വീട്ടുചെലവുകള്‍ കുറയ്ക്കാം; ഈ വഴികള്‍ സിംപിളാണ്, പവര്‍ഫുളും!

കുടുംബാംഗങ്ങള്‍ ഒരുമിച്ച് നിന്ന് വീട്ടുചെലവുകള്‍ കുറയ്ക്കാന്‍ ചില പ്രായോഗിക വഴികള്‍ നടപ്പാക്കാം.
വീട്ടുചെലവുകള്‍ കുറയ്ക്കാം; ഈ വഴികള്‍ സിംപിളാണ്, പവര്‍ഫുളും!
Published on

ലോക്ഡൗണ്‍ മാറിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലാണ് പലരും. വരുമാനത്തിലെ കുറവും ചെലവുകള്‍ കൂടിവരുന്നതും തടയാനാകില്ല. തടയാനാകുന്നത് നമ്മുടെ അനാവശ്യ ചെലവുകള്‍ മാത്രമാണ്, ഒപ്പം മിച്ചം പിടിച്ച് ചെറു സമ്പാദ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നുമാണ്. ചെലവുകള്‍ കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന ലളിതമായ എന്നാല്‍ വളരെ ഫലവത്തായ ചില മാര്‍ഗങ്ങള്‍ നോക്കാം.

എഴുതുന്ന ശീലം വേണം

ചെലവ് ചുരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാഥമികമായി ചെയ്യേണ്ടകാര്യം ദൈനംദിന ചെലവുകള്‍ എഴുതിവയ്ക്കുക എന്നതാണ്. മുന്‍കാലങ്ങളില്‍ കുടുംബനാഥന്‍ വരവ് ചെലവ് കണക്കുകള്‍ ഡയറിയിലോ നോട്ട്ബുക്കിലോ എഴുതി സൂക്ഷിക്കുകയാണ് പതിവെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി മൊബൈല്‍ ആപ്പുകള്‍ വരെ ലഭ്യമാണ്.

തരംതിരിക്കല്‍

അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവ തരംതിരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ചെലവ് ചുരുക്കല്‍ പ്രായോഗികമാകും. ദൈനംദിന ചെലവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗതാഗത ആവശ്യങ്ങള്‍ക്കായി ചെലവിടുന്ന പണം. ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളിലും കുടുംബത്തോടൊപ്പം യാത്ര ചെയ്യേണ്ടിവരുമ്പോഴും മാത്രം കാര്‍ ഉപയോഗിക്കുന്നതാണ് ബുദ്ധി. വളരെ ചെറിയ യാത്രകള്‍ ഇരുചക്രവാഹനത്തിലോ അതുമല്ലെങ്കില്‍ കാല്‍നടയായി പോവുന്നതോ ആണ് നല്ലത്. മികച്ച യാത്രാസൗകര്യം ലഭ്യമെങ്കില്‍ ജോലിസ്ഥലത്തേക്ക് പൊതുഗതാഗതത്തെ ആശ്രയിക്കാം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പേയ്‌മെന്റ് ഡേറ്റ്, ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് മുതലായ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെയായിരിക്കണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടത്. ഏതെങ്കിലും കാരണത്താല്‍ തിരിച്ചടവിന് മുടക്കം വന്നാല്‍ അമിതമായ പലിശനിരക്ക് കാരണം കാര്‍ഡിലെ ബാധ്യത പെട്ടെന്ന് ഉയര്‍ന്നുപോവുമെന്നത് ഓര്‍ക്കുക. ഇഎംഐ സൗകര്യത്തിലൂടെ പണം തിരിച്ചടയ്ക്കാം. ക്രെഡിറ്റ്കാര്‍ഡ് അത്യാവശ്യത്തിന് മാത്രം മാസം തോറും ഉപയോഗിച്ച് കൃത്യമായി തിരിച്ചടച്ചാല്‍ സിബില്‍ സ്‌കോര്‍ ഉയരുമെന്നതിനാല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ മറക്കരുത്. കഴിവതും കാര്‍ഡുകള്‍ സുഹൃത്തുക്കളുമായി കൈമാറ്റം ചെയ്യാതിരിക്കുക.

