എസ്ബിഐ ഭവനവായ്പാ ഇളവുകള്‍; ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

റിസര്‍വ് ബാങ്ക് റീപോ റേറ്റ് വര്‍ധിപ്പിച്ചതിന് പിന്നാലെ വിവിധ ബാങ്കുകളാണ് ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകള്‍ക്കൊപ്പം വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഭവന വായ്പാ പലിശ നിരക്കാണ് പലര്‍ക്കും ഇരട്ടി ഭാരമായിരിക്കുന്നത്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ഭവനവായ്പ എടുക്കുന്നവര്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്സവ സീസണോട് അനുബന്ധിച്ചാണ് എസ്ബിഐ ഭവന വായ്പകളില്‍ ഇളവ് പ്രഖ്യാപിച്ചത്. ബേസിസ് പോയിന്റുകളില്‍ 15 ബേസിസ് പോയിന്റ് മുതല്‍ 30 ബേസിസ് പോയിന്റ് വരെ ഇളവാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക് സാധരണ 8.55 ശതമാനം മുതല്‍ 9.05 ശതമാനം വരെയാണെങ്കിലും ഉത്സവ സീസണില്‍ ഇത് 8.40 ശതമാനം വരെ ആയിരിക്കും.

ഇളവുകള്‍ നല്‍കുന്നതോടൊപ്പം ചില മാനദണ്ഡങ്ങളും എസ്ബിഐ വച്ചിട്ടുണ്ട്. 2022 ഒക്ടോബര്‍ 4 മുതല്‍ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളില്‍ മാത്രമാണ് പുതിയ ഇളവെന്നതാണ് ആദ്യത്തെ കാര്യം. എസ്ബിഐയുടെ ഭവന വായ്പയുടെ കിഴിവ് ലഭിക്കുക സിബില്‍ സ്‌കോര്‍ അനുസരിച്ച് ആയിരിക്കും എന്നതാണ് രണ്ടാമത്തേത്.

സ്‌കോര്‍ എത്രവേണം?

800-നേക്കാള്‍ കൂടുതലോ അതിന് തുല്യമോ ആയ സിബില്‍ സ്‌കോര്‍ ഉള്ള വായ്പക്കാര്‍ക്ക് ബാങ്ക് 8.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് 8.55 ശതമാനം എന്ന സാധാരണ നിരക്കിനെ അപേക്ഷിച്ച് 15 ബേസിസ് പോയിന്റ് കുറവാണ്.

750 മുതല്‍ 799 വരെ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വായ്പക്കാര്‍ക്ക് സാധാരണ നിരക്കായ 8.65 നെക്കാള്‍ 25 ബേസിസ് പോയിന്റ് ഇളവോടെ 8.40 ശതമാനം പലിശ നിരക്ക് ആണ് ഉത്സവ ഓഫര്‍.

700 മുതല്‍ 749 വരെ സിബില്‍ സ്‌കോര്‍ ഉള്ള വായ്പക്കാര്‍ക്ക് സാധരണ ഭവന വായ്പയുടെ പലിശ നിരക്ക് 8.75 ശതമാനം ആണ്. എന്നാല്‍ ഉത്സവ സീസണില്‍ എസ്ബിഐ 20 ബേസിസ് പോയിന്റുകളുടെ ഇളവ് നല്‍കുന്നു. 8.55% ശതമാനമാണ് ഈ കാലയളവിലെ പലിശ നിരക്ക്.

699 വരെ ക്രെഡിറ്റ് സ്‌കോറുകളുള്ള വായ്പക്കാര്‍ക്ക് ഭവനവായ്പയുടെ പലിശ നിരക്കില്‍ മാറ്റമില്ല. ഇവരുടെ വായ്പ നിരക്ക് 8.85 ശതമാനമായിരിക്കും. വനിതാ അപേക്ഷകര്‍ക്കും സാലറി അക്കൗണ്ട് ഉടമകള്‍ക്കും ല്‍കുന്ന 5 ബേസിസ് പോയിന്റ് ഇളവും ഉള്‍പ്പെടുന്നതാണ് പുതിയ ഇളവുകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it