ലോക്ക് ഡൗണില്‍ ഓടാത്ത കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കണോ? ഇതാ ചില കാരണങ്ങള്‍...
ലോക്ക് ഡൗണ്‍ നമ്മുടെ യാത്രകളിലെ സ്വാതന്ത്ര്യം കൂടിയാണ് ഇല്ലാതാക്കിയത്. ഇടയ്ക്കിടെയുള്ള ഔട്ട് ഡോര്‍ ഷോപ്പിംഗടക്കം എല്ലാം ഇല്ലാതായി. രണ്ടു മാസത്തിലേറെയായി കാര്‍ വീട്ടില്‍ നിന്ന് പുറത്തിറക്കാത്തവരുണ്ട്. അതല്ലെങ്കില്‍ തൊട്ടടുത്തേക്ക് പോകാന്‍ മാത്രമായി വാഹനമെടുക്കുന്നവര്‍. അവരുടെ ചിന്ത നിര്‍ത്തിയിടുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി ലോക്ക് ഡൗണ്‍ കഴിഞ്ഞ പുതുക്കിയാല്‍ പോരേ എന്നാണ്. പോളിസി കാലാവധി കഴിഞ്ഞാലും ലോക്ക് ഡൗണൊക്കെ കഴിയട്ടെ പുതുക്കാനെന്നാണ് അവരുടെ ചിന്താഗതി. എന്നാല്‍ നിര്‍ത്തിയിടുമ്പോള്‍ പോലും നിങ്ങളുടെ വാഹനത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാവുന്ന തരത്തിലുള്ള കേടുപാടുകളുണ്ടാകാം. മാത്രമല്ല, പോളിസി പുതുക്കാന്‍ വൈകുന്നത് ധനനഷ്ടവും ഉണ്ടാക്കും.
പോളിസി യഥാസമയം തന്നെ പുതുക്കേണ്ടതിന്റെ കാരണങ്ങളിതാ...
1. നോ ക്ലെയിം ബോണസ് നഷ്ടപ്പെടും
പോളിസി കാലയളവില്‍ ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷം ലഭിക്കുന്ന ഇളവാണ് നോ ക്ലെയിം ബോണസ്. ഇങ്ങനെ 20 ശതമാനം വരെ പ്രീമിയത്തില്‍ ഇളവ് ലഭിക്കാറുണ്ട്. തുടര്‍ച്ചയായ അഞ്ചു വര്‍ഷ കാലാവധിയില്‍ പരമാവധി 50 ശതാനം വരെ നോ ക്ലെയിം ബോണസ് ലഭിച്ചേക്കാം. എന്നാല്‍ പോളിസി പുതുക്കാതിരുന്നാല്‍ അതിന്റെ തുടര്‍ച്ച നഷ്ടപ്പെടുകയും നോ ക്ലെയിം ബോണസ് നഷ്ടപ്പെടുകയും ചെയ്യും.
2. പ്രകൃതി ക്ഷോഭം
പ്രകൃതി ക്ഷോഭം എപ്പോള്‍ വേണമെങ്കിലും വരാം. പ്രളയമോ കൊടുങ്കാറ്റോ, ഭൂമി കുലുക്കമോ, മണ്ണിടിച്ചിലോ, തീപ്പിടുത്തമോ തുടങ്ങിയവയ്ക്ക് ലോക്ക് ഡൗണ്‍ വിഘാതമാകില്ല. ലോക്ക് ഡൗണിനിടെ വീശിയ ആംപുന്‍ ചുഴലിക്കാറ്റു തന്നെ ഉദാഹരണം. കാറ്റില്‍ മരച്ചില്ല ഒടിഞ്ഞ് വീഴുന്നതടക്കം ക്ലെയിം ചെയ്യാവുന്ന കാര്യങ്ങളാണ്. പോളിസി യഥാസമയം പുതുക്കിയില്ലെങ്കില്‍ നഷ്ടം സ്വയം വഹിക്കേണ്ടി വരും.
3. അന്തരീക്ഷ വ്യതിയാനം
അന്തരീക്ഷത്തില്‍ കടുത്ത ചൂട് ഉണ്ടാകുന്നതടക്കമുള്ള കാര്യങ്ങള്‍ കാറിന് കേടുപാട് വരുത്താം. മഴയത്തും ഇത്തരത്തില്‍ കാറിന് ഹാനകരമാകുന്ന കാര്യങ്ങള്‍ സംഭവിക്കാം. പൊടി തട്ടാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ കാറിനു മുകളിലിടുന്നതിലൂടെ ചിലപ്പോള്‍ ചൂട് വര്‍ധിച്ച് കാറിന്റെ പെയ്ന്റ് കേടു വരാനോ അതല്ലെങ്കില്‍ അകത്തെ ലതര്‍ സീറ്റുകളും മറ്റും നശിക്കാനോ കാരണമാകും. പോളിസി നിലവിലുണ്ടെങ്കില്‍ നിങ്ങളുടെ പണം നഷ്ടപ്പെടാതെയിരിക്കും.
4. കൂടുതല്‍ ചെലവിടേണ്ടി വരും
പോളിസിയുടെ കാലവധി നഷ്ടപ്പെട്ട് മുപ്പത് ദിവസം കഴിഞ്ഞാല്‍ പോളിസി പുതുക്കാന്‍ ഇന്‍ഷുറന്‍സ് ഓഫീസില്‍ വാഹനവുമായി പോകേണ്ടി വരും. അത് സമയ നഷ്ടവും പണ നഷ്ടവും ഉണ്ടാക്കും. മാത്രമല്ല, ചിലപ്പോള്‍ പുതുക്കാത്ത കാലയളവിലെ പണം കൂടി അടക്കേണ്ടിയും വരും.
ഓണ്‍ലൈനായി പുതുക്കാം
ലോക്ക് ഡൗണായതു കാരണമാണ് പുതുക്കാന്‍ വൈകുന്നത് എന്ന ന്യായീകരണത്തിന് പ്രസക്തിയില്ല. ഇന്ന് ഓണ്‍ലൈനായി എളുപ്പത്തില്‍ പോളിസി പുതുക്കാന്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും സൗകര്യമൊരുക്കുന്നുണ്ട്. അതാത് കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ കയറി വിശദവിവരങ്ങള്‍ നല്‍കി, പണമടച്ച് പുതുക്കാവുന്നതാണ്. കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ള പുതുക്കുന്നവര്‍ക്ക് മാത്രമേ ഇത് സാധ്യമാകൂ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline