ദീര്‍ഘകാല നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താന്‍ ഒരു മാജിക്

നിക്ഷേപങ്ങളുടെ ലോകത്ത്, സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള നിക്ഷേപകരുടെ കൂട്ടാളിയാണ് സമയം. കോമ്പൗണ്ടിംഗിന്റെ മാജിക് നന്നായി പ്രവര്‍ത്തിക്കുന്നതും ദീര്‍ഘകാലത്തേക്ക് നിക്ഷേപം കൈവശം വയ്ക്കുമ്പോഴാണ്. വിപണിയുടെ ടൈമിംഗിന് അനുസരിച്ച് വാങ്ങല്‍, വില്‍ക്കല്‍ നടത്തുന്നതിനപ്പുറം വിപണിസൈക്കിളിന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നത് നേട്ടമുണ്ടാക്കും.

എന്നാല്‍ രണ്ടും ഒരുപോലെ ചെയ്യാന്‍ ശ്രമിക്കുന്നത് പലപ്പോഴും സമയകൃത്യതയിലെ വെല്ലുവിളികള്‍ മൂലം കുറഞ്ഞ വരുമാനത്തിലേക്ക് നയിച്ചേക്കാം. വിപണിയെ ടൈമിംഗ് ചെയ്യാന്‍ നോക്കാതെ ദീര്‍ഘകാലത്തേക്ക് വിപണിയില്‍ തുടരുന്നതാണ് കൂടുതല്‍ കാര്യക്ഷമം.
തുടക്കം എങ്ങനെ?
ധനകാര്യ ലക്ഷ്യങ്ങള്‍ തീരുമാനിക്കുകയാണ് നിക്ഷേപത്തിന്റെ ആദ്യപടി. ലക്ഷ്യം തീരുമാനിച്ചാല്‍ പിന്നെ നിങ്ങളുടെ നിക്ഷേപത്തെ ദീര്‍ഘകാലം, ഹ്രസ്വകാലം എന്നിങ്ങനെ തരം തിരിക്കാം. രണ്ട് വ്യത്യസ്ത പോര്‍ട്ട്‌ഫോളിയോകള്‍ക്ക് രൂപം കൊടുക്കുകയാണ് വിവേകപരമായ സമീപനം. അതായത് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഒന്ന്. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി മറ്റൊന്ന്. തിരഞ്ഞെടുക്കുന്ന ഓരോ ആസ്തി വിഭാഗത്തിലും ഉണ്ടായേക്കാവുന്ന നഷ്ട സാധ്യത കൂടി കണക്കിലെടുത്ത് മികച്ച നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരിക്കണം ലോംഗ് ടേം പോര്‍ട്ട്‌ഫോളിയോ.
വളരെ ദീര്‍ഘമായ കാലയളവില്‍ ഉയര്‍ന്ന വരുമാനം തേടാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കരുതുക. അത്തരം സന്ദര്‍ഭങ്ങളില്‍ ഓഹരി പോലെയുള്ള വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള ആസ്തികളിലേക്ക് തിരിയാം. കുറഞ്ഞ സമയപരിധിയില്‍ അവ കൂടുതല്‍ അസ്ഥിരമാകുമെങ്കില്‍ പോലും. തന്ത്രപരമായ ആസ്തി വിന്യാസവും (Asset Allocation) വ്യക്തിഗത ഓഹരികളുടെ സൂക്ഷ്മമായ തിരഞ്ഞെടുപ്പും ഇതില്‍ ആവശ്യമാണ്. ഓരോ നിക്ഷേപത്തിന്റെയും അപകടസാധ്യതകളും ലഭിക്കാവുന്ന വരുമാനവും നന്നായി ഗവേഷണം ചെയ്യുകയും മനസ്സിലാക്കുകയും അത് നിങ്ങളുടെ നഷ്ടം സഹിക്കാനുള്ള ശേഷിയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കമ്പനികളുടെ അടിത്തറയും മൂല്യവും തമ്മിലുള്ള തുലനമാണ് ഏറ്റവും അനുയോജ്യമായ ഓഹരികള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകം.
ഇടയ്ക്ക് മാറ്റം വരുത്താം
അസറ്റ് അലോക്കേഷന്‍ നടത്തിക്കഴിഞ്ഞാല്‍, വിപണിയിലെ 'മിസ് പ്രൈസിംഗിന്റെ' ഗുണം നേടുന്നതിന് നിങ്ങള്‍ക്ക് തന്ത്രപരമായി നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാം. അതായത് ചില ഓഹരികള്‍ വിപണിയിലെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം അര്‍ഹിക്കുന്ന വിലയിലെത്താതെ താഴ്ചയിലായിരിക്കും. അത്തരം അവസരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. വിപണി സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുമ്പോള്‍ തിരിച്ചുവരാനും പ്രത്യേകം ശ്രദ്ധിക്കണം.
പിന്മാറാനും സമയം
നിക്ഷേപങ്ങള്‍ എപ്പോള്‍ തുടങ്ങണം എന്നതുപോലെ തന്നെ പ്രധാനമാണ് നിക്ഷേപങ്ങളില്‍ നിന്ന് എപ്പോള്‍ പുറത്തുകടക്കണമെന്ന് തീരുമാനിക്കുന്നതും. നഷ്ട സാധ്യത കുറയ്ക്കാനായോ അല്ലെങ്കില്‍ നിക്ഷേപങ്ങള്‍ അവയുടെ ലക്ഷ്യ പ്രാപ്തിയില്‍ എത്തുമ്പോഴോ സ്റ്റോപ്പ്-ലോസ് സംവിധാനം പ്രയോജനപ്പെടുത്തി പുറത്തു കടത്താം. നിക്ഷേപ സമീപനത്തിലെ നിങ്ങളുടെ സ്ഥിരതയും അച്ചടക്കവും സുസ്ഥിരമായ ദീര്‍ഘകാല വളര്‍ച്ചയില്‍ നിര്‍ണായകമാണ്. നിങ്ങള്‍ വിചാരിച്ച ഫലം ഉടനടി കിട്ടണമെന്നില്ല. എന്നാലും നിക്ഷേപങ്ങള്‍ ശരിയായ പാതയിലാണെന്ന് ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കണം.

(എല്‍.ജി.ടി വെല്‍ത്ത് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമാണ് ലേഖകന്‍)

Rajesh Cheruvu
Rajesh Cheruvu is a Managing Director & Chief Investment Officer at LGT WEALTH INDIA  

Related Articles

Next Story

Videos

Share it