പലിശയില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനുള്ള ഈ മാർഗം നിങ്ങൾക്കും പ്രയോജനപ്പെടുത്താം

റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്, കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഗണ്യമായി വര്‍ധിച്ചു എന്നാണ്. 2023 ഏപ്രിലില്‍, ഇന്ത്യയില്‍ 8.6 കോടിയിലധികം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളാണ് ഉള്ളത്. 2022 ഏപ്രിലിലെ 7.5 കോടിയില്‍ നിന്ന് 15% വര്‍ധനയാണുണ്ടായിരിക്കുന്നത്.

സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കടക്കെണിയിലാക്കും. ക്രെഡിറ്റ് കാര്‍ഡ് അപകടകാരിയല്ല, എങ്ങനെ അത് ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ക്രെഡിറ്റ് കാര്‍ഡുകള്‍ വിവിധ റിവാര്‍ഡുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ പലരും ക്രെഡിറ്റ് കാര്‍ഡ് ആനൂകൂല്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നില്ല. പലിശ രഹിത കാലയളവ് അഥവാ ഗ്രേസ് പിരീഡ് ആണ് ഇതില്‍ ആദ്യത്തേത്. കാര്‍ഡ് ഉടമകള്‍ക്ക് പലിശയില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്ന ഗ്രേസ് പിരീഡിന്റെ പ്രയോജനങ്ങളെക്കുറിച്ച് അറിയാം.

എപ്പോഴാണ് പലിശയില്ലാ കാലയളവ് ?

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു തുടങ്ങുന്ന തീയതി മുതല്‍, ആ പ്രത്യേക ഇടപാടിന്റെ ബില്ലിന്റെ അവസാന തീയതി വരെയുള്ള കാലയളവാണ് പലിശ രഹിത കാലയളവ്. ഇക്കാലയളവില്‍, പലിശ ഈടാക്കാതെ മുഴുവന്‍ കുടിശ്ശികയും കാര്‍ഡ് ഉടമകള്‍ക്ക് തിരിച്ചടയ്ക്കാവുന്നതാണ്. പലിശ രഹിത കാലയളവ് സാധാരണയായി 20 മുതല്‍ 40, 50 ദിവസം വരെയാണ് എങ്കിലും ക്രെഡിറ്റ് കാര്‍ഡ് ബില്ലിംഗ് തീയതിക്കു കുറച്ചു മുമ്പുള്ള തീയതിയില്‍ തന്നെ ബില്ലുകള്‍ അടച്ച് ക്ലോസ് ചെയ്യണം. അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും മികച്ചതാക്കും.

ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ നയവും കാര്‍ഡുമായി അറ്റാച്ച് ചെയ്തിട്ടുള്ള അക്കൗണ്ടുള്ള ബാങ്കിന്റെ നിയമങ്ങളും മറ്റും അനുസരിച്ച് കാലയളവ് വ്യത്യാസപ്പെടാം. അത്‌പോലെ ഗ്രേസ് പിരീഡിലും മാറ്റം

എങ്ങനെ പ്രയോജനപ്പെടുത്താം?

പേര് സൂചിപ്പിക്കുന്നത് പോലെ, പലിശ രഹിത കാലയളവിനുള്ളില്‍ ഉപയോഗിച്ച തുക നിങ്ങള്‍ തിരിച്ചടയ്ക്കേണ്ട 'ക്രെഡിറ്റ്' നല്‍കുക മാത്രമാണ് കാര്‍ഡിന്റെ പ്രയോജനം. കുടിശ്ശിക ഇല്ലാതെ ഉപയോഗിക്കുന്നതാണ് ഏറ്റവും അഭികാമ്യമെങ്കിലും പലിശയോടു കൂടിയും അടയ്ക്കാം, പക്ഷെ ഇത് വലിയ ബാധ്യതയാണ്. ക്രെഡിറ്റ് കാര്‍ഡുകളിലെ വാര്‍ഷിക പലിശ പ്രതിവര്‍ഷം 36-48 ശതമാനം വരെയാണ്.

നിശ്ചിത തീയതിക്കകം മൊത്തം കുടിശ്ശിക അടച്ച് ബാലന്‍സ് ക്ലിയര്‍ ചെയ്യുകയാണ് ഗ്രേസ് പിരീഡില്‍ ചെയ്യുന്നത്. മുഴുവന്‍ തുക അടയ്ക്കാതെ മിനിമം തുക മാത്രം അടയ്ക്കുന്നത് പിഴയടക്കുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുമെങ്കിലും പലിശ രഹിത കാലയളവ് പ്രയോജനപ്പെടുത്താനാകില്ല.

കുടിശ്ശിക അടയ്ക്കാതെ തുടരുകയാണെങ്കില്‍, അടുത്ത മാസത്തെ സ്റ്റേറ്റ്മെന്റില്‍ ഉയര്‍ന്ന പലിശ ബാധ്യത നിങ്ങളെ കാത്തിരിപ്പുണ്ടാകും.

ഗ്രേസ് പിരീഡിനുള്ളില്‍ മുഴുവന്‍ കുടിശ്ശികയും അടയ്ക്കുന്നതിലൂടെ, കാര്‍ഡ് ഉടമകള്‍ക്ക് പലിശ നല്‍കുന്നത് ഒഴിവാക്കാം. ഒപ്പം ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കാം.

ഓട്ടോമാറ്റിക് ആയി കാര്‍ഡ് അക്കൗണ്ടുമായി അറ്റാച്ച് ചെയ്തിട്ടുണ്ട് എങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ സമയബന്ധിതമായും നിശ്ചിത തീയതിക്ക് മുമ്പായും അക്കൗണ്ടിലൂടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇതിന് ഓട്ടോ പേയ്‌മെന്റ് സൗകര്യം ഉണ്ടോ എന്ന് കാര്‍ഡ് സ്വന്തമാക്കുമ്പോഴേ അന്വേഷിക്കാം.

മാത്രവുമല്ല ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ ബാക്കി നില്‍ക്കുമ്പോള്‍ ആ തുകയ്ക്ക് മേല്‍ കൂടുതല്‍ പര്‍ച്ചേസ് നടത്തുന്നത് അപകടമാണ്. ഇത്തരത്തില്‍ ചെയ്യുന്നവരുടെ കാര്‍ഡ് ചില സമയങ്ങളില്‍ വലിയ പലിശ നിരക്കിലേക്ക് തനിയേ മാറാനും ഇടയുണ്ട്. ഇതൊക്കെ കാര്‍ഡ് എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോയ കമ്പനി നിയമവും ആയേക്കാം.

ഗ്രേസ് പിരീഡ്, പ്രാരംഭ ഓഫര്‍, തുടരുന്ന ഓഫര്‍, പര്‍ച്ചേസ് ഓഫര്‍ എന്നിങ്ങനെ കാര്‍ഡിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കമ്പനിയോട് ചോദിച്ചറിയുക.

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ചെലവുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടതുണ്ട് അത്യാവശ്യമാണ്. കാര്‍ഡ് ഉപയോഗം ശ്രദ്ധയോടെയല്ലെങ്കില്‍ അധികച്ചെലവിലൂടെ കടം കുമിഞ്ഞുകൂടും, മാത്രമല്ല പലിശരഹിത കാലയളവിനുള്ളില്‍ കുടിശ്ശിക തിരിച്ചടയ്ക്കുന്നതുപോലും വെല്ലുവിളിയാകും.


Related Articles
Next Story
Videos
Share it