Begin typing your search above and press return to search.
ഇന്ത്യക്കാര്‍ മതിയായ റിട്ടയര്‍മെന്റ് നിക്ഷേപം നടത്തുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്
റിട്ടയര്‍മെന്റ് കാലയളവിലേക്ക് ആവശ്യത്തിന് നിക്ഷേപം നടത്താത്തവരാണ് ഇന്ത്യക്കാരില്‍ കൂടുതലെന്നും സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യക്കാരില്‍ 50 ന് മുകളില്‍ പ്രായമുള്ള പത്തില്‍ എട്ടു പേരും നേരത്തേ റിട്ടയര്‍മെന്റ് നിക്ഷേപങ്ങള്‍ നടത്താത്തതില്‍ കുറ്റബോധമുള്ളവരാണെന്ന് മാക്‌സ് ലൈഫ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ നഗരങ്ങളിലെ ആളുകളുടെ റിട്ടയര്‍മെന്റിനുള്ള തയാറെടുപ്പുകളെ കുറിച്ചാണ് ഇന്ത്യ റിട്ടയര്‍മെന്റ് ഇന്‍ഡക്‌സ് സ്റ്റഡി എന്ന പേരില്‍ മാക്‌സ് ലൈഫ് സര്‍വേ നടത്തിയത്.
28 നഗരങ്ങളില്‍ നിന്നുള്ള 1800 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. നഗരങ്ങളില്‍ താമസിക്കുന്ന 10 ല്‍ 9 പേരും റിട്ടയര്‍മെന്റ് കാലത്തേക്ക് ആവശ്യത്തിന് നിക്ഷേപം നടത്തിയില്ലെന്ന ആശങ്ക പങ്കുവെച്ചു.
കേവലം 24 ശതമാനം പേര്‍ മാത്രമാണ് റിട്ടയര്‍മെന്റ് ആവശ്യത്തിനായി നിക്ഷേപം നടത്തിയിട്ടുള്ളത്. കുട്ടികളെ ആശ്രയിക്കുന്നത്, കുടൂംബ സ്വത്ത്, പിന്നത്തേക്ക് മാറ്റിവെക്കല്‍ തുടങ്ങിയവയാണ് റിട്ടയര്‍മെന്റ് നിക്ഷേപം നടത്തുന്നതിനുള്ള പ്രധാന തടസ്സങ്ങളായത്.
നിലവിലുള്ള സമ്പാദ്യം റിട്ടയര്‍മെന്റ് കഴിഞ്ഞ് പത്തു വര്‍ഷത്തിനുള്ളില്‍ തീരുമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതി പേരും പറഞ്ഞു. നാലില്‍ ഒരാള്‍ റിട്ടയര്‍മെന്റിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. അതേസമയം സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേരും ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെയാണ് ഏറ്റവും മികച്ച റിട്ടയര്‍മെന്റ് സമ്പാദ്യമായി കരുതുന്നത്.
45 പേരും വിശ്വസിക്കുന്നത് പ്രായമായാല്‍ മക്കള്‍ അവരെ സംരക്ഷിക്കുമെന്നാണ്. 36 ശതമാനം പേരും ആവശ്യത്തിന് കുടുംബ സ്വത്തോ മറ്റു വരുമാന മാര്‍ഗങ്ങളോ ഉണ്ടെന്ന് പറയുന്നു. 23 ശതമാനം പേര്‍ പറയുന്നത് തങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ്.
സര്‍വേയില്‍ പങ്കെടുത്ത 56-60 വയസ്സുള്ള 320 പേരില്‍ 68 ശതമാനം പേരും 40 വയസ്സിന് മുമ്പ് റിട്ടയര്‍മെന്റ് ആസൂത്രണം തുടങ്ങിയവരാണ്. എന്നാല്‍ ഇവരില്‍ 55 ശതമാനം പേര്‍ മാത്രമാണ് മികച്ച റിട്ടയര്‍മെന്റ് സമ്പാദ്യം ഉള്ളതായി കരുതുന്നത്. എന്നാല്‍ 33 ശതമാനം പേര്‍ റിട്ടയര്‍മെന്റിന് ശേഷവും കഴിയാനുള്ള സമ്പാദ്യം ഉണ്ടെന്ന് കരുതുന്നവരാണ്.
Next Story