നിങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ പൂര്‍ണ പരിരക്ഷ ഉറപ്പാക്കാം; ഇതാ ഒരു ചെക്ക്‌ലിസ്റ്റ്

മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്താല്‍ ആരോഗ്യത്തിന് പൂര്‍ണപരിരക്ഷിയായി എന്നാണ്് പലരുടെയും ചിന്താഗതി. ഒരു ചികിത്സയ്ക്കായുള്ള ആവശ്യം വരും വരെ ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല പലരും. എന്നാല്‍ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് എല്ലാ ഇന്‍ഷുറന്‍സ് പോളിസിയിലും പരിരക്ഷ ലഭിക്കണമെന്നില്ല. ഇത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ തന്നെ അന്വേഷിക്കുക. നിലവില്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ അക്കാര്യം കമ്പനിയുടെ പ്രതിനിധിയുമായി സംസാരിച്ച് ഉറപ്പുവരുത്താം. ഇല്ലെങ്കില്‍ അതിനായി പ്രത്യേക കവറേജ് കൂടെ എടുക്കാം. ശ്രദ്ധിക്കേണ്ട അത്തരം ചില കാര്യങ്ങളാണ് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ചികിത്സ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് ചെന്നെത്തിക്കുന്നത്. ഏത് കമ്പനിയുടെ ഇന്‍ഷുറന്‍സ് എടുത്താലും പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒരിക്കല്‍ എടുത്താല്‍ പുതുക്കല്‍ മുടക്കരുത്

ഒരിക്കല്‍ പോളിസി എടുത്താല്‍ ഇടയ്ക്കു മുടങ്ങിപ്പോകാതെ വര്‍ഷാവര്‍ഷം പുതുക്കാന്‍ മറക്കരുത്. ഒാേരാ വര്‍ഷവും ക്ലെയിം ആവശ്യമായി വന്നിട്ടില്ലെങ്കില്‍ അഞ്ചുശതമാനം വീതം ക്യുമുലേറ്റിവ് ബോണസായി ഇന്‍ഷ്വേര്‍ഡ് തുകയുടെ 50 ശതമാനം ആകുന്നവരെ കിട്ടിക്കൊണ്ടിരിക്കും. പിന്നീട് ക്ലെയിം വരുമ്പോള്‍ ഈ അധിക തുക പ്രയോജനപ്പെടുകയും ചെയ്യും. തുടരുന്ന പോളിസികള്‍ക്കു മറ്റു പല ഗുണങ്ങളുമുണ്ട്. ചില രോഗങ്ങള്‍ക്ക് ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷകാലയളവില്‍ ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. ഇത്തരം രോഗങ്ങള്‍ക്കും പോളിസി മുടങ്ങാതെ പുതുക്കിയാല്‍ മാത്രമേ നിശ്ചിത കാലയളവു കഴിഞ്ഞു ക്ലെയിം ചെയ്യാനാകൂ. നികുതി നല്‍കിക്കൊണ്ടിരിക്കുന്നവര്‍ക്ക് അടച്ച പ്രീമിയത്തിനു നികുതി ഇളവുമുണ്ട്.

കവറേജ് ഇല്ലാത്ത രോഗങ്ങള്‍ അറിയുക

ഏതു കമ്പനിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്താലും കവറേജ് ഇല്ലാത്ത രോഗങ്ങളുണ്ടോ എന്നും അത് ഏതൊക്കെയാണ് എന്നും ഉറപ്പാക്കണം. മദ്യപാനം മൂലമുള്ള രോഗങ്ങള്‍, ആത്മഹത്യാശ്രമം, കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടുണ്ടായ രോഗമോ പരിക്കോ തുടങ്ങിയവയ്‌ക്കൊന്നും പൊതുവേ പരിരക്ഷ ലഭിക്കാറില്ല. പ്രസവത്തിനു പരിരക്ഷയുള്ളതും ഇല്ലാത്തതുമായ പോളിസികളുണ്ട്. സാധാരണ മെഡിക്ലെയിം പോളിയിയില്‍ ഗര്‍ഭവും പ്രസവവും അസുഖമല്ലാത്തതിനാല്‍ കിട്ടുകയില്ല. എന്നാല്‍ അധിക പ്രീമിയം അടച്ചാല്‍ ഇതിനും ക്ലെയിം കിട്ടുന്നതാണ്.പോളിസി എടുക്കുമ്പോള്‍ അത്തരം ആവശ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടു വേണം ആസൂത്രണം.

