പെന്‍ഷനും മികച്ച നിക്ഷേപവും; നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ഓണ്‍ലൈനായി ചേരാം

എന്‍പിഎസ് അഥവാ നാഷണല്‍ പെന്‍ഷന്‍ സ്‌കീം, 2004 ല്‍ രാജ്യത്തെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നിലവില്‍ വന്ന പെന്‍ഷന്‍ പദ്ധതിയാണിത്. തുടര്‍ന്ന് 2007 ല്‍ ഗവണ്‍മെന്റ് തന്നെ മുന്‍കയ്യെടുത്ത് നടത്തിയ ഭേദഗതിയുടെ ഫലമായി രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും ചേരാവുന്ന തരത്തിലുള്ള പദ്ധതിയായി എന്‍പിഎസ് മാറി.

18നും 60നും മധ്യേ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും (എന്‍ആര്‍ഐ ഉള്‍പ്പെടെ) എന്‍പിഎസില്‍ അംഗമാവാം. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ അനുമതിയുള്ളൂ. പിഒപി അഥവാ പോയിന്റ് ഓഫ് പ്രസന്‍സ് എന്ന പേരില്‍ രാജ്യമെമ്പാടും പ്രവര്‍ത്തിച്ചുവരുന്ന സേവന കേന്ദ്രങ്ങള്‍ വഴിയാണ് എന്‍പിഎസ് ഇടപാടുകള്‍ ജനങ്ങളിലേക്കെത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളും ഏതാനും സ്വകാര്യ ബാങ്കുകളും കൂടാതെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് പോസ്റ്റ് ഓഫീസുകളും പിഒപി കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.
ഓണ്‍ലൈനായും അംഗമാകാനുള്ള സൗകര്യവും നിലവിലുണ്ട്. നിശ്ചിത ആപ്ലിക്കേഷന്‍ സമര്‍പ്പിച്ച് എന്‍പിഎസില്‍ അംഗമായി കഴിഞ്ഞാല്‍ നക്ഷേപകര്‍ക്ക് 12 അക്കങ്ങളുള്ള ഒരു പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ 'പ്രാണ്‍' രേഖപ്പെടുത്തിയ പാസ്ബുക്ക് ലഭിക്കുന്നു.
പ്രതിമാസ തവണകളായോ ഒറ്റത്തുക ആയോ എന്‍പിഎസില്‍ നിക്ഷേപം നടത്താം. അടിസ്ഥാന അക്കൗണ്ടായ ടയര്‍ 1 ല്‍ മിനിമം നിക്ഷേപം 500 രൂപയാണ്. വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് 6,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതായുണ്ട്. ഓഹരികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിങ്ങനെ വ്യത്യസ്ത സ്വഭാവ വിശേഷങ്ങളുള്ള ആസ്തികള്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ എന്‍പിഎസില്‍ ലഭ്യമാണ്.
നാല് തരം നിക്ഷേപ മാര്‍ഗങ്ങള്‍ എന്‍പിഎസില്‍ ലഭ്യമാണെങ്കിലും താരതമ്യേന പ്രായം കുറഞ്ഞ നിക്ഷേപകര്‍ (18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവര്‍) ഓഹരികള്‍ക്ക് പ്രാമുഖ്യമുള്ള സ്‌കീമുകള്‍ തിരഞ്ഞെടുക്കുകയാവും ഉചിതം.
ദീര്‍ഘകാലത്തേക്ക് നടത്തുന്ന ഓഹരിയധിഷ്ഠിത നിക്ഷേപം കൂടുതല്‍ നേട്ടം നല്‍കുമെന്നതും പ്രായം കുറഞ്ഞ നിക്ഷേപകര്‍ക്ക് പൊതുവേ റിസ്‌കെടുക്കാന്‍ കൂടുതല്‍ സാധിക്കുമെന്നുള്ളതുകൊണ്ടുമാണ് ഈ നിര്‍ദേശം. റിട്ടയര്‍മെന്റ് പ്രായം അടുത്ത് എത്തുന്ന മുറയ്ക്ക് ഓഹരികളിലെ നിക്ഷേപ സാന്നിധ്യം കുറച്ചുകൊണ്ടുവന്ന് റിസ്‌ക് പരമാവധി ലഘൂകരിക്കുകയും ചെയ്യാം. എന്‍പിഎസില്‍ നിക്ഷേപം ആരംഭിച്ച് 60 ാമത്തെ വയസില്‍ എത്തിച്ചേരുമ്പോള്‍ നിശ്ചിത തുകയുടെ 60 ശതമാനം നിക്ഷേപകര്‍ക്ക് പിന്‍വലിക്കാം.
മിച്ചം വരുന്ന 40 ശതമാനം തുക ഇന്‍ഷുറന്‍സ് കമ്പനികളിലെ ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കുകയും ജീവിതാവസാനം വരെ പ്രതിമാസ പെന്‍ഷന്‍ രൂപത്തില്‍ പിന്‍വലിക്കുകയും ചെയ്യാം. ഏതെങ്കിലും നിക്ഷേപകര്‍ക്ക് അറുപതാമത്തെ വയസില്‍ സ്വരൂപിക്കപ്പെട്ട തുകയുടെ 60 ശതമാനം പിന്‍വലിക്കേണ്ടയെങ്കില്‍ അതുവരെ സമാഹരിക്കപ്പെട്ട മുഴുവന്‍ തുകയും ആന്വിറ്റിയായി മാറ്റി പ്രതിമാസ പെന്‍ഷന്‍ തുക ഉയര്‍ത്തുവാനുള്ള സംവിധാനവും എന്‍പിഎസ് നല്‍കുന്നു.
ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാന്‍
  • പാന്‍ കാര്‍ഡിന്റെയും കാന്‍സല്‍ ചെയ്ത ചെക്കിന്റെയും സ്‌കാന്‍ ചെയ്ത്കോപ്പിയെടുക്കുക. ഫോട്ടോയുംവേണം.
  • ഇ-എന്‍.പി.എസിന്റെ ഔദ്യോഗിക സൈറ്റില്‍( https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക.
  • നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം-എന്നതില്‍ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷനില്‍ ക്ലിക്ക് ചെയ്യുക.
  • രിജിസ്റ്റര്‍ വിത്ത്-ല്‍ ആധാര്‍ ഓപ്ഷന്‍ സെലക്ട് ചെയ്യുക.
  • ടയര്‍ 1 ഓണ്‍ലി-സെലക്ട് ചെയ്ത് നിര്‍ദേശങ്ങള്‍ പാലിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it