്കുന്നു എന്നതിനേക്കാള്‍ എത്ര രൂപ നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുന്നു എന്നതിലാണ് കാര്യം. സന്തുലിതമായ ഒരു ജീവിതം ആസ്വദിച്ചുകൊണ്ട് തന്നെ ഈ അഞ്ച് പടവുകള്‍ ഓരോന്നായി കയറാന്‍ ശ്രമിച്ചാല്‍ ഏതൊരാള്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ സാധിക്കും. കൃത്യമായ ആസൂത്രണവും അച്ചടക്കവുമാണ് ഈ 'മണി ഗെയിമി'ന്റെ വിജയരഹസ്യം.

3 കല്‍പനകള്‍

മണി ഗെയിമില്‍ വിജയിച്ചു കഴിഞ്ഞാലും താഴെ പറയുന്ന മൂന്ന് കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

1. അനാവശ്യ കടബാധ്യതകള്‍: വരുമാനത്തിന് അനുസരിച്ചല്ലാത്ത കടം വാങ്ങലുകള്‍ (ഉദാ: ആഡംബര കാറുകള്‍ക്കോ, ജീവിതശൈലിക്കോ വേണ്ടിയുള്ള വായ്പകള്‍) സാമ്പത്തിക അടിത്തറ തകര്‍ക്കും.

2. ഏകമുഖ നിക്ഷേപം ഒഴിവാക്കുക: എല്ലാ മുട്ടകളും ഒരു കൊട്ടയില്‍ ഇടരുത്. നിക്ഷേപങ്ങള്‍ പലയിടങ്ങളിലായി വിഭജിക്കുക (Diversification). എല്ലാ പണവും സ്വര്‍ണത്തിലോ, ഭൂമിയിലോ അല്ലെങ്കില്‍ ഒരു പ്രത്യേക വിഭാഗം ആസ്തിയിലോ മാത്രം ഇടുന്നത് അപകടമാണ്. നിക്ഷേപങ്ങള്‍ പല മേഖലകളിലായി വിന്യസിക്കുക.

3. ആത്മവിശ്വാസം: മറ്റുള്ളവരുടെ ജീവിതശൈലിയല്ല, നിങ്ങളുടെ സാമ്പത്തിക ഭദ്രതയാകണം യഥാര്‍ത്ഥ ആത്മവിശ്വാസം. വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് ഉത്തരവാദിത്തങ്ങളും അമിത ബാധ്യതകളും വര്‍ധിപ്പിക്കാതിരിക്കുക.

(കേരള ഗവണ്മെന്റ് ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകന്‍. ഫോണ്‍: 6282404679, ഇ-മെയില്‍: amtha2010@gmail.com)

[ധനം മാ​ഗസീന്റെ ജൂൺ 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.]

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com