ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ മാറ്റങ്ങള്‍ വരുന്നു

പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ നയത്തിലും നടത്തിപ്പിലും വരുത്തേണ്ട മൂന്നു മാറ്റങ്ങളാണ് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വരും.

മാറ്റങ്ങള്‍ ഇവയാണ്.

1. പോളിസിയുടമകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന തരത്തില്‍ പോളിസി സംബന്ധിച്ച വിവരങ്ങള്‍ ക്രമീകരിക്കുക. പോളിസിയെ കുറിച്ച് വ്യക്തമായി മനസ്സിലാകാനും ഓരോ കമ്പനികളും നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ താരതമ്യം ചെയ്യാനും ഇതിലൂടെ ഉപഭോക്താവിന് എളുപ്പത്തില്‍ കഴിയും.

2. ടെലിമെഡിസിന് കൂടി ഇന്‍ഷുറന്‍സ് കവറേജ് നല്‍കുക. സാമൂഹ്യ അകലം പാലിക്കേണ്ട സമയമായതിനാല്‍ നിര്‍ദ്ദേശത്തിന് പ്രാധാന്യം ഏറെയാണ്.

3. കൂടുതല്‍ യുക്തിസഹവും ഉപഭോക്തൃ സൗഹൃദപരവുമായി ക്ലെയിം കിഴിവുകള്‍ നല്‍കുക.
പുതിയ പോളിസിയെടുക്കുന്നവര്‍ക്ക് 2020 ഒക്ടോബര്‍ ഒന്നുമുതലും പഴയത് പുതുക്കുമ്പോള്‍ 2021 ഏപ്രില്‍ ഒന്നു മുതലുമാണ് ഇത് പ്രാബല്യത്തില്‍ വരിക. ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്ന, എളുപ്പം മനസ്സിലാവുന്ന ഭാഷയിലായിരിക്കണം കമ്പനികള്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് നല്‍കേണ്ടത്.

മാര്‍ച്ച് 2020ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ടെലിമെഡിസിന്‍ ഉപയോഗിച്ച് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കണമെന്ന് രാജ്യത്തെ മെഡിക്കല്‍ പ്രാക്ട്രീഷണേഴ്‌സിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ടെലിമെഡിസിന്‍ കൂടി ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുത്തണമെന്ന് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പലപ്പോഴും പോളിസി പ്രകാരം ലഭിക്കുന്ന തുകയിലും ഉയര്‍ന്ന തുകയ്ക്കുള്ള മുറി ഹോസ്പിറ്റലില്‍ എടുക്കേണ്ടി വരുമ്പോള്‍ കൂടുതലായി വരുന്ന തുകയ്ക്ക് ആനുപാതികമായി മൊത്തം ക്ലെയിമില്‍ നിന്ന് കുറയ്ക്കുന്ന പതിവുണ്ട്. ഇതില്‍ കിഴിവ് നല്‍കണമെന്ന നിര്‍ദ്ദേശം പോളിസിയുടമയ്ക്ക് നേട്ടമാകും. ഉദാഹരണത്തിന്, അഞ്ചു ലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന പോളിസി പ്രകാരം ആ തുകയുടെ ഒരു ശതമാനമാണ് മുറി വാടകയായി അനുവദിക്കാറ്. ഇതു പ്രകാരം പ്രതിദിനം 5000 രൂപ വാടകയുള്ള മുറി തെരഞ്ഞെടുക്കാം.

എന്നാല്‍ 7000 രൂപ വാടകയുള്ള മുറി തെരഞ്ഞെടുക്കുകയാണെങ്കില്‍ (പോളിസി വാഗ്ദാനം ചെയ്തതിലും 40 ശതമാനം കൂടതല്‍) മുറിവാടക ഇനത്തില്‍ മാത്രമല്ല മൊത്തം ക്ലെയിമില്‍ നിന്നും കൂടുതലായി വരുന്ന 40 ശതമാനം കുറവ് വരുത്തും. ഇത് ചെറുക്കാനായി മറ്റു ചെലവുകള്‍ പെരുപ്പിച്ചുള്ള ബില്ല് ആശുപത്രികള്‍ നല്‍കുകയാണ് ചെയ്യുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it