അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താന്‍ വഴികളുണ്ട്
കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം മലയാളിക്ക് നിരവധി പാഠങ്ങള്‍ നല്‍കി. അതിലൊന്ന് സാമ്പത്തികാസൂത്രണത്തിന്റെ പ്രസക്തിയാണ്. ഒറ്റ രാത്രിയില്‍ എല്ലാം ഉപേക്ഷിച്ച് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവര്‍ തിരിച്ചെത്തിയപ്പോഴാണ് എല്ലാം ഒന്നില്‍ നിന്ന് കെട്ടിപ്പടുക്കണമെന്നും അതിനായി തന്റെ കൈയില്‍ പണമില്ലെന്നും അവരില്‍ പലരും മനസ്സിലാക്കിയത്.
മികച്ചൊരു സാമ്പത്തിക ആസൂത്രണത്തിന്റെ ഏറ്റവും പ്രധാന തത്വങ്ങളിലൊന്ന് ഭാവിയിലേക്ക് കരുതല്‍ നടത്തുക എന്നതാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനം അത്യാവശ്യ കാര്യത്തിനായുള്ള ഫണ്ട് കണ്ടെത്തുക എന്നതും. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാമ്പത്തികാവശ്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് കരുതിവെക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന തരത്തില്‍ അത് എവിടെ നിക്ഷേപിക്കണമെന്നും അറിഞ്ഞിരിക്കണം.
എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന തരത്തില്‍ ലിക്വിഡ് കാഷായി അത് ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്. മാത്രമല്ല, ആ നിക്ഷേപം പടിപടിയായി വളരുന്ന തരത്തിലുള്ളതുമായിരിക്കണം. അതോടൊപ്പം നിക്ഷേപം വളരുന്നുണ്ടെന്ന് കൂടി ഉറപ്പാക്കണം.
എങ്ങനെ എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കാം?
മറ്റു നിക്ഷേപങ്ങളെന്ന പോലെ പ്രാധാന്യം എമര്‍ജന്‍സി ഫണ്ടിനും നല്‍കണം. ഒറ്റ രാത്രി കൊണ്ട് എമര്‍ജന്‍സി ഫണ്ട് കണ്ടെത്താം എന്ന് ധരിക്കരുത്. ഓരോ മാസവും നിശ്ചിത തുക നിക്ഷേപിച്ചു കൊണ്ട് അത്യാവശ്യം വേണ്ടുന്ന തുക സമാഹരിക്കുകയാണ് വേണ്ടത്. ഒരു ലക്ഷം രൂപയാണ് എമര്‍ജന്‍സി ഫണ്ടായി വേണ്ടതെങ്കില്‍ അയ്യായിരമോ പതിനായിരമോ ഓരോ മാസവും നിക്ഷേപിച്ച് പത്തോ ഇരുപതോ മാസങ്ങള്‍ കൊണ്ട് ഫണ്ട് സ്വരൂപിക്കാനാവും. ഇതിനായി മറ്റു നിക്ഷേപങ്ങളില്‍ കുറവു വരുത്തിയാലും തെറ്റില്ല.
എമര്‍ജന്‍സി ഫണ്ട് എത്ര വേണം?
നിങ്ങളുടെ വരുമാനത്തെയും ചെലവിനെയും അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി ഫണ്ടിന്റെ വലിപ്പം നിശ്ചയിക്കുന്നത്. മാസവരുമാനത്തിന്റെ മൂന്നു മുതല്‍ ആറ് ഇരട്ടി തുക എന്നതാണ് പൊതുവായ രീതി. എമര്‍ജന്‍സി ഫണ്ടുകള്‍ തന്നെ രണ്ടു തരത്തില്‍ വിഭജിക്കാനാകും. ദീര്‍ഘകാല ഫണ്ടുകളും ഹ്രസ്വകാല ഫണ്ടുകളും. വെള്ളപ്പൊക്കം പോലെ എപ്പോഴെങ്കിലും വരുന്ന അത്യാഹിതങ്ങള്‍ക്കായി ദീര്‍ഘകാല ഫണ്ട് സ്വരൂപണം നടത്താം. ഇതിന് ഉയര്‍ന്ന പലിശ നിരക്ക് കിട്ടും എന്നത് മേന്മയാണ്. എന്നാല്‍ ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും പിടിക്കും പണം തിരികെ ലഭിക്കാന്‍. ആവശ്യം വരുന്ന അതേ സമയം തന്നെ ലഭിക്കുന്ന തരത്തില്‍ ഹ്രസ്വകാല നിക്ഷേപങ്ങളും നടത്താം. പലിശ നിരക്കില്‍ കുറവ് ഉണ്ടാകുമെങ്കിലും പണം ഉടനെ കൈയില്‍ കിട്ടും.
എവിടെ നിക്ഷേപിക്കാം?
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനുള്ള പണം കൈയില്‍ തന്നെ കരുതുന്നതല്ലേ നല്ലത് എന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ മുഴുവന്‍ പണവും കൈയില്‍ സൂക്ഷിക്കുന്നത് ബുദ്ധിയല്ല. തീപിടുത്തമോ വെള്ളപ്പൊക്കമോ വന്നാല്‍ ചിലപ്പോള്‍ അത് നഷ്ടപ്പെട്ടേക്കാം. ചെറിയൊരു തുക പണമായി തന്നെ കൈയില്‍ കരുതാം. ബാക്കി തുക നിക്ഷേപിക്കുകയാണ് ഉചിതം. സാധാരണ നിലയിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപമോ സ്ഥിര നിക്ഷേപമോ എമര്‍ജന്‍സി ഫണ്ട് എന്ന നിലയില്‍ ഉപകാരപ്പെടില്ല.
