ഓണ്‍ലൈന്‍ ലോണ്‍ പലരും എടുക്കുന്നത് ശരിയായ ധാരണയില്ലാതെ; ഞെട്ടിക്കുന്ന കണ്ടെത്തല്‍

കൊവിഡ് മഹാമാരിക്ക് ശേഷം ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ കൂണുകള്‍ പോലെയാണ് പൊട്ടിമുളയ്ക്കുന്നത്. ഇത്തരത്തില്‍ ആളുകളെ വലയിലാക്കിയിരുന്ന ഒട്ടുമിക്ക കമ്പനികള്‍ക്കും ശരിയായ മേല്‍വിലാസം പോലുമില്ലെന്നതാണ് സത്യം. വലയില്‍ വീണവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലോണ്‍ എടുത്തതിന്റെ ഇരട്ടിയിലധികം പണം തിരികെ വാങ്ങിക്കുകയായിരുന്നു ഇവരുടെ രീതി.

ലോണ്‍ എടുത്തവരുടെ ആത്മഹത്യകളും മറ്റും സ്ഥിരമായതോടെ സര്‍ക്കാര്‍ തലത്തില്‍ നടപടി എടുത്തെങ്കിലും പേരുമാറ്റി ഇത്തരം അനധികൃത ലോണ്‍ ആപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റ് (FACE) പുറത്തുവിട്ട ഒരു പഠനറിപ്പോര്‍ട്ട് ഓണ്‍ലൈന്‍ ലോണ്‍ എടുക്കുന്നവരുടെ അറിവില്ലായ്മ എങ്ങനെയാണ് മുതലെടുക്കുന്നതെന്ന് വ്യക്തമാക്കുന്നു.

പ്രാഥമിക അറിവ് നാമമാത്രം

ഓണ്‍ലൈന്‍ ലോണെടുത്തിട്ടുള്ള മൂന്നില്‍ ഒരാള്‍ക്കു പോലും ഡിജിറ്റല്‍ ലോണുകളെപ്പറ്റി തീരെ പരിമിതമായ അറിവ് മാത്രമാണുള്ളത്. എങ്ങനെ അനധികൃത ലോണ്‍ ആപ്പുകളെ കണ്ടെത്താമെന്നോ എടുത്തത് റിസര്‍വ് ബാങ്ക് അനുമതിയുള്ള കമ്പനിയാണോ എന്ന കാര്യത്തില്‍ പോലും പലര്‍ക്കും അറിവില്ല. 2023 ഡിസംബറിനും 2024 ജനുവരിക്കും ഇടയില്‍ നടത്തിയ സര്‍വേയിലെ കാര്യങ്ങളാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

സര്‍വേയില്‍ പങ്കെടുത്ത ഒട്ടുമിക്ക ആളുകള്‍ക്കും ലോണ്‍ കൊടുക്കുന്ന കമ്പനിയുടെ പേര് അറിയാം. എന്നാല്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് തങ്ങള്‍ എന്തൊക്കെ അനുമതികളാണ് ലോണ്‍ കമ്പനിക്ക് നല്‍കിയതെന്ന് അറിയാവുന്നത്. 57 ശതമാനം ആളുകളും ലോണ്‍ ആപ്പുകള്‍ക്ക് ഏതെങ്കിലും ബാങ്കുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാറുണ്ട്.

വിശ്വാസം റേറ്റിംഗും റിവ്യൂവും

55 ശതമാനം ഉപയോക്താക്കളും റിവ്യൂവിനെയും റേറ്റിംഗിനെയും വിശ്വസിച്ച് ഇത്തരം ആപ്പുകളില്‍ തലവയ്ക്കുന്നവരാണ്. 75 ശതമാനം ആളുകളും ലോണ്‍ ആപ്പുകളുടെ ഡൗണ്‍ലോഡിംഗ് സമയത്തെ നിബന്ധനകള്‍ വായിച്ചു നോക്കാന്‍ പോലും താല്‍പര്യപ്പെടുന്നില്ല. ഒട്ടുമിക്ക ആളുകളും ഇത്തരം ലോണ്‍ ആപ്പുകളെപ്പറ്റി അറിയുന്നത് സോഷ്യല്‍മീഡിയ വഴിയാണ്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് അനധികൃത ലോണ്‍ അപ്പുകള്‍ ഇരകളെ കണ്ടെത്തുന്നത്. ലോണ്‍ ആപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് സ്ത്രീകളാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേസ്റ്റോര്‍ 2,500ലേറെ ലോണ്‍ ആപ്പുകളെ നീക്കം ചെയ്തിട്ടുണ്ട്.

നിയമവിരുദ്ധമായ ലോണ്‍ ആപ്പുകള്‍ അപേക്ഷകരില്‍ നിന്ന് വിവിധ വിവരങ്ങളും അനുമതികളും തേടും. അത് പിന്നീട് അവരെ ഭീഷണിപ്പെടുത്താന്‍ ദുരുപയോഗം ചെയ്യും. വായ്പയ്ക്കായി അടിസ്ഥാന കെ.വൈ.സി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മാത്രമേ അധികാരമുള്ളൂ. ഫോണ്‍ കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍ മുതലായവ പോലുള്ള സ്വകാര്യ ഡാറ്റയിലേക്ക് ആക്‌സസ് ആവശ്യപ്പെടുന്ന ആപ്പുകള്‍ ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം ഉള്ളതാണ്.

Related Articles
Next Story
Videos
Share it