ഇഎംഐ ഉള്ളവര്‍ ശ്രദ്ധിക്കുക, പലിശ നിരക്ക് വര്‍ധിപ്പിച്ച് ഈ ബാങ്കുകള്‍

പണപ്പെരുപ്പത്തെ ചെറുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഇക്കഴിഞ്ഞ ദിവസമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നതായി അറിയിച്ചത്. രണ്ട് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ധിപ്പിച്ചത്. പണപ്പെരുപ്പം 8.5 ശതമാനമെന്ന ഉയര്‍ന്ന നിരക്കിലെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്ക് ഈ സമീപനത്തിലെത്തിയത്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അനുസരിച്ചാണ് ബാങ്ക് നിക്ഷേപങ്ങളുടെയും ബാങ്ക് വായ്പാ പലിശയുടെയും നിരക്കുകളും തീരുമാനിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമാക്കിയതിനു തൊട്ടു പിന്നാലെ ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി എന്നിവരും നിരക്കുയര്‍ത്തി.

ഐസിഐസിഐ ബാങ്ക് ഇബിഎല്‍ആര്‍ അഥവാ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് 8.10 ശതമാനമാക്കിയാണ് മാറ്റിയിട്ടുണ്ട്. ഇത് സ്വാഭാവികമായും വായ്പാ പലിശയിലും പ്രകടമാകും. പിഎന്‍ബി റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് അഥവാ ആര്‍ എല്‍എല്‍ആര്‍ 6.90 ശതമാനം ആക്കിയിട്ടുണ്ട്. ഇത് അനുസരിച്ച് ഭവന വായ്പയും മറ്റും എടുത്തിട്ടുള്ളവര്‍ക്ക് .40 ശതമാനം വര്‍ധനവും പ്രതീക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവരും വായ്പാ പലിശ നിരക്കുകള്‍ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.

ഏതൊക്കെ വായ്പകളെ ബാധിക്കും?

നിരക്ക് വര്‍ധന എല്ലായിനം വായ്പയെടുത്തവരെയും ബാധിക്കും. ഭവനവായ്പ പലിശയിലായിരിക്കും ആദ്യം പ്രതിഫലിക്കുക. വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ ഇഎംഐയോ വായ്പാ കാലാവധിയോ വര്‍ധിക്കും. ഫ്ളോട്ടിംഗ് നിരക്കിലുള്ള ഭവന, വാഹന വായ്പകളുടെ നിരക്ക് അടുത്തമാസം മുതലോ അടുത്ത പാദത്തിലോ കൂടുമെന്ന് ഉറപ്പായി.

നിശ്ചിത ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. നിരക്കുവര്‍ധന മുന്നില്‍കണ്ട് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിതന്നെ മാര്‍ജിനല്‍ കോസ്റ്റ് (എംസിഎല്‍ആര്‍)അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് നേരിയതോതില്‍ ബാങ്കുകള്‍ കൂട്ടിയിരുന്നു. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളിലും ഉടനെ നിരിക്ക് വര്‍ധന പ്രതിഫലിക്കും.

ഭവനവായ്പയെ കൂടുതല്‍ ബാധിക്കുന്നതെങ്ങനെ

റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയുള്ള എംസിഎല്‍ആര്‍ ആര്‍എല്‍എല്‍ആര്‍ നിരക്കുകള്‍ അടിസ്ഥാനമാക്കിയുള്ളവയാണ് രാജ്യത്തെ വിവിധ ബാങ്കുകളും ഭവനവായ്പകള്‍ നല്‍കുന്നത്.

നിലവില്‍ വായ്പയെടുത്തിട്ടുള്ളവരുടെ പ്രതിമാസ തിരിച്ചടവ് അത്തരത്തില്‍ ഉടനെ വര്‍ധിക്കും. അല്ലെങ്കില്‍ തിരിച്ചടവ് കാലാവധി നീട്ടി കൊടുക്കണം. ഇതിനായി ബാങ്കുമായി ബന്ധപ്പെടാം.

ഏഴ് ശതമാനം പലി നിരക്കില്‍ വായ്പ എടുത്തിട്ടുള്ളവരാണെങ്കില്‍ അത് 7.4ശതമാനം നിരക്കിലേക്ക് ഉയരുമ്പോള്‍ തിരിച്ചടവ് കാലാവധി 15 മുതല്‍ 20 മാസംവരെ കൂടുമെന്നര്‍ത്ഥം.

തിരിച്ചടവ് തുക വര്‍ധിപ്പിക്കാം

പല ബാങ്കുകളും തിരിച്ചടവ് തുക വര്‍ധിപ്പിക്കാനുള്ള മാര്‍ഗം നല്‍കാറുണ്ട്. ഇതിന് കഴിയുമെങ്കില്‍ പലിശ കുറച്ച് മുതലുമായി കൂട്ടി കൂടുതല്‍ തിരിച്ചടവിലേക്ക് മാറ്റാം. നിശ്ചിത ഇഎംഐയ്ക്ക് പുറമെ അടയ്ക്കുന്ന തുക വായ്പാ തുകയില്‍നിന്ന് നേരിട്ട് കിഴിവ് ചെയ്യുകയാണ് ചെയ്യുക. പലിശ നിരക്ക് കൂടുകയോ കുറയുകയോ ചെയ്തോട്ടെ, നിശ്ചിത ഇഎംഐയേക്കാള്‍ കൂടുതല്‍ തുക ഓരോമാസവും അടയ്ക്കാം. എന്നാല്‍ ഇതിന് ബാങ്കിന് ഓപ്ഷന്‍ ഉണ്ടോ എന്നു ചോദിച്ചറിയണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it