ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാന്‍ അനുമതി

ലോക്ഡൗണ്‍ കാലയളവില്‍ കാലാവധി എത്തിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിന് പോളിസി ഉടമകള്‍ക്കു സാവകാശം അനുവദിച്ചതിനു പുറമേ, പ്രീമിയം തവണകളായി അടയ്ക്കാനും അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികളോടു നിര്‍ദ്ദേശിച്ചു.വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ പ്രതിമാസ, ത്രൈമാസ അല്ലെങ്കില്‍ അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ അടയ്ക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ നടപടി.

ലോക്ഡൗണ്‍ മൂലമുള്ള ദ്രവ്യത പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇര്‍ഡായ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.2021 മാര്‍ച്ച് 31 വരെ പുതുക്കേണ്ട എല്ലാ ആരോഗ്യ പോളിസി ഉടമകള്‍ക്കും ഇതിനുള്ള അവസരം ഓണ്‍ലൈന്‍ ടച്ച് പോയിന്റുകള്‍ ഉപയോഗിച്ച് ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ടും കത്തെഴുതിയും കമ്പനികള്‍ നല്‍കണം.

ഏപ്രില്‍ 2ന് ഇറങ്ങിയ ഉത്തരവ് പ്രകാരം, മാര്‍ച്ച് 25നും ഏപ്രില്‍ 14നുമിടയില്‍ കാലാവധി എത്തിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിന് ഏപ്രില്‍ 21 വരെ സാവകാശം നല്‍കിയിരുന്നു.തുടര്‍ന്ന് ഏപ്രില്‍ 16നു പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മാര്‍ച്ച് 25 മുതല്‍ മേയ് 3 വരെയുള്ള കാലയളവില്‍ പോളിസികള്‍ പുതുക്കേണ്ടിയിരുന്നവര്‍ക്ക് പ്രീമിയം അടയ്ക്കാന്‍ മേയ് 15വരെ സാവകാശമുണ്ട്.

കൊറോണ ബാധ മൂലമുണ്ടാകുന്ന ക്ലെയിമുകള്‍ നിലവിലുള്ള ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളിലെല്ലാം ഉറപ്പായും അംഗീകരിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സമയബന്ധിതമായി ക്ലെയിമുകള്‍ അനുവദിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സമയനഷ്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

ഒന്നോ രണ്ടോ വര്‍ഷത്തെ കാലാവധിക്കുള്ളതാണ് മിക്ക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളും. പോളിസി കാലാവധിയെത്തും മുന്‍പ് പ്രീമിയം അടച്ച് പുതുക്കാതിരുന്നാല്‍ പോളിസികള്‍ ലാപ്‌സാകും. കാലാവധിക്കു ശേഷമാണ് പ്രീമിയം അടച്ച് പോളിസി പുതുക്കുന്നതെങ്കില്‍ പുതിയ പോളിസിയായാണ് കണക്കാക്കുക. കാത്തിരിപ്പ് കാലാവധി വേണ്ടുന്ന അസുഖങ്ങള്‍ക്കും മറ്റും ആനുകൂല്യം ലഭിക്കാന്‍ ഇത്തരത്തില്‍ പോളിസി മുറിഞ്ഞുപോയാല്‍ സാധിക്കില്ല.പക്ഷേ, ഇര്‍ഡായ് ഇടപെട്ടതു മൂലം ലോക്ഡൗണ്‍ കാലത്ത്് അനുവദിച്ചിട്ടുള്ള തീയതി വരെ പോളിസി പുതുക്കുമ്പോള്‍ പരിരക്ഷ ഇടവേളയില്ലാതെ തുടര്‍ന്നും ലഭിക്കും. ഇതിനിടയിലുണ്ടാകുന്ന ക്ലെയിമുകളും അംഗീകരിച്ച് അനുവദിക്കും.

മാര്‍ച്ച് 25 നും മേയ് 3നുമിടയില്‍ പുതുക്കേണ്ടിയിരുന്ന വാഹന തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനും മേയ് 15 വരെ സാവകാശം അനുവദിച്ചിരുന്നു. ഇപ്രകാരം സാവകാശമെടുത്ത് പുതുക്കുന്ന പോളിസികളിലും അനുവാദം നല്‍കിയിട്ടുള്ള തീയതിക്കുള്ളില്‍ ഉണ്ടാകുന്ന ക്ലെയിമുകള്‍ അനുവദിക്കും. മേയ് 15 നു മുമ്പ് എപ്പോള്‍ പ്രീമിയം അടച്ചാലും പോളിസി കാലാവധിയെത്തിയ തീയതിക്കു തന്നെ പുതുക്കിയതായി പരിഗണിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ മാസം തോറുമോ മൂന്നു മാസം കൂടുമ്പോഴോ അര്‍ദ്ധ വാര്‍ഷികമായോ ഉള്ള ഇടവേളകളിലാണ് പ്രീമിയം അടയ്‌ക്കേണ്ടി വരുന്നത്. സാധാരണ നിലയില്‍ തന്നെ മൂന്നു മാസത്തില്‍ കൂടിയ ഇടവേളകളില്‍ പ്രീമിയം അടയ്ക്കുമ്പോള്‍ 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കുന്നുണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അടയ്‌ക്കേണ്ട പ്രീമിയത്തിന് സാധാരണ ലഭ്യമായ ഗ്രേസ് പിരീഡിനു പുറമെ 30 ദിവസം കൂടി അധിക സാവകാശം അനുവദിച്ചിരുന്നു. ടേം ലൈഫ് ഇന്‍ഷുറന്‍സ് വാര്‍ഷിക വാര്‍ഷിക പോളിസികള്‍ പുതുക്കുന്നതിനും ദീര്‍ഘിപ്പിച്ച 30 ദിവസത്തെ സാവകാശത്തിന് അര്‍ഹതയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it