Begin typing your search above and press return to search.
ഏത് വായ്പ ആദ്യം അടച്ച് തീര്‍ക്കണം? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഭവന വായ്പയും വാഹന വായ്പയും വ്യക്തിഗത വായ്പകളും ഒക്കെയായി ഒന്നിലധികം ലോണുകള്‍ ഉള്ളവരാണ് മിക്കവരും. ഒന്നുമല്ലെങ്കില്‍ ഗോള്‍ഡ് ലോണോ ക്രെഡിറ്റ് കാര്‍ഡ് ലോണോ എങ്കിലും ഉണ്ടായിരിക്കും. പലിശ ഇനത്തില്‍ വലിയൊരു തുക തന്നെ ബാങ്കുകള്‍ ഈടാക്കുന്നതിനാല്‍ ലോണ്‍ ഉയരുന്നതിനനുസരിച്ച് കടബാധ്യതയും ഉയരും. എത്രത്തോളം ലോണ്‍ കാലാവധി നീളുന്നോ അത്രത്തോളം ബാധ്യതയും ഉണ്ടാകും. പെട്ടെന്ന് വരുമാനം നിലച്ചാലും ലോണ്‍ അടഞ്ഞു പോകുന്നതിനുള്ള ഒരു പ്ലാന്‍ വിവിധ ലോണുകള്‍ എടുത്തവര്‍ക്ക് ഉണ്ടായിരിക്കണം.
റിസ്‌ക് കൂടിയ ലോണ്‍, പലിശ നിരക്കിന്റെ തോത് എന്നിവ അനുസരിച്ച് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. ഏറ്റവുമധികം പലിശ ഉയര്‍ന്ന ലോണുകള്‍ ആദ്യം ക്ലോസ് ചെയ്യാന്‍ ആകുമെങ്കില്‍ അത് തീര്‍ക്കാം. ഉദാഹരണത്തിന് താരതമ്യേന പലിശ നിരക്ക് ഉയര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് ലോണ്‍, വ്യക്തിഗത വായ്പ എന്നിവയുള്ളവര്‍ എത്രയും വേഗം ഈ വായ്പകള്‍ ക്ലോസ് ചെയ്യാന്‍ ശ്രമിക്കണം. അല്‍പ്പം പണിപ്പെട്ടാണെങ്കിലും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കിലെ ലോണ്‍ നേരത്തെ ക്ലോസ് ചെയ്യാനായാല്‍ കയ്യില്‍ പണ ലഭ്യതയും ഉറപ്പാക്കാം.
ലോണ്‍ തിരിച്ചടവ് എങ്ങനെ സിസ്റ്റമാറ്റിക് ആക്കാം
ഏറ്റവും ഉയര്‍ന്ന പലിശയിലെ കാലാവധി കൂടിയ ലോണുകള്‍ പെട്ടെന്ന് തീര്‍ക്കാന്‍ ആകില്ലെങ്കില്‍ റിവേഴ്‌സ് തന്ത്രം പരിശോധിക്കാം. ഏറ്റവും എളുപ്പത്തില്‍ തീര്‍ക്കാനാകുന്ന വായ്പാ തുക മുന്‍ഗണന നിശ്ചയിച്ച് ആദ്യം തിരിച്ചടയ്ക്കുക.
ഒരു വ്യക്തിക്ക് 35,000 രൂപയുടെ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ ലോണും ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ലോണും ഉണ്ടെന്ന് കരുതുക. തിരികെ അടയ്ക്കാനുള്ള തുകയില്‍ ആദ്യ ഭാഗം ക്രെഡിറ്റ് കാര്‍ഡ് ലോണില്‍ അടച്ച് കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ ലോണ്‍ കൃത്യ തുകയായി തവണകളായി അടയ്ക്കുക. കാരണം താരതമ്യേന ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്കാണ് പലിശ കൂടുതല്‍. അത് പോലെ തന്നെയാണ് പേഴ്‌സണല്‍ ലോണ്‍. പലിശ കൂടിയതായതിനാല്‍ അത് പെട്ടെന്ന് തിരികെ അടച്ചു തീര്‍ക്കേണ്ടതാണ്.
വായ്പകള്‍ പുനക്രമീകരിക്കുക
ബാധ്യതകള്‍ തീര്‍ക്കാന്‍ മാത്രമല്ല ഭാവിയില്‍ ഒരു ലോണ്‍ വേണമെങ്കിലും മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താനും ലോണിന്റെ കൃത്യമായ തിരിച്ചടവ് പ്രധാനമാണ്. ഒരു ലോണിന് അപേക്ഷിക്കുമ്പോള്‍തന്നെ തിരിച്ചടവ് തുക നിങ്ങളുടെ പരിധിക്കുള്ളിലായിരിക്കുമെന്ന് ഉറപ്പാക്കാം.
വരുമാനം കുറഞ്ഞത് മൂലമോ സാമ്പത്തിക പ്രതിസന്ധികള്‍ കൊണ്ടോ ഇഎംഐ തുക കുറയ്ക്കണമെങ്കിലോ, ലോണ്‍ വേഗത്തില്‍ തീര്‍ക്കണമെങ്കിലോ വായ്പകള്‍ പുനക്രമീകരിക്കാന്‍ ബാങ്കിന്റെ സഹായം തേടാം.
കുറഞ്ഞ പലിശയിലേക്ക് ലോണ്‍ മാറ്റാം
ഭവന വായ്പകള്‍ ദീര്‍ഘകാലത്തേക്കുള്ളതായതിനാല്‍ തന്നെ ഭവന വായ്പ കുറഞ്ഞ ബാങ്കിലേക്ക് ലോണ്‍ മാറ്റാവുന്നതാണ്. 6.9 മുതല്‍ ഏഴ് ശതമാനം വരെ പലിശയില്‍ ഹോം ലോണ്‍ ലഭ്യമാണെന്നിരിക്കേ, നേരത്തെ ഉയര്‍ന്ന നിരക്കായ ഒന്‍പത് ശതമാനത്തിന് ലോണ്‍ എടുത്ത് ഇതേ നിരക്കില്‍ വായ്പ തുടരുന്നയാള്‍ക്ക് നിലവിലെ നിരക്ക് അനുസരിച്ച് വായ്പാ പലിശ കുറച്ച് ലോണ്‍ തുടരാന്‍ ബാങ്കിനെ സമീപിക്കാം. എന്നാല്‍ മറ്റ് ബാങ്കിലേക്ക് മാറുമ്പോള്‍ അവര്‍ ലഭ്യമാക്കുന്ന കുറഞ്ഞ പലിശ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ദീര്‍ഘകാലത്തേക്ക് ലഭ്യമായതാണോ എന്ന് പരിശോധിക്കണം.
ഗോള്‍ഡ് ലോണ്‍
സ്വര്‍ണപ്പണയവായപയ്ക്ക് ബാങ്കുകളെ സമീപിക്കുമ്പോള്‍ സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍ പോകുക. അക്കൗണ്ട് ലിങ്ക്ഡ് വായ്പ ആക്കിയാല്‍ തിരിച്ചടവ് മുടങ്ങാതെ നോക്കാം. ഉരുപ്പടി വേഗത്തില്‍ തിരികെ എടുക്കുകയും ആകാം.
Next Story
Videos