വായ്പാ തിരിച്ചടവ്

നിലവിലുള്ള ലോണുകളെ പറ്റി നന്നായി മനസിലാക്കുകയും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ലോണുകളുമായി ഒരു തരതമ്യപഠനം നടത്തുകയും ചെയ്യുക ചെലവ് ചുരുക്കലില്‍ പ്രധാനമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ ആകര്‍ഷകമായ വ്യവസ്ഥകളില്‍ ലോണ്‍ തരുന്ന സ്ഥാപനങ്ങളിലേക്ക് മാറുന്നത് കൂടി ചിന്തിക്കാം. അതേസമയം മറ്റുള്ളവരുടെ പലിശ നിരക്കിന് കാലാവധി ഉണ്ടോ അതോ പിന്നീട് ഉയരുമോ എന്നത് പരിശോധിക്കണം.

ബ്രാന്‍ഡിന് പിന്നാലെ പോകേണ്ട

ചെലവ് ചുരുക്കുകയാണ് നമ്മുടെ ലക്ഷ്യം, അതിനാല്‍ തന്നെ ബ്രാന്‍ഡുകള്‍ക്ക് അമിതപ്രധാന്യം നല്‍കി വളരെ ഉയര്‍ന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി. ഒരുപക്ഷേ തുല്യ ഗുണനിലവാരത്തിലുള്ളതോ അല്ലെങ്കില്‍ തൊട്ടുതാഴെയുള്ളതോ ആയ ഉല്‍പ്പന്നങ്ങള്‍ താരതമ്യേന കുറഞ്ഞവിലക്ക് പുതിയ ബ്രാന്‍ഡുകളിലും ലഭ്യമാവാം. അവ പരീക്ഷിച്ച് നോക്കുന്നതില്‍ തെറ്റില്ലെന്ന് മാത്രമല്ല, കുറച്ച് പണം മിച്ചം വയ്ക്കുകയും ചെയ്യാം.

കാണാതെ പോകരുത് ഇവ

ചെറിയ ചില മാറ്റങ്ങള്‍ വീട്ട് ചെലവന് കുറയ്ക്കും. ഉദാഹരണത്തിന്, കറണ്ട് ചാര്‍ജ് കുറയ്ക്കാനായി പുതിയ ടെക്‌നോളജിയധിഷ്ഠിത ഉപകരണങ്ങള്‍ ഉപയോഗിക്കാം (എല്‍ഇഡി ബള്‍ബുകള്‍, മികച്ച സ്റ്റാര്‍ റേറ്റിംഗുള്ള എസി, റഫ്രിജറേറ്റര്‍ എന്നിവ അവയില്‍ ചിലതാണ്). പുതിയ തലമുറയ്ക്ക് അത്യന്താപേക്ഷിതമായ ഇന്റര്‍നെറ്റിനുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കേബിള്‍, നെറ്റ് എന്നിവ കോമ്പോ പായ്കകായി എടുക്കുന്നത് സഹായിക്കും. ഓരോ വ്യക്തിക്കും നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും പോലുള്ളവ എന്നത് മാറ്റി കുടുംബത്തിന് കാണാന്‍ അവ ടിവിയില്‍ ആക്‌സസ് ചെയ്യാം.

പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ വീട്ടാവശ്യത്തിനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ എണ്ണത്തിലും തൂക്കത്തിലും ലഭിച്ചേക്കാവുന്ന ഡിസ്‌കൗണ്ടും മറ്റും പരമാവധി ഉപയോഗപ്പെടുത്തുക, കണ്ടീഷന്‍ മോശമാവുന്നതിന് മുന്‍പേ വാഹനങ്ങളും മറ്റും യഥാസമയം സര്‍വീസിംഗ് നടത്തുക എന്നിവയൊക്കെ അവയില്‍ ചിലതാണ്.

ഇന്‍ഷുറന്‍സ് മറക്കല്ലേ

കുടുംബങ്ങളില്‍ ഭാമമായ തുക ചെലവാകുന്നത് അസുഖം മരണം എന്നിവ വരുമ്പോഴാണ്. അതുമല്ലെങ്കില്‍ വിവാഹം. വിവാഹത്തിനായി എസ്‌ഐപികള്‍, ഫിക്‌സഡ് ഡെപ്പോസിറ്റ്,ഗോള്‍ഡ് സ്‌കീം, സുകന്യ സമൃദ്ധി എന്നിവയെല്ലാം തൊഴില്‍ ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ സ്വരുക്കൂട്ടാം. പക്ഷെ ഇവ മികച്ച വിദ്യാഭ്യാസത്തിനായി കുട്ടികള്‍ക്ക് ഭാവിയില്‍ ഉപയോഗപ്പെടുത്താം, വിവാഹം ലളിതമാക്കുന്നതാണ് നല്ലത്. ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ പ്രധാന്യം മുകളില്‍ പറഞ്ഞവയ്‌ക്കെല്ലാം ഏറെ മുകളിലാണെന്ന് ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com