ക്യാഷ്‌ലെസ് ചികിത്സ

ആരോഗ്യ ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി ആശുപത്രിയില്‍ ചികിത്സയ്ക്ക് പണമടയ്‌ക്കേണ്ട എന്ന സംവിധാനമാണ് ക്യാഷ്ലെസ് ക്ലെയിം. പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം പൊതുവേ ഈ സൗകര്യം ലഭിക്കും. എന്നിരുന്നാലും നമുക്ക് സൗകര്യപ്രദമായ ആശുപത്രിയില്‍ ക്യാഷ്ലെസ് ലഭ്യമാക്കിയിട്ടുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസിക്ക് മുന്‍ഗണനകൊടുക്കുന്നതാകും നല്ലത്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയാല്‍ ആശുപത്രി മുഖേന ഇന്‍ഷുറന്‍സ് കമ്പനി ചുമതലപ്പെടുത്തിയ ടിപിഎയെ ( തേഡ് പാര്‍ടി അഷ്വറന്‍സ്) അറിയിച്ചാണ് ക്യാഷ്ലെസ് സ്‌കീം സാധ്യമാക്കുന്നത്. രോഗി അഡ്മിറ്റായാല്‍ എത്രയും വേഗം ഇന്‍ഷുറന്‍സ് കമ്പനിയെ വിവരമറിയിക്കുന്നതു കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കും.

പോളിസി പോര്‍ട്ടിംഗ്

സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളിലുള്ള പോളിസി സ്വകാര്യ കമ്പനികളിലേക്കും തിരിച്ചും പോര്‍ട്ട് ചെയ്യാവുന്നതാണ്. പോളിസി ആക്ടീവായിരിക്കുന്ന കാലയളവില്‍ മാത്രമേ ഇതു സാധ്യമാകൂ. പോര്‍ട്ടിങ്ങിനായുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ മാത്രമല്ല, മുന്‍ പോളിസിയുെട കാലദൈര്‍ഘ്യത്തിലുള്ള ആനുകൂല്യങ്ങളും നിബന്ധനകള്‍ക്കു വിധേയമായി ലഭ്യമാകും. പോളിസി മുറിയുന്ന സാഹചര്യം ഉണ്ടാവുകയുമില്ല.

ക്യാന്‍സര്‍ പരിരക്ഷ

വിശദമായി വിലയിരുത്തി കണ്ടുപിടിക്കേണ്ട അസുഖമായതിനാല്‍ ക്യാന്‍സറിനു ക്ലെയിം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുത്തതിനുശേഷമാണ് ക്യാന്‍സര്‍ കണ്ടുപിടിച്ചത് എങ്കിലും പോളിസി പരിരക്ഷ കിട്ടണമെന്നില്ല. ക്യാന്‍സര്‍ ഏതു സ്റ്റേജിലാണ് ആരംഭിച്ചത്, എത്ര കാലമായിട്ടുണ്ടാകും എന്നു ഡോക്ടര്‍ പറയുന്നുവോ അതു പ്രകാരമേ ക്ലെയിം കിട്ടൂ. പോളിസി ആക്ടീവായ കാലത്തിനു ശേഷമാണ് കാന്‍സര്‍ ആരംഭിച്ചത് എന്നു വ്യക്തമായാല്‍ പരിരക്ഷ കിട്ടും. വളരെ ചികിത്സാ ചെലവുള്ള രോഗമായതിനാല്‍ കാന്‍സര്‍ പരിരക്ഷയുടെ കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അടുത്തകാലത്തുമാത്രമാണ് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചത്. നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇക്കാര്യം നിങ്ങള്‍ക്ക് ചോദിച്ചറിയാം.

24 മണിക്കൂര്‍ ആശുപത്രിവാസം

24 മണിക്കൂറെങ്കിലും അഡ്മിറ്റായുള്ള ചികിത്സയ്ക്കാണ് സാധാരണ നിലയില്‍ ക്ലെയിം ലഭിക്കുക. എന്നാല്‍ കീമോതെറപ്പി, റേഡിയേഷന്‍, ഡയാലിസിസ്, കാറ്ററാക്ട് സര്‍ജറി തുടങ്ങിയവയ്ക്ക് 24 മണിക്കൂര്‍ നിബന്ധനയില്ല. എന്നാല്‍ രോഗനിര്‍ണയത്തിനു വേണ്ടി ചെയ്യുന്നതും ചികിത്സ ആവശ്യം വരാത്തതുമായ എംആര്‍ െഎ, സിടി, എക്‌സ്‌റേ തുടങ്ങിയ പരിശോധനകള്‍ക്ക് ക്ലെയിം ലഭിക്കില്ല. വിദേശത്തും പരിരക്ഷ ലഭിക്കുന്ന ഓവര്‍സീസ് മെഡിക്ലെയിം പോളിസികള്‍ പ്രയോജനപ്പെടുത്തുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it