അതേസമയം ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ അതിന് ഉപയുക്തമാകുകയും ചെയ്യും. 91 ദിവസത്തില്‍ കുറഞ്ഞ കാലാവധിയുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുകയാണ് ലിക്വിഡ് മ്യൂച്വല്‍ ഫണ്ടിലൂടെ ഉദ്ദേശിക്കുന്നത്. ആകര്‍ഷകമായ പലിശ നിരക്കല്ല ഇതില്‍ നിന്ന് ലഭിക്കുന്നതെങ്കിലും നഷ്ടസാധ്യത കുറവാണെന്നത് നേട്ടമാണ്. ബാങ്കുകളില്‍ പ്രത്യേകം എക്കൗണ്ട് ഉണ്ടാക്കി നിക്ഷേപിക്കുന്നതും നല്ലൊരു മാര്‍ഗമാണ്.
പണം കണ്ടെത്താം
എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുന്നതിനൊപ്പം അടിയന്തര ഘട്ടങ്ങളില്‍ പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങളും അറിഞ്ഞിരിക്കണം.
ബാങ്കുകളില്‍ നിന്ന്
അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങളുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന പണം പിന്‍വലിക്കാനാവും. എന്നാല്‍ അത് വരുത്തി വെക്കുന്ന പലിശയിനത്തിലും മറ്റുമുള്ള നഷ്ടം കൂടി പരിഗണിക്കേണ്ടതുണ്ട്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി കരുതിവെച്ച ഈ നിക്ഷേപം അത്യാവശ്യ സന്ദര്‍ഭം കഴിഞ്ഞതിനു ശേഷം വീണ്ടും നിക്ഷേപിക്കാനും ശ്രദ്ധിക്കണം.
സ്വര്‍ണം
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപകരിക്കുന്ന വസ്തുവാണല്ലോ സ്വര്‍ണം. നിക്ഷേപം സ്വര്‍ണത്തിലാകുന്നത് നേട്ടം നല്‍കും. ഏത് ഘട്ടത്തിലും സ്വര്‍ണം എളുപ്പം വില്‍ക്കാനാകും. പണിക്കൂലിയായി നല്‍കിയ തുക വില്‍ക്കുമ്പോള്‍ ലഭിക്കില്ല എന്ന കോട്ടമുണ്ട്. എന്നാല്‍ വില ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത് വലിയ പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയില്ല. സ്വര്‍ണം വില്‍ക്കണമെന്നില്ല, പണയം വെച്ചും അത്യാവശ്യത്തിനുള്ള പണം കണ്ടെത്താം.
വായ്പ പുനഃക്രമീകരിക്കാം
നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു തുക മിച്ചം പിടിക്കാനാകും. വായ്പയുടെ കാലാവധി നീട്ടി ഇഎംഐയില്‍ കുറവ് വരുത്തുക, മികച്ച വ്യവസ്ഥകളുള്ള മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റുക തുടങ്ങിയവയിലൂടെ മിച്ചം പിടിക്കുന്ന തുക നിങ്ങളുടെ ആവശ്യത്തിനായി കണ്ടെത്താനാകും. അത്യാവശ്യഘട്ടങ്ങളില്‍ ഇത് പ്രായോഗികമല്ലെങ്കിലും തുടര്‍ന്നു വരുന്ന സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാന്‍ ഇത് സഹായിക്കും.
ക്രെഡിറ്റ് കാര്‍ഡ് വായ്പ
ഉയര്‍ന്ന പലിശ നിരക്കാണ് എന്നത് ഇതിനെ അനാകര്‍ഷകമാക്കുന്നുണ്ടെങ്കിലും അടിയന്തിര ഘട്ടങ്ങളില്‍ പണം കണ്ടെത്താന്‍ ഇത് സഹായിക്കും. കുറഞ്ഞ കാലത്തേക്ക് മാത്രമായി ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് വായ്പയെടുക്കാം. പണമായി എടുക്കാതെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രം ഉപയോഗപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പിഎഫില്‍ നിന്ന് വായ്പ
ഉടനടി പണം എന്നതിനു പകരം തുടര്‍ന്നു വരുന്ന സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പിഎഫ് നിക്ഷേപത്തെ ആശ്രയിക്കാനാകും. പിന്‍വലിക്കുകയോ വായ്പയെടുക്കലോ ആവാമെങ്കിലും ഭാവി കൂടി പരിഗണിച്ച് പിന്‍വലിക്കപ്പെടുന്ന തുക പിഎഫ് വിഹിതം വര്‍ധിപ്പിച്ച് നികത്താന്‍ തയാറാകണം.
വ്യക്തിഗത വായ്പകള്‍
ബാങ്കുകളെ സമീപിച്ച് വ്യക്തിഗത വായ്പകള്‍ക്ക് അ
പേക്ഷിക്കാം. ക്രെഡിറ്റ് കാര്‍ഡ് വായ്പ പോലെ ഉയര്‍ന്നതല്ലെങ്കിലും വലിയ പലിശ നിരക്ക് തന്നെയാണ് ഇതിനും എന്നതിനാല്‍ കുറഞ്ഞ കാലാവധിയിലേക്ക് മാത്രമായി വ്യക്തിഗത വായ്പയെടുക്കാനാകും.