ഒരു ദിര്‍ഹത്തിന് 26 രൂപ വരെയെത്താം; പ്രവാസികള്‍ക്ക് അനുകൂലം; ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് പ്രധാനം
വിനിമയ നിരക്കിലൂടെയുള്ള വരുമാനം എങ്ങനെ ഭാവിയിലേക്ക് നിക്ഷേപമാക്കാം
ഡോളറിന്റെ കുതിപ്പില്‍ ഇന്ത്യന്‍ രൂപക്ക് അടിതെറ്റുമ്പോള്‍ പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ കാരണങ്ങളുണ്ട്. ഒരു യു.എ.ഇ ദിര്‍ഹത്തിന് ഈ വര്‍ഷം 26 രൂപ വരെ വിനിമയ നിരക്ക് ഉയരാമെന്നാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള നിരീക്ഷണങ്ങള്‍. ഈ വര്‍ഷം ഡോളറിന് 90 രൂപയാകുമെന്ന കണക്കുകൂട്ടലിലാണ് യു.എ.ഇയിലെ ഫിനാന്‍ഷ്യല്‍ ഗവേഷണ സ്ഥാപനങ്ങളുള്ളത്. നിലവില്‍ യു.എ.ഇ ദിര്‍ഹത്തിന്റെ രൂപയുമായുള്ള വിനിമയ നിരക്ക് 23.52 ആണ്. ഡോളര്‍ 90 രൂപക്ക് സമാനമായാല്‍ ഒരു ദിര്‍ഹം 26 രൂപക്ക് ഒപ്പമെത്തുമെന്ന് ദുബൈയിലെ ഗവേഷണ സ്ഥാപനമായ ഗവേക്കല്‍ റിസര്‍ച്ചിലെ ഉദിത് സിക്കന്ത്, ടോം മില്ല എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാകുന്നതു വരെ ദിര്‍ഹവുമായുള്ള വിനിമയ നിരക്ക് ഉയര്‍ന്ന് നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.
എന്‍.ആര്‍.ഐ വരുമാനത്തില്‍ വര്‍ധന
ശമ്പളം വര്‍ധിക്കാതെ തന്നെ പ്രവാസികളുടെ വരുമാനം വര്‍ധിക്കുന്ന അനുഭവമാണ് ഏറെ വര്‍ഷങ്ങളായുള്ളത്. ഇന്ത്യന്‍ രൂപയുടെ മൂല്യതകര്‍ച്ച കാരണം ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 25 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 2019 ജനുവരിയിലെ വിനിമയ നിരക്ക് 18.90 രൂപയായിരുന്നു. 15 വര്‍ഷം മുമ്പത്തെ നിരക്കില്‍ നിന്ന് 100 ശതമാനം ഉയര്‍ന്നാണ് ഇപ്പോള്‍ വിനിമയ നിരക്കുള്ളത്. 2010 ല്‍ ഒരു ദിര്‍ഹത്തിന്റ മൂല്യം 12 രൂപയായിരുന്നു. നിരക്കിലെ ഈ വ്യതിയാനം ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. 4,000 ദിര്‍ഹം ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശരാശരി 10,000 രൂപയിലേറെയാണ് മാസം തോറും അധികമായി ലഭിച്ചത്. കേരളത്തിലെ ബാങ്കുകളിലെത്തുന്ന പ്രവാസി നിക്ഷേപത്തില്‍ വര്‍ധനയുണ്ടാകുന്നതിനും വിനിമയ നിരക്കിലെ ഈ വ്യത്യാസം കാരണമാകുന്നുണ്ട്. അതേസമയം, ഇന്ത്യയിലെ പണപ്പെരുപ്പം മൂലം നാട്ടിലെ കുടുംബങ്ങളിലെ ചിലവുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. അധിക വരുമാനം നിക്ഷേപമാക്കി മാറ്റുന്നവരുമുണ്ട്.
അവസരം മുതലെടുക്കാം
ബുദ്ധിപൂര്‍വമായ ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലൂടെ ഇത്തരം സാമ്പത്തിക സാഹചര്യങ്ങളെ അനുകൂലമാക്കാമെന്നാണ് ഫിനാന്‍സ് മാനേജ്‌മെന്റ് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അധിക വരുമാനത്തിന്റെ ഒരു ഭാഗം ഭാവിയിലേക്കുള്ള നിക്ഷേപമാക്കി മാറ്റാവുന്നതാണ്. ഇക്കാര്യത്തില്‍ സിസ്റ്റമാറ്റിക് ഇന്‍വെന്‍സ്റ്റ് പ്ലാനുകളെ (എസ്‌ഐപി) പരമാവധി പ്രയോജനപ്പെടുത്തുകയാണ് അഭികാമ്യമെന്ന് മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും കോഴിക്കോട് അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സാരഥിയുമായ ഉത്തര രാമകൃഷ്ണന്‍ പറയുന്നു. ' വിനിമയ നിരക്കിലെ മാറ്റങ്ങള്‍ കൊണ്ട് വരുമാനം കൂടുമ്പോള്‍ എസ്‌ഐപി തുക വര്‍ധിപ്പിക്കാന്‍ വിദേശ മലയാളികള്‍ക്ക് കഴിയും. വിനിമയ നിരക്ക് കുറയുമ്പോള്‍ എസ്‌ഐപി വിഹിതം കുറക്കാനുമാകും. ഇത്തരം പ്ലാനുകളുടെ വഴക്കം വ്യത്യസ്ത സാമ്പത്തിക സാഹചര്യങ്ങളില്‍ അനുകൂല ഘടകമാണ്'. ഉത്തര രാമകൃഷ്ണന്‍ പറയുന്നു.
റിട്ടയര്‍മെന്റ് സമയം കൂടി മുന്നില്‍ കണ്ടുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇത്തരം സാമ്പത്തിക അവസരങ്ങളെ ഉപയോഗപ്പെടുത്താമെന്ന് തിരുവനന്തപുരത്തെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ ജെ.ഡി വെല്‍ത്തിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ധന്യ വി.ആര്‍ ചൂണ്ടിക്കാട്ടുന്നു. ' വിദേശ മലയാളികളെ സംബന്ധിച്ച് റിട്ടയര്‍മെന്റ് പ്ലാനുകള്‍ ഗുണകരമാണ്. വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ ഇത്തരം പ്ലാനുകള്‍ ലഭ്യമാണ്. ഒരോരുത്തര്‍ക്കും വരുമാനത്തിന്റെ തോത് അനുസരിച്ചുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. അതോടൊപ്പം, ഡോളറില്‍ നിക്ഷേപം നടത്താവുന്ന ഗിഫ്റ്റ് സിറ്റി ഇന്‍വെസ്റ്റ്‌മെന്റുകള്‍ പോലുള്ള പ്ലാനുകളും ഗുണകരമാകും. നികുതി ബാധകമല്ലാത്ത, സെബിയുടെ അംഗീകാരമുള്ള ഹൈ എന്‍ഡ് പ്ലാനുകളാണിത്.'' ധന്യ ചൂണ്ടിക്കാട്ടുന്നു.