Top

ഈ സന്ദേശങ്ങളും ഫോണ്‍കോളുകളും തട്ടിപ്പായിരിക്കാം, ശ്രദ്ധാലുക്കളായിരിക്കൂ!

കോവിഡ് കാലത്ത് സാമ്പത്തിക ഇടപാടുകളെല്ലാം ഓണ്‍ലൈനിലൂടെ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടി. പുറത്തിറങ്ങേണ്ടതില്ലല്ലോ എന്നതിനാല്‍ സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളുമായി പരിചയിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിനിടയ്ല്‍ സാധാരണക്കാരെ കെണിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന തട്ടിപ്പുകാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വളരെ വലിയ തോതില്‍ ആണ് വര്‍ധിച്ചിട്ടുള്ളത്. പ്രൊഫഷണലുകള്‍ പോലും തട്ടിപ്പിനിരയാകുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയണോ. സത്യമെന്നു തോന്നുന്ന ചില കോളുകളും എസ് എം എസുകളും പോലും തട്ടിപ്പുകള്‍ ആയേക്കാം. പേടിക്കേണ്ട ഇവയെ ബുദ്ധിപൂര്‍വം സമീപിച്ചാല്‍ തട്ടിപ്പില്‍ നിന്നും ഒഴിവാകാം. അക്കൗണ്ട് ഉടമകള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും അവ സംഭവിക്കാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളും.

