

ഇന്ന് സാധാരണക്കാരനു പോലും പരിചിതമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. എക്കൗണ്ടില്‍ പണമില്ലെങ്കിലും അത്യാവശ്യം ഷോപ്പിംഗിനും ചികിത്സാ ചെലവിനുമൊക്കെ വ്യക്തികളില്‍ നിന്ന് കടം വാങ്ങുന്നതിനേക്കാള്‍ നല്ല വഴി ക്രെഡിറ്റ് കാര്‍ഡ് തന്നെയാവും. എന്നാല്‍ എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടല്ലോ എന്ന ചിന്ത നികത്താനാവാത്ത സാമ്പത്തിക ബാധ്യതകളിലേക്കാവും നമ്മെ നയിക്കുക. ഓര്‍ക്കുക, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെയ്യരുതാത്ത കാര്യങ്ങളെ കുറിച്ച്
എമര്‍ജന്‍സി ഫണ്ട് എന്ന നിലയില്‍ ക്രെഡിറ്റ് കാര്‍ഡിനെ കാണാതിരിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ഏകദേശം മൂന്നു മാസത്തെ വരുമാനത്തിന് തുല്യമായ തുക മാറ്റി വെക്കുക. ഇതൊരു സ്ഥിര നിക്ഷേമായോ പണമായോ സൂക്ഷിക്കാം. അത്യാവശ്യ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അത് കൃത്യ സമയത്ത് തിരികെ അടയ്ക്കാന്‍ കഴിയണമെന്നില്ല. ഇത് വന്‍ പലിശ നല്‍കാന്‍ ഇടയാക്കുകയും സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തല്‍ക്കാലത്തേക്ക് കുറച്ച് ഓഹരികള്‍ വാങ്ങാം പിന്നീട് വില ഉയരുമ്പോള്‍ വിറ്റ് ലാഭമെടുക്കുകയും തുക തിരിച്ചയക്കുകയും ചെയ്യാമെന്ന ധാരണ വേണ്ട. ഓഹരി വിലയില്‍ ഇടിവ് ഉണ്ടായാല്‍ നിങ്ങളുടെ കണക്കു കൂട്ടലുകളെല്ലാം പിഴയ്ക്കും. ക്രെഡിറ്റ് കാര്‍ഡിലൂടെ ഉപയോഗിക്കുന്ന പണത്തിന് യഥാസമയം തിരിച്ചടച്ചില്ലെങ്കില്‍ വലിയ പലിശയുണ്ടെന്ന കാര്യം മറക്കേണ്ട. ചൂതാട്ടം പോലുള്ള തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുക
വിപണിയില്‍ പലതരത്തിലുള്ള ഓഫറുകള്‍ വന്നേക്കാം. പക്ഷേ നിങ്ങളുടെ വരുമാന സാധ്യതകള്‍ പരിഗണിക്കാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താന്‍ തുനിയരുത്. ഓരോ തവണയും എത്ര രൂപയുടെ പര്‍ച്ചേസ് നടത്തിയെന്ന് കൃത്യമായ കണക്ക് മനസ്സില്‍ വെച്ച് വേണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍. സമയത്ത് തിരിച്ചടക്കാനായില്ലെങ്കില്‍ വലിയൊരു കടക്കെണിയാകും നിങ്ങളെ കാത്തിരിക്കുക.
എടിഎമ്മുകളില്‍ നിന്ന് നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനാവും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു പോലെ ഉപയോഗിച്ചാല്‍ നിങ്ങള്‍ പിന്‍വലിച്ച തുകയ്ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് നല്‍കേണ്ടി വരും.
ടു ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ പോലുള്ള നിയന്ത്രണങ്ങള്‍ കാര്‍ഡ് ഉപയോഗത്തെ സുരക്ഷിതമാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് അകത്തുള്ള കമ്പനികള്‍ക്ക് മാത്രമേ ഇത് ബാധകമാകുന്നുള്ളൂ എന്ന് പലര്‍ക്കുമറിയില്ല. രാജ്യാന്തര തലത്തിലുള്ള വെബ്‌സൈറ്റുകളില്‍ ഇടപാട് നടത്തുമ്പോള്‍ ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും എക്പയറി ഡേറ്റും സിവിവി നമ്പരും നല്‍കിയാല്‍ മതിയാകും. ഇതിലൂടെ തട്ടിപ്പിന് ഇരയായേക്കാം. വിശ്വാസ്യതയുള്ള ഇടങ്ങളില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine