
ഒരു വാഹനത്തിന് ഇന്‍ഷുറന്‍സ് എടുക്കുന്നതു പോലെ ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നത് അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സിച്ച് കടം കേറാതിരിക്കാന്‍ ഓരോ വ്യക്തിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നുമുണ്ട്. നിലവിലെ ആനുകൂല്യങ്ങളില്‍ യാതൊരു കുറവും വരുത്താതെ തന്നെ നിങ്ങളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ് നേടാന്‍ സഹായിക്കുന്ന ഏഴ് വഴികള്‍ നോക്കാം.
ഒരു കമ്പനിയില്‍ നിന്ന് ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് അതേ കമ്പനിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടാണിത്. സാധാരണയായി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇത്തരം ഡിസ്‌കൗണ്ടുകള്‍ നല്‍കാറുള്ളത്. നിലവിലെ ഉപഭോക്താക്കളെ തങ്ങളുടെ ഇക്കോസിസ്റ്റത്തില്‍ തന്നെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പല കമ്പനികളും ഈ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഉദാ: നിങ്ങളുടെ വാഹനത്തിന് ഒരു കമ്പനിയുടെ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍, അതേ കമ്പനിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഒരു ലോയല്‍റ്റി കസ്റ്റമര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത ശതമാനം ഡിസ്‌കൗണ്ട് ലഭിച്ചേക്കാം.
നെറ്റ്‌വര്‍ക്ക് ഡിസ്‌കൗണ്ട് എന്നത് പോളിസിയുടെ പ്രീമിയത്തില്‍ നേരിട്ട് ലഭിക്കുന്ന ഒരു ഡിസ്‌കൗണ്ടല്ല. എന്നാല്‍, മറ്റു വഴികളിലൂടെ സാമ്പത്തികമായി ലാഭം നേടാന്‍ ഇത് സഹായിക്കും. പല ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ജിം നെറ്റ്‌വര്‍ക്കുകള്‍, ഫാര്‍മസികള്‍, ഡയഗ്‌ണോസിസ് ലാബുകള്‍ തുടങ്ങിയവയുമായി കോര്‍പ്പറേറ്റ് പങ്കാളിത്തമുണ്ടാകും. ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉപഭോക്താവിന് അവരുടെ പങ്കാളിത്തമുള്ള മറ്റ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഇളവുകളാണ് നെറ്റ്‌വര്‍ക്ക് ഡിസ്‌കൗണ്ട്. ഉദാ: ജിമ്മിലെ മെമ്പര്‍ഷിപ്പിന് 3,000 രൂപ നല്‍കേണ്ടതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ്‌വര്‍ക്ക് ഡിസ്‌കൗണ്ടിലൂടെ 2,000 രൂപ ലാഭിക്കാന്‍ സാധിച്ചു. ഈ ഡിസ്‌കൗണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവുണ്ടാക്കുന്നില്ലെങ്കിലും നമ്മുടെ കീശയ്ക്ക് ആശ്വാസം നല്‍കാറുണ്ട്.
പോളിസി ഉടമകളുടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന ഒരു ഡിസ്‌കൗണ്ടാണിത്. ചിട്ടയായി വ്യായാമം ചെയ്യുന്നവര്‍ക്ക് അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്. അതുവഴി ക്ലെയിം നിരക്ക് കുറയുകയും ചെയ്യുമെന്ന് ചില ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിലയിരുത്തുന്നുണ്ട്. പല കമ്പനികളും തങ്ങളുടെ ആപ്പുകള്‍ വഴി ഉപഭോക്താക്കളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അതിനനുസരിച്ച് പോയിന്റുകള്‍ നല്‍കുകയും ചെയ്യുന്നു. പോളിസി പുതുക്കുന്ന സമയത്ത് ആ പോയിന്റുകള്‍ ഉപയോഗിച്ച് പ്രീമിയത്തില്‍ ഗണ്യമായ ഇളവ് നേടാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം 20,000 രൂപ പ്രീമിയം അടച്ചിരുന്ന ഒരാള്‍ക്ക് വെല്‍നസ്ഡിസ്‌കൗണ്ട് ലഭിച്ചതിനാല്‍ ഈവര്‍ഷം 16,000 രൂപ മാത്രം അടച്ച് പോളിസി പുതുക്കാന്‍ സാധിച്ചു. ആരോഗ്യമുള്ള ഒരു സമൂഹത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിലൂടെ സൃഷ്ടിക്കാന്‍ ചില കമ്പനികളെങ്കിലും ശ്രമിക്കുന്നുണ്ട്.
വനിതകളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അവബോധം വളര്‍ത്തുന്നതിനും സ്ത്രീ കേന്ദ്രീകൃത പ്ലാനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്‍കുന്ന ഒരു ഡിസ്‌കൗണ്ടാണിത്. സ്ത്രീകള്‍ക്കായി മാത്രം എടുക്കാന്‍ സാധിക്കുന്ന ചില പോളിസികളിലും പെണ്‍ കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്കും ഇത് ലഭ്യമായേക്കാം. ചില പ്ലാനുകളില്‍, പോളിസിയുടെ പ്രൊപ്പോസറും സ്ത്രീയായിരിക്കണമെന്ന നിബന്ധനയുണ്ട്.
ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യമാണിത്. കുടുംബത്തിലെ എല്ലാവരും ഇന്‍ഷുര്‍ ചെയ്ത തുക പങ്കുവെയ്ക്കുന്നതിലൂടെയാണ് ഈ ഡിസ്‌കൗണ്ട് ലഭ്യമാവുന്നത്. ഉദാ: ഒരേ പ്രായമുള്ള ദമ്പതികള്‍ക്ക് രണ്ട് വ്യക്തിഗത പോളിസികള്‍ക്കായി 10,000 രൂപ വീതം മൊത്തത്തില്‍ 20,000 രൂപ അടയ്ക്കേണ്ടിവരുമ്പോള്‍, ഒരു ഫ്ളോട്ടര്‍ പോളിസിയായി എടുത്താല്‍ 15,000 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. രണ്ടാമത്തെ അംഗത്തിന് ഏകദേശം 50 ശതമാനം ഫ്ളോട്ടര്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതിലൂടെയാണ് ഇത് സാധ്യമാവുന്നത്. ഫ്ളോട്ടര്‍ പോളിസിയായതിനാല്‍, കുടുംബത്തിലെ ഒരംഗത്തിന് മാത്രമായും ഇന്‍ഷുര്‍ ചെയ്ത തുക മുഴുവനും ഉപയോഗിക്കാവുന്നതാണ്.
ചില ഫ്ളോട്ടര്‍ പ്ലാനുകളില്‍ ഒരംഗം മുഴുവന്‍ തുകയും ഉപയോഗിച്ച് കഴിഞ്ഞാലും മറ്റൊരു അംഗത്തിന് ആശുപത്രി വാസം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക വീണ്ടും ലഭിക്കുമെന്ന സവിശേഷതയുമുണ്ട്.
ഓരോ വര്‍ഷത്തേക്കാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം സാധാരണ അടയ്ക്കാറുള്ളത്. ഉപഭോക്താവ് കുറച്ച് വര്‍ഷത്തെ പ്രീമിയം ഒരുമിച്ച് ആദ്യമേ അടയ്ക്കുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടാണ് ലോംഗ് ടേം ഡിസ്‌കൗണ്ട്. ചില കമ്പനികള്‍ മൂന്ന് വര്‍ഷം വരെയും മറ്റു ചിലര്‍ അഞ്ച് വര്‍ഷം വരെയും പ്രീമിയം മുന്‍കൂട്ടി അടയ്ക്കാന്‍ അനുവദിക്കാറുണ്ട്. അതനുസരിച്ചുള്ള ഡിസ്‌കൗണ്ടും ഉപഭോക്താവിന് ലഭിക്കും.
മെച്ചപ്പെട്ട ആരോഗ്യ നിലവാരം കാത്തുസൂക്ഷിക്കുന്നവരെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്ക് ആകര്‍ഷിക്കുന്നതിനായി ചില കമ്പനികള്‍ നല്‍കുന്ന ഡിസ്‌കൗണ്ടാണിത്. ആരോഗ്യകരമായ BMI (Body Mass Index), നിയന്ത്രിതമായ ഷുഗര്‍ നിലവാരം, ശരിയായ രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ക്ക് ഈ ഡിസ്‌കൗണ്ട് ലഭിക്കും. അതുപോലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആശുപത്രിയില്‍ അഡ്മിറ്റ് ആകാത്തവര്‍ക്കും ഈ ഡിസ്‌കൗണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
(ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രയോജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഡിസ്‌കൗണ്ട് രീതികള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.)
(ZOHAR WEALTH ന്റെ സിഇഒയും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് & വെല്‍ത്ത് മാനേജ്‌മെന്റ് വിദഗ്ധനുമാണ് ലേഖകന്‍. വാട്‌സ്ആപ്പ്: 94972 27777)
(Originally published in Dhanam Magazine 30 June 2025 issue.)