ഫിഷിംഗ്
ബാങ്കില്‍നിന്നെന്ന രീതിയില്‍ ഇമെയിലിലൂടെയോ ഹ്രസ്വ സന്ദേശങ്ങളായോ ആകും ആളുകള്‍ ഫിഷിംഗ് തട്ടിപ്പിന് ശ്രമിക്കുന്നത്. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ ബാങ്കിന്റെയോ മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയോ ആധികാരികം എന്നു തോന്നിപ്പിക്കുന്ന വെബ്സൈറ്റിലേക്കാവും എത്തിപ്പെടുക. സംശയം ഇല്ലാതെ അവിടെ നല്‍കുന്ന നിര്‍ണായക വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തി അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുക്കും.
വിഷിംഗ്
ബാങ്കില്‍നിന്നെന്ന രീതിയില്‍ ഫോണിലൂടെ ഇടപാടുകാരെ വിവിധ കാര്യങ്ങള്‍ പറഞ്ഞു ഭയപ്പെടുത്തി വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് വിഷിംഗ്. വീണു കിട്ടുന്ന ഇരകളെ ഉപയോഗിച്ച് സമാന്തരമായി മൊബൈല്‍ ഫോണുകളിലേക്ക് വണ്‍ടൈം പാസ് വേഡുകള്‍ വരെ വരുത്തിയെടുക്കുന്നു. ഇതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ ബാക്കിയുള്ള പണം നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാം.
പോപ്പ് അപ്പ് ഗ്രാഫിക്സ്
സ്മാര്‍ട് ഫോണുകളില്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചെറിയ ചിത്രങ്ങളോടൊപ്പം സ്‌ക്രീനുകളില്‍ പൊന്തിവരുന്ന പോപ്പ് അപ്പ് തട്ടിപ്പുകള്‍ പുതിയ അവതാരങ്ങളാണ്. ഓണ്‍ലൈന്‍ ഉപയോഗം കൂടിയ ഈ കാലത്ത് ഇതില്‍ ആരും എപ്പോള്‍ വേണമെങ്കിലും കുടുങ്ങാം. ഈ ഇമേജില്‍ അറിയാതെ ക്ലിക് ചെയ്താല്‍ ഫോണിന്റെ കീപാഡില്‍ അമര്‍ത്തുന്ന എല്ലാ രഹസ്യവിവരങ്ങളും മറ്റേ തലയ്ക്കല്‍ പകര്‍ത്തിയെടുത്തിട്ടുണ്ടാകും. ഇവിടെ ഫിഷിംഗിന് സമാനമായ തട്ടിപ്പും നടക്കാനിടയുണ്ട്. സ്മാര്‍ട്ട് ഫോണുകളില്‍ ആന്റി വൈറസ് ഉപയോഗിക്കുക. ആവശ്യമില്ലാത്ത ഗെയിമുകള്‍, ആപ്പുകള്‍ എന്നിവ പണമിടപാടു നടത്തുന്ന ഫോണില്‍ സൂക്ഷിക്കാതിരിക്കുക.
ടു ഫാക്ടര്‍ ഓതറൈസേഷന്‍
കാര്‍ഡ് ഹാജരാക്കാതെ ഫോണ്‍ ഉപയോഗിച്ച് ഐവിആര്‍, വെബ്സൈറ്റിലൂടെ കംപ്യൂട്ടര്‍ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ തുടങ്ങിയവ പിന്‍ കൂടാതെ അപ്പപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുക്കുന്ന വണ്‍ടൈം പാസ്വേഡ് കൂടി ഉപയോഗിച്ചാലേ പൂര്‍ത്തിയാകൂ. ഇത്തരത്തില്‍ അധിക സുരക്ഷ ഉപയോഗിക്കുമ്പോള്‍ യാതൊരു കാരണവശാലും വണ്‍ടൈം പാസ്വേഡ് മറ്റാര്‍ക്കും നല്‍കുകയോ ഫോണില്‍ തന്നെ ഐവിആര്‍ മുഖാന്തരം ബന്ധപ്പെടുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പറഞ്ഞു നല്‍കുകയോ ചെയ്യരുത്. ഇന്റര്‍നെറ്റ് കഫെ, മറ്റുള്ളവരുടെ മൊബൈലുകള്‍ എന്നിവയൊന്നും പണമിടപാടിന് ഉപയോഗിക്കാതിരിക്കുക.
ആപ്പിന്റെ രൂപത്തിലും കെണി
ഓണ്‍ലൈന്‍ സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ വിവിധ കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുന്നത് സാധാരണമാണ്. ഓരോ ആപ്പിലും പ്രത്യേകം പ്രത്യേകമായി ബാങ്ക് അക്കൗണ്ടുകളുടെയും ഡെബിറ്റ് കാര്‍ഡുകളിലെയും വിവരങ്ങള്‍ കൂടുതല്‍ ആലോചിക്കാതെ നല്‍കിയിട്ടുമുണ്ടാകും. ആപ്പുകളുമായി ബന്ധപ്പെട്ട പേയ്മെന്റ് ഗേറ്റ് വേകള്‍ ഉപയോഗിച്ച് പണം നല്‍കുമ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ആപ്പുകളില്‍ തന്നെ സ്റ്റോര്‍ ചെയ്യപ്പെടുകയാണ്. നിര്‍മിത ബുദ്ധിയുടെയും മറ്റും സാങ്കേതിക മേന്മയില്‍ തട്ടിപ്പുകാരും തിളങ്ങുന്നുണ്ടെന്നറിയുക.
തട്ടിപ്പു കോളുകള്‍
ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനി എന്നിവിടങ്ങളില്‍ നിന്നെന്ന പേരില്‍ കോളുകള്‍ വന്നാല്‍ അവയില്‍ സത്യമുണ്ടോ എന്നറിയാന്‍ എസ്എംഎസ്, ഇ മെയില്‍ എന്നിവ ആവശ്യപ്പെടുക. ഇവ ലഭിച്ചാല്‍ മാത്രം പ്രൊസീഡ് ചെയ്യുക. ഫോണ്‍ കോളിലൂടെ യാതൊരു ബാങ്കും പണമിടപാട് സ്ഥാപനവും പാസ്വേഡ് ചേദിക്കില്ല. അതിന് അവര്‍ക്ക് അവകാശമില്ല. ശ്രദ്ധാലുക്കളാകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it